print edition ഉത്തരേന്ത്യയിൽ കനത്ത മഴ

ന്യൂഡൽഹി: രാജ്യതലസ്ഥാന മേഖലയിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായി. ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിൽ ശനിയാഴ്‌ചയും വെള്ളം കെട്ടി നിന്നു. പാലം വിമാനത്താവളത്തിന്റെ തുരങ്കപാതയിലും വെള്ളക്കെട്ടുണ്ടായി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. മഴക്കാലത്തിന് മുൻപ് ഓവുചാലുകൾ കാര്യക്ഷമമായ രീതിയിൽ ശുചിയാക്കാത്തതാണ് സ്ഥിതി വഷളാക്കിയത്. ഇതോടെ ഡൽഹിയിലെ ബിജെപി സർക്കാരിനെതിരെ വ്യാപക വിമർശനമുയർന്നു.
ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലും കനത്ത മഴയാണ്. ഗംഗയുൾപ്പെടെ പ്രധാന നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ബിഹാർ, യുപി സംസ്ഥാനങ്ങൾ പ്രളയഭീതിയിലായി. ഇൗ സംസ്ഥാനങ്ങളിൽ വരുംദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
പട്‌നയിലെ ഗാന്ധിഘട്ടിൽ ശനി രാവിലെ 10ന് ഗംഗാനദിയുടെ ജലനിരപ്പ് നാല് മണിക്കൂറിനുള്ളിൽ 10 സെന്റിമീറ്റർ ഉയർന്ന് 50.53 മീറ്ററിലെത്തി. എക്കാലത്തെയും ഉയർന്ന വെള്ളപ്പൊക്ക നിരക്കിനെക്കാൾ (എച്ച്‌എഫ്‌എൽ) ഒരു സെന്റീമീറ്റർ കൂടുതലാണിത്. ബിഹാർ, നേപ്പാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തതോടെ ഗണ്ഡക്, കോസി, ബുർഹി ഗണ്ഡക്, ബാഗ്മതി, പുൻപുൻ, ഘാഗ്ര എന്നീ നദികളും ഉയർന്ന ജലനിരപ്പിലാണ് ഒഴുകുന്നത്. വടക്കൻ ബിഹാറിലൂടെ ഒഴുകുന്ന പ്രധാന നദികളിൽ പലതും നേപ്പാളിൽ നിന്ന് ഉത്ഭവിക്കുന്നതോ കടന്നുപോകുന്നതോ ആണ്.









0 comments