ബിരിയാണി വിറ്റ പണം മുക്കി; ഹൈദരാബാദിൽ വൻ നികുതി വെട്ടിപ്പ്, ബില്ലിംഗ് തട്ടിപ്പിലൂടെ മറച്ചത് കോടികൾ

ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ ബിരിയാണി ശൃംഖലകൾ കേന്ദ്രീകരിച്ച് ഹൈദരാബാദിൽ വൻ നികുതി വെട്ടിപ്പ് പുറത്തുകൊണ്ടുവന്നു. പിസ്ത ഹൗസ്, ഷാ ഘൗസ്, മെഹ്ഫിൽ തുടങ്ങിയ പ്രമുഖ ഹോട്ടൽ ഗ്രൂപ്പുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
ബില്ലിംഗ് സോഫ്റ്റ്‌വെയറുകളിൽ കൃത്രിമം കാട്ടി ഏകദേശം 600 കോടിയിലധികം രൂപയുടെ വിറ്റുവരവ് ഈ സ്ഥാപനങ്ങൾ മറച്ചുവെച്ചതായാണ് പ്രാഥമിക കണ്ടെത്തൽ. ഇതിലൂടെ മാത്രം സർക്കാരിന് ലഭിക്കേണ്ട നൂറുകണക്കിന് കോടി രൂപയുടെ നികുതിയാണ് നഷ്ടമായത്.
ഡിജിറ്റൽ ഇടപാടുകളിലും പണം നേരിട്ടുള്ള കൈമാറ്റത്തിലും ഒരേപോലെ തട്ടിപ്പ് നടന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പേരിൽ വ്യാജ യുപിഐ ഐഡികൾ നിർമ്മിച്ചാണ് പണം ശേഖരിച്ചിരുന്നത്.
ഓരോ നിലകളിലെയും കൗണ്ടറുകളിൽ വ്യത്യസ്ത ജീവനക്കാരുടെ ക്യുആർ കോഡുകൾ നൽകി പണം നേരിട്ട് ഉടമകളുടെ അക്കൗണ്ടിലേക്ക് എത്താതിരിക്കാൻ മുൻകരുതൽ എടുത്തിരുന്നു. ഓരോ രണ്ട് മാസം കൂടുമ്പോഴും ഇത്തരം അക്കൗണ്ടുകൾ മാറ്റിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു.
ബില്ലിംഗ് സോഫ്റ്റ്‌വെയറുകളിൽ കൃത്രിമം കാട്ടാൻ പ്രത്യേക ഐടി കമ്പനികളുടെ സഹായം തേടിയതായും കണ്ടെത്തിയിട്ടുണ്ട്. ദിവസേനയുള്ള വിറ്റുവരവ് കണക്കിൽ നിന്ന് വലിയൊരു ഭാഗം സോഫ്റ്റ്‌വെയറിലെ 'ഡിലീറ്റ്' കമാൻഡ് വഴി നീക്കം ചെയ്യുകയായിരുന്നു രീതി.
പരിശോധനയിൽ ആറ് കോടിയോളം രൂപയുടെ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. വിദേശ നിക്ഷേപങ്ങളും ബിനാമി സ്വത്തുക്കളും സംബന്ധിച്ച രേഖകളും ആദായനികുതി വകുപ്പ് പരിശോധിച്ചുവരികയാണ്. തട്ടിപ്പിന് സഹായം നൽകിയ സോഫ്റ്റ്‌വെയർ കമ്പനികൾക്കെതിരെയും നടപടി ഉണ്ടാകും.









0 comments