print edition ഹിമന്തയ്‍ക്ക് വിഭജന പ്രവണത ; രൂക്ഷവിമര്‍ശവുമായി ഗുവാഹത്തി ഹൈക്കോടതി

ന്യൂഡൽഹി
മുസ്ലിങ്ങൾക്കെതിരെ വിദ്വേഷപ്രസംഗം നടത്തുകയും കോടതിയെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്‌ത അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയ്‌ക്ക് ഗുവാഹത്തി ഹൈക്കോടതിയുടെ നോട്ടീസ്. മുഖ്യമന്ത്രിക്ക് വിഭജന പ്രവണതയാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
കേന്ദ്രസർക്കാരിനും അസം ഡിജിപിക്കും നോട്ടീസുണ്ട്. വിദ്വേഷ പ്രസംഗം നടത്തുന്നതിൽനിന്ന് സർമയെ തടയണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടുവെങ്കിലും കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ സർമ സ്വയം നിയന്ത്രിക്കുമെന്നായിരുന്നു മറുപടി. ഹിമന്തയ്‌ക്കെതിരെ കേസ് എടുക്കണമെന്നും എസ്‌ഐടി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സിപിഐ എം, സിപിഐ, കോൺഗ്രസ് എന്നീ രാഷ്ട്രീയപാര്‍ടികളും അസമിലെ പണ്ഡിതൻ ഡോ. ഹിരൺ ഗൊഹെയ്നുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രിൽ ആദ്യവാരം കേസ് വീണ്ടും പരിഗണിക്കും.
ഹിമന്ത സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വി, സി യു സിങ്, മീനാക്ഷി അറോറ എന്നിവർ ചൂണ്ടിക്കാട്ടി. മുസ്ലിങ്ങളെ അസമിൽനിന്ന് പുറത്താക്കുമെന്ന് സർമ പറഞ്ഞു. ഹിമന്ത സ്ഥിരം കുറ്റവാളിയാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്നും തനിക്കെതിരെ കേസെടുക്കാനും സർമ നേരത്തെ വെല്ലുവിളിച്ചിരുന്നു.









0 comments