'പൂജ ഫലിച്ചില്ല' പൂജാരിയെ ബന്ധിയാക്കി പണം ആവശ്യപ്പെട്ടു; രണ്ടു പേര്‍ പിടിയിൽ

നോയിഡ:പൂജാരിയെ ബന്ധിയാക്കി ഒരു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ടുപേരെ നോയിഡ സെക്ടർ 113 പൊലീസ് അറസ്റ്റു ചെയ്തു. പുജ നടത്തിയിട്ടും ഉദ്ദിഷ്ടകാര്യം സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് വീണ്ടും പൂജയ്ക്ക് എന്നറിയിച്ച് വിളിച്ചു വരുത്തി ബന്ധിയാക്കി. ചെലവായ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ജൗൺപൂർ സിക്രാര പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ മസിദ ഗ്രാമവാസികളായ ആശിഷ്, പ്രവേശ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഒരു നാടൻ തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു. നൊയിഡയിലെ സര്‍ഫാബാദ് ഗ്രാമവാസിയായ അനിൽ തിവാരി എന്ന പൂജാരിയെയാണ് ഇവര്‍ ബന്ധിയാക്കിയത്.
മുൻപ് ഇവരുടെ വീട്ടിൽ അനിൽ തിവാരി ഒരു പൂജ നടത്തിയിരുന്നു. എന്നാൽ പൂജ കഴിച്ചിട്ടും ഉദ്ദേശിച്ച കാര്യം നടന്നില്ല. പലതവണ പൂജാരിയോട് ഇതിനെ കറിച്ച് ചോദിച്ചിട്ടും കൃത്യമായ ഉത്തരം ലഭിച്ചില്ല. തുടര്‍ന്നാണ് മറ്റൊരു പൂജ കൂടി നടത്താനെന്ന വ്യാജേന പ്രതികൾ അനിൽ തിവാരിയെ ജൗൺപൂരിലേക്ക് വിളിച്ചുവരുത്തിയത്.
പൂജ നടത്താൻ തയാറായി എത്തിയ ഇയാളെ മുറിയിൽ പൂട്ടിയിട്ടു. ഫല ലബ്ധി ഉറപ്പാക്കണം. ഇല്ലെങ്കിൽ വധിക്കും. അതുമല്ലെങ്കിൽ ഒരു ലക്ഷം രൂപ നൽകണം എന്നായിരുന്നു ഭീഷണി.
പിതാവിനെ കാണാതായതിനെ തുടര്‍ന്ന് മകൻ സെപ്തംബര്‍ 9 ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കാൾ വന്നതും അറിയിച്ചു. തുക കൈമാറാൻ എന്ന പേരിൽ വിളിച്ചു വരുത്തിയാണ് പ്രതികളെ പൊലീസ് കുടുക്കിയത്.









0 comments