ad
Deshabhimani

സ്കൂൾ കായികമേള വേദിമാറ്റം; യുഡിഎഫിൽ ഭിന്നസ്വരം: കായികമന്ത്രിയുടെ വാദത്തിനെതിരെ വിദ്യാഭ്യാസമന്ത്രിയും യുഡിഎഫും

kerala school sports

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 06, 2026, 12:01 PM | 2 min read

കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിനെതിരെ യുഡിഎഫിൽ ശക്തമായ പ്രതിഷേധം പുകയുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിലാണ് അടുത്ത കായികമേള കണ്ണൂരിൽ നടത്തുമെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടർന്ന് മേളയുടെ പതാക കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യനും ഡിഡിഇ ഷൈനിക്കും കൈമാറുകയും ചെയ്തിരുന്നു.


അതേസമയം, കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് വേദി മാറ്റിയതെന്ന കായികമന്ത്രി ഒജെ ജനീഷിന്റെ വിശദീകരണം വിവാദമായിട്ടുണ്ട്. കോഴിക്കോട് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാണെന്നും കുട്ടികൾക്കും സംഘാടകർക്കും മികച്ച സൗകര്യം ഉറപ്പാക്കുന്നതിനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.


എന്നാൽ കണ്ണൂരിലും കോഴിക്കോടും കായികമേള നടത്താൻ ആവശ്യമായ സൗകര്യങ്ങളുണ്ടെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീന്റെ പ്രതികരണം. കണ്ണൂരിൽ നടത്താനുള്ള മുൻ തീരുമാനം തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വേദിമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിനുള്ളിൽ തന്നെ വ്യത്യസ്ത നിലപാടുകൾ ഉയരുന്നതായി വിമർശനം ശക്തമായി.


കോൺഗ്രസ് എംഎൽഎ ടി ഒ മോഹനനും കണ്ണൂരിൽ സൗകര്യങ്ങളില്ലെന്ന വാദത്തോട് വിയോജിച്ചു. മുൻപും സംസ്ഥാന കായികമേള വിജയകരമായി നടത്തിയ ജില്ലയാണ് കണ്ണൂരെന്നും, അടുത്ത വർഷം കായികമേളയ്ക്ക് കണ്ണൂരിനെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


എന്നാൽ കായികമേള കണ്ണൂരിൽ നടത്തുമെന്ന മുൻ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കായികമേളയ്ക്കുള്ള പ്രാഥമിക ഒരുക്കങ്ങൾ പ്രാദേശിക ഭരണകൂടം ആരംഭിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ യാതൊരു ഔദ്യോഗിക അറിയിപ്പുമില്ലാതെ വേദി കോഴിക്കോട്ടേക്ക് മാറ്റിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ.


വേദിമാറ്റം സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും, കായികമേള നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ കണ്ണൂരിൽ ഇതിനകം ആരംഭിച്ചിരുന്നുവെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ പറഞ്ഞു.


സർക്കാരിന്റെ അപ്രതീക്ഷിത തീരുമാനം കണ്ണൂരുകാരെ വലിയ തോതിൽ നിരാശപ്പെടുത്തിയതായി ബിനോയ് കുര്യൻ വ്യക്തമാക്കി. വേദി മാറ്റാനുള്ള സാഹചര്യം എന്താണെന്ന് സർക്കാർ വ്യക്തമായി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കായികമേള നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ കണ്ണൂരിൽ ലഭ്യമാണെന്നും മുൻപും ജില്ലയിൽ സംസ്ഥാനതല കായികമേളകൾ വിജയകരമായി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും വേദിമാറ്റത്തിൽ ദുരൂഹത ആരോപിച്ചിട്ടുണ്ട്. കണ്ണൂരിൽ നടത്താൻ തീരുമാനിച്ചിരുന്ന മേള എന്തുകൊണ്ടാണ് കോഴിക്കോട്ടേക്ക് മാറ്റിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.


ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് എൻഐടി ഗ്രൗണ്ടിലാണ് ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള നടക്കുക. മുൻപ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്ന കണ്ണൂരിനെ ഒഴിവാക്കിയതിനെ ചൊല്ലി യുഡിഎഫിലെ വിവിധ ജനപ്രതിനിധി തലങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home