ad
Deshabhimani

ലോക കടുവാദിനാചരണം; തേക്കടിയിൽ ഇക്കുറി ‘മംഗള’യില്ല

mangala tiger thekkady

മംഗള. ദേശാഭിമാനി ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Jul 29, 2026, 10:57 AM | 1 min read

കുമളി : 2021 മുതൽ എല്ലാ കടുവാദിനത്തിലും വാർത്താതാരമായിരുന്ന പെരിയാർ കടുവ സങ്കേതത്തിലെ ‘മംഗള’ ഇത്തവണ തേക്കടിയിലില്ല. 2020 നവംബർ 21 നാണ് രണ്ടുമാസം പ്രായമുള്ള പെൺകടുവാക്കുഞ്ഞിനെ പെരിയാർ കടുവാസങ്കേതത്തിൽ മംഗളാദേവി ക്ഷേത്രത്തിനു സമീപത്ത്നിന്ന് വാച്ചർമാർക്ക് ലഭിച്ചത്. മംഗളാദേവിയിൽനിന്നും ലഭിച്ചതിനാൽ കടുവാ കുഞ്ഞിന് ‘മംഗള’ എന്ന് പേരിട്ടു. ഇരപിടിക്കാനുള്ള പരിശീലനം നൽകിയശേഷം കടുവയെ 2021 ജൂലൈ 29ന് ലോക കടുവാദിനത്തിൽ വനത്തിലേക്ക് തുറന്ന് വിടാനായിരുന്നു പദ്ധതി. എന്നാൽ ലക്ഷ്യം വിജയിച്ചില്ല.


രണ്ടര കിലോമാത്രം ഭാരമുള്ള കടുവക്കുഞ്ഞിന് എഴുന്നേറ്റുനിൽക്കാനാവാതെ അവശതയിലായിരുന്നു. അമ്മയിൽനിന്ന് ഇരപിടിക്കാനുള്ളശേഷി ആർജിക്കാത്ത കടുവയ്ക്ക് പരിശീലനം നൽകാൻ നടത്തിയ ശ്രമവും വിജയിച്ചില്ല. മംഗളയ്ക്ക് തിമിരം ബാധിച്ച് 90 ശതമാനം കാഴ്ചശക്തിയും നഷ്ടപ്പെട്ടിരുന്നു.


ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർദ്ദേശത്തെതുടർന്ന് കൊക്കരയിലെ വനം ഓഫീസിലാണ് കുഞ്ഞു മംഗളയെ സംരക്ഷിച്ചിരുന്നത്. പ്രത്യേകം രൂപപ്പെടുത്തിയ കൂടിനുള്ളിൽ വിശാലമായ ഏരിയയിൽ കമ്പിവേലി കെട്ടിത്തിരിച്ചാണ് ആവാസവ്യവസ്ഥ ഒരുക്കിയത്. സംരക്ഷിക്കാൻ രണ്ടുവാച്ചർമാരും ഉണ്ടായിരുന്നു.


ഡോക്ടർമാരുടെ വിദഗ്ധ സംഘം നിർദേശിച്ചതനുസരിച്ച് 16,000 രൂപ മുടക്കി അമേരിക്കയിൽനിന്ന് ലാനോസ്റ്റെറോൾ എന്ന മരുന്ന് എത്തിച്ചു. മരുന്നിന്റെ ഉപയോഗശേഷം സ്വാഭാവികമായി തന്നെ മംഗള കാഴ്‌ച ശക്തി വീണ്ടെടുത്തു. ഇര പിടിക്കാനുള്ള ശേഷിയും മറ്റ് മൃഗങ്ങളെ തിരിച്ചറിയാനുള്ള കഴിവും ലഭിക്കാത്തതിനാൽ, മറ്റ് വന്യമൃഗങ്ങൾക്ക് ഇരയായി തീരാൻ സാധ്യതയുണ്ടെന്നായിരുന്നു പഠനങ്ങൾ സൂചിപ്പിച്ചത്. പിന്നീട് മംഗളയെ കഴിഞ്ഞ മെയിൽ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. മറ്റു സ്ഥലങ്ങളിൽ കടുവകളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞപ്പോഴും പെരിയാർ കടുവാ സങ്കേതത്തിൽ 2022 ൽ നടന്ന സെൻസസിൽ എണ്ണം വർധിച്ചു. നിലവിൽ 40-45 കടുവകളാണ് സങ്കേതത്തിലുള്ളത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home