ഉത്തരേന്ത്യയെ വലച്ച് മഴ; ബിഹാറിൽ 10 ലക്ഷം പേർ ദുരിതത്തിൽ, സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ഭോപ്പാൽ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തിപ്രാപിക്കുന്നു. കനത്തമഴയെ തുടർന്ന് ബിഹാറിൽ 18 ജില്ലകളിൽ പ്രളയസമാനമായ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് 10 ലക്ഷം പേർ ദുരിതത്തിലായി. ഗംഗാനദി അപകടനില കവിഞ്ഞൊഴുകുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഗംഗയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആറ് ബ്ലോക്കുകളെ വെള്ളപ്പൊക്കം ബാധിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വരും ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ ശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി.
ശനിയാഴ്ച ഡൽഹിയിൽ തുടർച്ചയായി മഴ പെയ്തതിനെ തുടർന്ന് ജനജീവിതം തടസപ്പെട്ടു. നഗരത്തിലെ നിരവധി റോഡുകളിലും വിമാനത്താവളത്തിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വിമാനസർവീസുകളെയും ബാധിച്ചു. ഇതിന്റെ ഭാഗമായി എയർലൈൻസുകൾ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ഡൽഹിക്ക് പുറമെ രാജസ്ഥാനിലും മഴക്കെടുതി രൂക്ഷമായി. ജയ്പൂർ, അജ്മീർ, ദൗസ, അൽവാർ ഉൾപ്പെടെയുള്ള ജില്ലകളിലും മഴ ലഭിച്ചു. അജ്മീറിൽ സ്കൂൾ കെട്ടിടത്തിന്റെ മതിൽ തകർന്നു. ഭോപ്പാലിലെ കോലാറിൽ റോഡ് ഇടിഞ്ഞതിനെ തുടർന്ന് വാഹനങ്ങൾ കുടുങ്ങി.
മധ്യപ്രദേശിലും മഴ ശക്തമായി. 19 ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലും സമാനസ്ഥിതിയാണ്. ശനിയാഴ്ച ലഖ്‌നൗ, നോയിഡ, ഗോരഖ്പൂർ എന്നിവിടങ്ങളിലും മഴ തുടർന്നു. വാരാണസി, പ്രയാഗ്‌രാജ് ഉൾപ്പെടെ 26 ജില്ലകളിൽ പ്രളയസമാനമായി. കൂടാതെ കശ്മീരിൽ ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയുണ്ടായി. ബന്ദിപ്പോര ജില്ലയിലെ ഗുൽമാർഗിലെ സൺഷൈൻ പീക്കിലും തുലൈൽ താഴ്‌വരയിലെ കാവോബാൽ ഗലിയിലും പുതിയ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. മലനിരകളും സമീപപ്രദേശങ്ങളും മഞ്ഞുപുതച്ച നിലയിലാണ്.
ഗംഗയ്ക്ക് പുറമെ ഗന്ധക്, കോസി, ബുർഹി ഗന്ധക്, ബാഗ്മതി, പൻപൻ, ഘാഘ്‌റ തുടങ്ങിയ പ്രധാന നദികളും പലയിടത്തും കരകവിഞ്ഞു. ബിഹാറിൽ ബക്സർ, മുംഗേർ, ഖഗറിയ, ശരൺ, ബെഗുസരായ്, കാത്തിഹാർ, ലഖിസരായ് ജില്ലകളിലും ഗംഗയും പോഷക നദികളും അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് (വടക്ക് ഭാഗം), മധ്യപ്രദേശ് (കിഴക്ക് ഭാഗം), ബിഹാർ, പശ്ചിമ ബംഗാൾ, അസം, നാഗാലാന്റ്, മേഘാലയ, മിസോറാം, ത്രിപുര, അരുണാചൽപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക (പടിഞ്ഞാറ് ഭാഗം), ആന്ധ്രാപ്രദേശിലെ റോയലസീമ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഞ്ഞ അലേർട് പ്രഖ്യാപിച്ചിരിക്കുന്നത്.









0 comments