ad
Deshabhimani

print edition ഹിമന്തയ്‌ക്ക്‌ വെല്ലുവിളി

Himanta Biswa Sharma.jpg
വെബ് ഡെസ്ക്

Published on Mar 16, 2026, 12:04 AM | 1 min read

ന്യൂഡൽഹി: അസമിൽ 2016ൽ ബിജെപിക്ക്‌ വഴിയൊരുക്കിയ ഹിമന്ത ബിസ്വ ശർമയ്‌ക്ക്‌ കടുത്ത വെല്ലുവിളിയാകുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേത്‌. മുതിർന്ന കോൺഗ്രസ്‌ നേതാക്കളിലൊരാളായ ഹിമന്ത 2015ൽ പാർടി വിട്ട്‌ ബിജെപിയിൽ ചേർന്നാണ്‌ അസം ബിജെപിക്ക്‌ പതിച്ചുകൊടുത്തത്‌.


അസമിൽ അതുവരെ വലിയ രാഷ്ട്രീയ ശക്തിയല്ലാതിരുന്ന ബിജെപി തൊട്ടടുത്ത വർഷം 60 സീറ്റ്‌ നേടി ഭരണം പിടിച്ചു. 15 വർഷത്തെ കോൺഗ്രസ്‌ ഭരണമാണ്‌ അവസാനിച്ചത്‌. അമിത ആത്‌മവിശ്വാസത്തിൽ തനിച്ച്‌ മത്സരിച്ച കോൺഗ്രസിന്‌ ആ തെരഞ്ഞെടുപ്പിൽ കിട്ടിയത്‌ 26 സീറ്റ്‌ മാത്രം. തനിച്ച്‌ മത്സരിച്ച എഐയുഡിഎഫ്‌ 13 സീറ്റുനേടി. കോൺഗ്രസിനെ പോലെ തനിച്ച്‌ മത്സരിക്കാതെ അസം ഗണ പരിഷത്ത്‌, ബോഡോ പീപ്പിൾസ്‌ ഫ്രണ്ട്‌ എന്നീ കക്ഷികളുമായി സഖ്യത്തിൽ മത്സരിച്ചതാണ്‌ ബിജെപിക്ക്‌ നേട്ടമായത്‌. ബിജെപി മുന്നണി 86 സീറ്റ്‌ ജയിച്ചു. സഖ്യരൂപീകരണത്തിനായി നിർണായക ചരടുവലികൾ നടത്തിയതാകട്ടെ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലെത്തിയ ഹിമന്തയും. രാഹുൽ ഗാന്ധിയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്നാണ്‌ ഹിമന്ത കോൺഗ്രസ്‌ വിട്ടത്‌.


2021ലും ബിജെപി വിജയം ആവർത്തിച്ചു. എന്നാൽ ബിജെപി സഖ്യത്തിന്റെ സീറ്റുനില 75ലേക്ക്‌ ഇടിഞ്ഞു. കോൺഗ്രസും ഇടതുപക്ഷ പാർടികളും എഐയുഡിഎഫും ഉൾപ്പെട്ട മഹാസഖ്യം ശക്തമായ മത്സരം കാഴ്‌ചവെച്ച്‌ 50 സീറ്റുകൾ നേടി. ഇരുമുന്നണികളുടെയും വോട്ടുവ്യത്യാസം ഒരു ശതമാനത്തിൽ താഴെ മാത്രമാണ്‌. രണ്ട്‌ സീറ്റിൽ മത്സരിച്ച സിപിഐ എം ഒരു സീറ്റ്‌ ജയിച്ചു.


രണ്ടാമതും അധികാരത്തിലെത്തിയ ബിജെപി, സർബാനന്ദ സൊനോവാളിനെ മാറ്റി ഹിമന്തയെ മുഖ്യമന്ത്രിയാക്കി. കോൺഗ്രസിൽ നിന്ന്‌ ബിജെപിയിലെത്തിയ ഹിമന്ത സംഘപരിവാർ നേതാക്കളെ പോലും അമ്പരപ്പിക്കും വിധം കടുത്ത വിഘടന രാഷ്ട്രീയത്തിലേക്ക്‌ തിരിഞ്ഞു. ന്യൂനപക്ഷങ്ങളെ ശത്രുക്കളെ പോലെയാണ്‌ ഹിമന്ത സർക്കാർ കൈകാര്യം ചെയ്‌തത്‌. 36 ശതമാനമാണ്‌ അസമിലെ ന്യൂനപക്ഷ വോട്ടർമാർ. ഇവർക്കെതിരായി ഭൂരിപക്ഷ ജനവിഭാഗത്തെയാകെ തിരിക്കുകയെന്ന രാഷ്ട്രീയ കുതന്ത്രമാണ്‌ ഹിമന്ത പയറ്റുന്നത്‌. ഭരണപരാജയം മറച്ചുപിടിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്‌.


കോൺഗ്രസും ഇടതുപക്ഷ പാർടികളും ചേർന്ന സഖ്യമാണ്‌ ബിജെപിയെ എതിരിടുന്നത്‌. ബദറുദ്ദീൻ അജ്‌മലിന്റെ എഐയുഡിഎഫ്‌ സഖ്യത്തിലില്ല. പകരമായി ജഗദീഷ്‌ ഭുയാൻ നയിക്കുന്ന അസം ജാതീയ പരിഷത്ത്‌ സഖ്യത്തിലെത്തിയിട്ടുണ്ട്‌. രണ്ട്‌ സീറ്റിൽ സിപിഐ എം മത്സരിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home