പാലക്കാട് കാളവണ്ടിയോട്ടത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ

നെൽസൺ, ജെൻസൺ
പാലക്കാട് : കാളവണ്ടിയോട്ടത്തിന്റെ പരിശീലനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വടകരപ്പതി ആട്ടയാംപതി ലാലാക്കാട് കള്ളംപുളിയാർ വീട്ടിൽ നെൽസൺ (32), കെരാമ്പാറ എളയാട്ടുകളം കുഞ്ചാൻ വീട്ടിൽ ജെൻസൺ (29) എന്നിവരാണ് തിങ്കളാഴ്ച രാത്രി കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ചൊവ്വാഴ്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി.
ലാലാക്കാട് സ്വദേശി എസ് മുഹമ്മദ് ഷെഫീഖാണ് (24) കുത്തേറ്റ് മരിച്ചത്. സുഹൃത്തായ സിംസൺ മാർട്ടിൻ (17) ഗുരുതര പരിക്കുകളോടെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനി രാത്രി 10.30ന് വടകരപ്പതി ലാലാക്കാട്ടിലായിരുന്നു സംഭവം. നെൽസനും ജെൻസനും കാളവണ്ടിയിൽ പരിശീലനം നടത്തുന്നതിനിടെ ബൈക്കിലെത്തിയ ഷെഫീഖും സിംസണും വഴി നൽകിയിരുന്നില്ല. പിന്നാലെ ഹോൺ മുഴക്കുകയും ബൈക്കിന്റെ ആക്‌സിലറേറ്റർ കൂട്ടി ശബ്ദമുണ്ടാക്കി. ഇതോടെ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി.
തർക്കത്തിനിടെ വീട്ടിൽപ്പോയി കത്തിയുമായി തിരിച്ചെത്തിയ നെൽസൺ ഷെഫീഖിനെയും സിംസണെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പരിക്കേറ്റ ഇരുവരെയും കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒന്നോടെ ഷെഫീഖ് മരിച്ചു. ഒളിവിൽപ്പോയ പ്രതികൾക്കായി തമിഴ്നാട്ടിലും കർണാടകയിലും പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.










0 comments