ad
Deshabhimani

രേഖകൾ ചോർന്നാൽ ജയിൽ; ഉദ്യോഗസ്ഥർക്ക് മൂക്കുകയറിട്ട് കേന്ദ്ര സർക്കാർ, ഔദ്യോഗിക രഹസ്യ നിയമപ്രകാരം നടപടി

Home ministry.jpg
വെബ് ഡെസ്ക്

Published on Feb 19, 2026, 07:42 PM | 1 min read

ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട തന്ത്രപ്രധാന രേഖകളും വിവരങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് തടയാൻ കടുത്ത നിയന്ത്രണങ്ങളുമായി ആഭ്യന്തര മന്ത്രാലയം.


രഹസ്യരേഖകൾ മാധ്യമങ്ങളുമായി പങ്കുവെക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ 'ഔദ്യോഗിക രഹസ്യ നിയമപ്രകാരം' ക്രിമിനൽ നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്.


ഇത് സംബന്ധിച്ച നിർദ്ദേശം എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ആഭ്യന്തര മന്ത്രാലയം കൈമാറി. മുൻ കരസേനാ മേധാവി ജനറൽ എംഎം നരവനെയുടെ പുസ്തകം പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും, അഗ്നിപഥ് ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ ചോർന്നതുമാണ് പെട്ടെന്നുള്ള ഈ പ്രകോപനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.


1998-ൽ പുറത്തിറക്കിയ സർക്കുലറിൽ ഇത്തരത്തിൽ ശിക്ഷാനടപടികളെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. എന്നാൽ, പുതിയ സർക്കുലറിൽ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.


അർദ്ധസൈനിക വിഭാഗങ്ങളുടെ മേധാവികൾക്കും ഈ കടുത്ത നിർദ്ദേശം കൈമാറിയിട്ടുണ്ട്. വിവരങ്ങൾ ചോരുന്നത് തടയാൻ ഇൻഫർമേഷൻ സെക്യൂരിറ്റി ഓഡിറ്റുകൾ കർശനമാക്കാനും നിർദ്ദേശമുണ്ട്.


അതേസമയം, സർക്കാർ ഔദ്യോഗികമായി ചുമതലപ്പെടുത്തിയ വക്താക്കൾ നൽകുന്ന വിവരങ്ങൾക്ക് ഈ നിയന്ത്രണം ബാധകമായിരിക്കില്ല. മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണോ ഈ നീക്കമെന്ന സംശയവും ഇതോടെ ശക്തമായിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി നിർത്താനാണ് ഇതിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് ആക്ഷേപമുയർന്നു കഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home