ചെന്നൈ വിമാനത്താവളത്തിൽ 23കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി മലയാളി യുവാക്കൾ പിടിയിൽ

ചെന്നൈ: തായ്‌ലൻഡിൽ നിന്നും എത്തിച്ച 23കോടി രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായിആറ് മലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. ഭക്ഷണപാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് ചെന്നൈ കസ്റ്റംസ് ആണ് പിടികൂടിയത്. രണ്ട് സംഘങ്ങളായി വ്യത്യസ്ത വിമാനങ്ങളിലായി എത്തിയ സംഘം ഐടി ജീവനക്കാരാണെന്നാണ് മൊഴി നൽകിയിരിക്കുന്നത്.
ബാങ്കോക്കിൽ നിന്നാണ് നാലുപേരടങ്ങുന്ന ആദ്യ സംഘം എത്തിയത്. വിനോദ സഞ്ചാരത്തിനായി തായ്‌ലൻഡിൽ പോയി മടങ്ങി വരുകയാണെന്നാണ് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ തായ്‌ലൻഡിൽ എത്തിയതിന്റെ പിറ്റേ ദിവസം തന്നെ തിരികെ നാട്ടിലേക്ക് തിരിച്ചതായി കണ്ടെത്തി.കസ്റ്റംസ് ഓഫീസിലെത്തിച്ച് വിശദമായി പരിശോധിക്കുകയായിരുന്നു.
ബാങ്കോക്കിൽ നിന്ന് പുലർച്ചെയോടെ എത്തിയ വിമാനത്തിലായിരുന്നു രണ്ടാമത്തെ സംഘം ഉണ്ടായിരുന്നത്. തായ്‌ലൻഡിൽ എത്തിയതിന് പിറ്റേദിവസം തന്നെ ഇവർ രണ്ടു പേരും നാട്ടിലേക്ക് തിരിച്ചതായി കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തു. ഇവരിൽ നിന്ന് 8കിലോ ഹൈഡ്രോപോണിക് കഞ്ചാവ് ആണ് പിടികൂടിയത്.
ആറുപേരും കേരളത്തിൽ നിന്നുള്ള ബിരുദധാരികളാണ്. വിദഗ്ധ സോഫ്റ്റ് വെയര്‍ എഞ്ചിനിയർമാരും ഇവരിൽ ഉണ്ടെന്ന് കസ്റ്റംസ് പറയുന്നു. പെട്ടെന്ന് പണം കണ്ടെത്താനുള്ള വഴിയായി ഇത് തിരഞ്ഞെടുക്കുകയായിരുന്നുവെന്നും പ്രതികൾ പറയുന്നു.










0 comments