ഹിമാചൽ മിന്നൽ പ്രളയം: മരണസംഖ്യ ഉയരുന്നു, 7 ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ

സിംല : ഹിമാചൽ പ്രദേശിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ മഴക്കെടുതിയിൽ 80 പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ)യുടെ റിപ്പോർട്ട് പ്രകാരം, 52 മരണങ്ങൾ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, മേഘസ്ഫോടനം തുടങ്ങിയ ദുരന്തങ്ങൾ മൂലവും 28 മരണങ്ങൾ റോഡപകടങ്ങൾ ഉൾപ്പെടെയുള്ളവയാലുമാണ്. ചമ്പ, കാൻഗ്ര, മാണ്ഡി, കുളു, ഷിംല, സോളൻ, സിർമൗർ എന്നീ ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്.
ജൂൺ 20 ന് മൺസൂൺ ആരംഭിച്ചതിനുശേഷം, ഹിമാചലിൽ 23 വെള്ളപ്പൊക്കങ്ങളും 19 മേഘസ്ഫോടനങ്ങളും 16 മണ്ണിടിച്ചിലുകളും ഉണ്ടായതായും ഉദ്യോഗസ്ഥർ പറഞ്ഞു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ആകെ 692 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് അധികൃതർ അറിയിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച്, സെറാജ്, ബാലിച്ചൗക്കി പ്രദേശങ്ങളിലെ 121 കോടി രൂപയുടെ ഏറ്റവും വലിയ പദ്ധതി ഉൾപ്പെടെ, ബാധിത പ്രദേശങ്ങളിൽ 241 ജലവിതരണ പദ്ധതികൾക്ക് കേടുപാടുകൾ സംഭവിച്ചു.
കനത്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം രേഖപ്പെടുത്തിയത് മണ്ഡി ജില്ലയിലാണ്. 17 മരണങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തു. വൈദ്യുതാഘാതം, പാമ്പുകടി എന്നീ കാരണങ്ങളാൽ 28 മരണങ്ങൾ ഉണ്ടായതായും അധികൃതർ വ്യക്തമാക്കി. മഴക്കെടുതിയിൽ 128 പേർക്ക് പരിക്കേറ്റതായും അധികൃതർ റിപ്പോർട്ടിൽ പറയുന്നു. 17 ദിവസത്തിനിടെ 320 വീടുകൾ പൂർണ്ണമായും, 38 വീടുകൾ ഭാഗികമായും തകർന്നു. 10,254 കന്നുകാലികളും കോഴികളും ചത്തതായും റിപ്പോർട്ടുണ്ട്. ഇപ്പോഴും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിലിനായി ഡ്രോണുകളും സ്‌നിഫർ നായകളും ദൗത്യത്തിലുണ്ട്.
ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ, കരസേന, ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ്, ഹോം ഗാർഡുകൾ എന്നിവിടങ്ങളിൽ നിന്നുള്ള 250 ഓളം ഉദ്യോഗസ്ഥരും ഭരണകൂടവും നാട്ടുകാരും ചേർന്ന് തിരച്ചിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. ഉന, ഹാമിർപൂർ, സോളൻ, സിർമൗർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.









0 comments