'നിങ്ങളുടേത് ഞങ്ങൾ മറ്റെവിടെയെങ്കിലും ചെയ്തുതരാം: ആശുപത്രി വേണമെന്ന ആവശ്യത്തിന് എംഎൽഎയുടെ അശ്ലീല മറുപടി

ബംഗളൂരു: പ്രസവിക്കാൻ നല്ല ആശുപത്രി പോലുമില്ലാതെ നാട്ടിലെ സ്ത്രീകൾ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ വനിത മാധ്യമ പ്രവർത്തകയ്ക്ക് നേരെ അശ്ലീല പരാമർശവുമായി കോൺഗ്രസ് എംഎൽഎ. ജോയ്ഡയിൽ അടിയന്തരമായി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി വേണമെന്നും അതില്ലാത്തതിനാൽ ഗർഭിണികളടക്കം കഷ്ടപ്പെടുകയാണെന്നുമാണ് മാധ്യമ പ്രവർത്തക ചൂണ്ടിക്കാട്ടിയത്.
'നിങ്ങളുടേത് ഞങ്ങൾ മറ്റെവിടെയെങ്കിലും ചെയ്തുതരാം' എന്നായിരുന്നു അശ്ലീല ചിരിയോടെ ദേശ്പാണ്ഡെ ഇതിന് മറുപടി നൽകിയത്. കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും ഉത്തര കന്നഡയിലെ ഹലിയാൽ എംഎൽഎയുമായ ആർ വി ദേശ്പാണ്ഡെയാണ് വാർത്താ സമ്മേളനത്തിനിടെ വനിതാ മാധ്യമ പ്രവർത്തകയെ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചത്. എംഎൽഎയുടെ മനഃസ്ഥിതിയെക്കുറിച്ച് മനസിലാകുന്നില്ല എന്നായിരുന്നു ജനതാദൾ(എസ്) പ്രതികരിച്ചത്.
'ഒരു നാട്ടിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി വേണമെന്ന് പറയുന്ന മാധ്യമ പ്രവർത്തകയോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. ഇങ്ങനെയാണോ സ്ത്രീകളെ ബഹുമാനിക്കുക' ദേശ്പാണ്ഡെ എത്രയും വേഗത്തിൽ പ്രതികരിക്കണമെന്നും ജനതാദൾ(എസ്) പ്രസ്താവനയിൽ പറയുന്നു.
അതേസമയം, എംഎൽഎയുടെ പരാമർശത്തിൽ കനത്ത പ്രതിഷേധമുയരുകയാണ്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകളാണ് എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നും പരസ്യമായി മാപ്പ് പറയണമെന്നും രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരുടെ സംഘടനകളും ആവശ്യപ്പെട്ടു. ദേശ്പാണ്ഡെയുടെ വാക്കുകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് പത്രപ്രവർത്തക യൂണിയൻ പ്രതികരിച്ചു.










0 comments