ഹിമാനി നർവാളും നൈന സാഹ്നിയും: ക്രൂരത നിറഞ്ഞ കൊലപാതകങ്ങളിലെ കോൺഗ്രസ് ബന്ധം

ഹിമാനി നർവാൾ, നൈന സാഹ്നി
റോഹ്തക്: ഹരിയാനയിലെ റോഹ്തക് ജില്ലയിൽ സ്യൂട്ട്കേസിൽ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രധാനപ്പെട്ട പ്രവർത്തക കൊല്ലപ്പെട്ട സംഭവം കോൺഗ്രസ് പ്രവർത്തകരിലാകെ ഞെട്ടലുണ്ടാക്കി. അതേസമയം, ഹിമാനി നർവാളിന്റെ ക്രൂരമായ കൊലപാതകം ഓർമിപ്പിക്കുന്നത് മറ്റൊരു കോൺഗ്രസ് പ്രവർത്തകയുടെ കൊലപാതകത്തെ കൂടിയാണ്.
നൈന സാഹ്നി എന്ന യുവതിയെ കോൺഗ്രസ് ഡൽഹി മുൻ പ്രസിഡന്റായിരുന്ന സുശീൽ ശർമ കൊന്ന് തന്തൂരി അടുപ്പിൽ വെച്ച് കത്തിച്ച സംഭവം അന്ന് രാജ്യമാകെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംശയത്തിന്റെ പേരിലായിരുന്നു സുശീൽ ഭാര്യയായ നൈനയെ ഇല്ലാതാക്കിയത്. രാഷ്ട്രീയ പ്രവർത്തനകാലത്ത് നൈന സഹപ്രവർത്തകനായ മത്ലൂബ് കരീമുമായി പ്രണയത്തിലായിരുന്നു. രണ്ട് മതത്തിൽപ്പെട്ടവരായതിനാൽ വിവാഹം നടക്കില്ലെന്ന് കണ്ട് നൈന കരീമുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതിനിടെയാണ് സുശീൽ ശർമ നൈനയുടെ ജിവിതത്തിലേക്ക് കടന്നുവരുന്നത്. 1993ൽ ഡൽഹി ബിർള മന്ദിരിൽ വെച്ചായിരുന്നു നൈനയുടെയും സുശീൽ ശർമയുടെയും വിവാഹം. എന്നാൽ ആ വിവാഹജീവിതം താറുമാറാകാൻ അധികം കാലതാമസമുണ്ടായില്ല.
തനിക്ക് ചുറ്റുമുള്ളവരെ കാൽക്കീഴിൽ നിർത്തുന്നതായിരുന്നു സുശീലിന്റെ രീതി. എന്നാൽ അങ്ങനെ അടിമപ്പെടാൻ താത്പര്യപ്പെടുന്നവളായിരുന്നില്ല നൈന. മദ്യപിച്ച് നൈനയെ മർദിക്കുന്ന പതിവും ഉണ്ടായിരുന്നു സുശീലിന്. ഇതിനിടെയാണ് സഹപ്രവർത്തകയായ ലിയയുമായി സുശീലിന് അടുപ്പമുണ്ടെന്നും ലിയ ഗർഭിണിയാണെന്നുമുള്ള വാർത്തകൾ തീ പോലെ പടർന്നത്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒഴിഞ്ഞുമാറുന്നതായിരുന്നു സുശീൽ ശർമയുടെ രീതി. രഹസ്യമായി തുടരുന്ന വിവാഹജീവിതവും ശാരീരിക അതിക്രമങ്ങളും സഹിക്കാനാവാതെ ഓസ്ട്രേലിയയിലേക്ക് പോകുകയാണെന്നും ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും നൈന സുശീലിനോട് പറഞ്ഞു.
ഇതോടെ നൈന കരീമുമായി വീണ്ടും ബന്ധം പുലർത്തുന്നുണ്ട് എന്ന സംശയം അയാളിലുണ്ടായി. ഈ സംശയമാണ് പിന്നീട് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.
ഹരിയാനയിലെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഹിമാനി കോൺഗ്രസ് റാലികളിലും സാമൂഹിക പരിപാടികളിലെയും നിത്യസാന്നിധ്യമായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിൽ മുറിവുകളുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലയാളികളെ കുറിച്ചോ മറ്റെന്തെങ്കിലും വിവരമോ ഇതുവരെയും ലഭിച്ചിട്ടില്ല. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്യൂട്ട് കേസ് ആരാണ് ഉപേക്ഷിച്ചത് എന്ന് കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.









0 comments