യുപിയിൽ 'ജെൻ ആൽഫ' പ്രതിഷേധം; അടിസ്ഥാന സൗകര്യങ്ങൾക്കായി തെരുവിലിറങ്ങി സ്കൂൾ വിദ്യാർഥികൾ

സ്കൂളില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍
ഫത്തേപൂർ: സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്കൂളിൽ വിദ്യാർഥികളുടെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്കരിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചു. കിഷൻപൂർ ടൗണിലെ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന 'സർവോദയ ഇന്റർ കോളേജിലെ' വിദ്യാർത്ഥികളാണ് സമരവുമായി രംഗത്തിറങ്ങിയത്.
ഏകദേശം 1,800ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ കുടിവെള്ളം, വൃത്തിയുള്ള ശുചിമുറികൾ, വൈദ്യുതി, ഫാനുകൾ, ഡെസ്കുകൾ, ബെഞ്ചുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. സർക്കാർ നൽകിയിട്ടുള്ള മെനു അനുസരിച്ചല്ല സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.
മുൻപ് പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് കുട്ടികൾ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. ചൊവ്വാഴ്ച രാവിലെ സ്കൂൾ ഗേറ്റ് തുറന്നതിന് പിന്നാലെയായിരുന്നു പ്രതിഷേധത്തിന്റെ തുടക്കം. കനത്ത ചൂടുള്ള കാലാവസ്ഥയെ അവഗണിച്ച് മണിക്കൂറുകളോളം കുട്ടികൾ സമരരംഗത്ത് ഉറച്ചുനിന്നു.
ഡോ. ബി ആർ അംബേദ്കറുടെ ചിത്രങ്ങളും, "ക്രമീകരണങ്ങൾ മെച്ചപ്പെടുത്തൂ, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കൂ" എന്നെഴുതിയ പ്ലക്കാർഡുകളുമേന്തി വിദ്യാർഥികൾ മാർച്ച് നടത്തി. ക്രമസാധാന പാലനത്തിനായി സ്കൂൾ അധികൃതർ പോലീസിനെ വിളിച്ചുവരുത്തിയെങ്കിലും വിദ്യാർഥികൾ പിന്മാറാൻ തയ്യാറായില്ല.
പ്രതിഷേധം ശക്തമായതോടെ ജില്ലാ സ്കൂൾ ഇൻസ്പെക്ടർ രാകേഷ് കുമാറും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിദ്യാർഥികളുമായി ചർച്ച നടത്തി. ആവശ്യങ്ങളിൽ ഭൂരിഭാഗവും 24 മണിക്കൂറിനകം നടപ്പിലാക്കിത്തുടങ്ങുമെന്ന ഉദ്യോഗസ്ഥരുടെ രേഖാമൂലമുള്ള ഉറപ്പിന്മേലാണ് അഞ്ച് മണിക്കൂർ നീണ്ട ഉപരോധം ഉച്ചയോടെ അവസാനിച്ചത്.
ഓരോ ക്ലാസ് മുറിയിലും നാല് ഫാനുകൾ വീതം സ്ഥാപിക്കുക, കേടുവന്ന വയറിങ് അടിയന്തരമായി നന്നാക്കുക, കുടിവെള്ളത്തിനായി ആർ ഒ വാട്ടർ കൂളർ സ്ഥാപിക്കുക, ഒരു മാസത്തിനകം പുതിയ ബെഞ്ചുകളും ഡെസ്കുകളും ലഭ്യമാക്കുക, ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഭരണകൂടം അംഗീകരിച്ചു.
നഗീന മണ്ഡലത്തിലെ എംപിയും ആസാദ് സമാജ് പാർട്ടി അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദ് ഈ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വാർത്ത ദേശീയ ശ്രദ്ധ നേടിയത്. സ്കൂൾ അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും മാറ്റങ്ങളൊന്നും ഉണ്ടാകാത്തതിനാലാണ് കുട്ടികൾക്ക് തെരുവിലിറങ്ങേണ്ടി വന്നതെന്ന് ചന്ദ്രശേഖർ ആസാദ് കുറിച്ചു. "ജയ് ഭീം! ജയ് ജെൻ ആൽഫ!" എന്ന മുദ്രാവാക്യത്തോടെയാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ പലരും ഈ കുട്ടികളെ 'ജെൻ ആൽഫ സമരക്കാർ' എന്നാണ് വിശേഷിപ്പിച്ചത്. ഡൽഹിയിലെ ജന്തർ മന്തറിലെ യുവജന വിദ്യാർഥി പ്രക്ഷോഭങ്ങളുടെ അലയൊലികൾ ഉത്തർപ്രദേശിലേക്കും നീളുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.










0 comments