ad
Deshabhimani

തൂഫാനിൽ രാഷ്‌ട്രീയ ഇടപെടൽ; എംഡിഎംഎ പിടിച്ച കേസിൽ ഡോക്ടറെ സംരക്ഷിക്കുന്നു

drug smugglers caught
വെബ് ഡെസ്ക്

Published on Jul 29, 2026, 11:09 AM | 1 min read

തലശേരി : ​ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിൽനിന്ന്‌ എംഡിഎംഎ പിടിച്ച കേസിൽ പ്രതിയെ അറസ്‌റ്റ്‌ ചെയ്യാതെ വിട്ടതിന്‌ പിന്നിൽ ഉന്നതതല രാഷ്‌ട്രീയ ഇടപെടൽ. തിരുവങ്ങാട്‌ മൂന്നാംഗേറ്റിനടുത്ത കൃപയിൽ വാടകയ്‌ക്ക്‌ താമസിക്കുന്ന കൊല്ലം പള്ളിമൺ കൊട്ടറ മീയാന്നൂർ അഖിൽ നിവാസിൽ അഖിൽ സജി(29)യിൽനിന്നാണ്‌ തിങ്കൾ വൈകിട്ട്‌ എംഡിഎംഎ പിടിച്ചത്‌. നിയമവിരുദ്ധമായി സൂക്ഷിച്ച 0.326ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗ ഉപകരണങ്ങളും പിടിച്ചുവെന്നാണ്‌ എഫ്‌ഐആറിലുള്ളത്‌. ജാമ്യം ലഭിക്കാനായി അളവ്‌ കുറച്ചു കാണിച്ചോ എന്ന സംശയവും ബലപ്പെടുകയാണ്‌.


പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പോക്സോ കേസ് പ്രതിയെ ചോദ്യം ചെയ്തതിൽനിന്നാണ്‌ ഡോക്ടറെക്കുറിച്ചും വാടകവീട്ടിലെ ലഹരി ഉപയോഗത്തെക്കുറിച്ചും പൊലീസിന് സൂചന ലഭിക്കുന്നത്. തുടർന്ന് സിഐ പ്രജീഷ്, എസ്‌ഐ കെ അശ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ വീടിന്റെ പിൻഭാഗത്തുനിന്ന്‌ സിറിഞ്ചും മദ്യക്കുപ്പികളും കത്തിച്ചനിലയിൽ കണ്ടെത്തിയിരുന്നു.


തായ്‌ലൻഡിൽനിന്ന് ഇറക്കുമതി ചെയ്ത 'ജംഗിൾ ജ്യൂസ്' ബോട്ടിൽ, ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണമായ ബോങ്, ഒസിലേഷൻ പേപ്പർ, സിപ്പ് ലോക്ക് കവറുകൾ എന്നിവയും പൊലീസ് കണ്ടെടുത്തു. എംഡിഎംഎ ഡിസംബറിൽ ബംഗളൂരുവിൽനിന്ന്‌ കൊണ്ടുവന്നതാണെന്നാണ്‌ പൊലീസിനോട്‌ പറഞ്ഞത്‌.


കേസെടുത്ത പൊലീസ് പ്രതിക്ക് നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. പ്രതിയെ രക്ഷിക്കാനാണിതെന്ന ആരോപണം ശക്തമാണ്‌. സ്വന്തം ഉപയോഗത്തിനായുള്ള ലഹരിയാണെന്ന മൊഴിയിൽ കേസ് ലഘൂകരിക്കാൻ ശ്രമിക്കുന്ന പൊലീസ് പോക്‌സോ കേസ്‌ പ്രതിയുമായുള്ള ഡോക്ടറുടെ ബന്ധത്തെക്കുറിച്ചോ ലഹരി കൈമാറ്റത്തെക്കുറിച്ചോ വ്യക്തമായ മറുപടി നൽകുന്നില്ലെന്നും വിമർശനമുണ്ട്. ഡോക്ടറെ തസ്‌തികയിൽനിന്ന്‌ നീക്കിയതായി ആശുപത്രി മാനേജ്‌മെ്ന്റ്‌ അറിയിച്ചിട്ടുണ്ട്‌.

എന്താണ്‌ ജംഗിൾ ജ്യൂസ്‌


ആൽക്കഹോളിന്റെ ലഹരിമാറ്റാൻ ഉപയോഗിക്കുന്നതാണ്‌ ജംഗിൾ ജ്യൂസ്‌ എന്നാണ്‌ എഫ്‌ഐആറിൽ പറയുന്നത്‌. ഉയർന്ന അളവിൽ മദ്യവും ഫ്രൂട്ട് ജ്യൂസുകളും ഒന്നിച്ച് ചേർത്ത് പാർട്ടികളിൽ ഉണ്ടാക്കുന്ന മദ്യക്കൂട്ട് ആണ് ജംഗിൾ ജ്യൂസ് എന്ന് അറിയപ്പെടുന്നത്. മധുരം അടങ്ങിയിട്ടുള്ളതിനാൽ മദ്യത്തിന്റെ കടുപ്പം തിരിച്ചറിയാൻ സാധിക്കാതെ വരികയും, ഇത് അമിതമായി കുടിച്ച് ബോധരഹിതരാകാനും സാധ്യതയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home