ലാഭക്കൊതിയിൽ മനുഷ്യത്വം വറ്റുന്ന ആശുപത്രികൾ

പ്രതീകാത്മക ചിത്രം

അമൽ നീലേശ്വരം
Published on May 22, 2026, 04:59 PM | 2 min read
ആധുനിക സാങ്കേതികവിദ്യയുടെയും യന്ത്രവൽക്കരണത്തിൻ്റെയും അതിപ്രസരത്തിൽ ആഗോളതലത്തിൽ ആരോഗ്യമേഖല കടുത്ത മനുഷ്യത്വരഹിത ഫാക്ടറികളായി മാറിക്കൊണ്ടിരിക്കുന്നതായി പ്രമുഖ അന്താരാഷ്ട്ര മെഡിക്കൽ ജേണലായ 'ദി ബിഎംജെ' മുന്നറിയിപ്പ് നൽകുന്നു.
കോർപ്പറേറ്റ് വൽക്കരണവും ലാഭക്കൊതിയും കാരണം ചികിൽസാ രംഗത്തിന് അതിന്റെ മാനുഷിക-ധാർമ്മിക അടിവേരുകൾ നഷ്ടപ്പെടുകയാണെന്ന് പ്രശസ്ത ആരോഗ്യ വിദഗ്ദ്ധരായ ഡോൺ ബെർവിക്, മൗറീൻ ബിസോഗ്നാനോ, ബോബ് ക്ലാബർ എന്നിവർ തയ്യാറാക്കിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലാഭ ലക്ഷ്യങ്ങളും നഷ്ട കണക്കുകളും മാത്രം നോക്കുന്ന കോർപറേറ്റ് സംസ്കാരം ഇന്ന് ആശുപത്രികളെ വിഴുങ്ങിയിരിക്കുകയാണ്. അത്യാധുനിക സ്കാനിംഗ് യന്ത്രങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും മരുന്നുകളും കുന്നുകൂടുമ്പോഴും, പ്രായമായവർ അടക്കമുള്ള രോഗികൾക്ക് ലഭിക്കുന്നത് കടുത്ത ഒറ്റപ്പെടലും വൈകാരിക അവഗണനകളുമാണ് .ഇത് കൂടുതൽ സങ്കീര്ണതകളിലേക്ക് തള്ളിയിടുന്നുണ്ട്.
ഡോക്ടർമാർക്ക് രോഗിയെ ഒന്ന് നോക്കാൻ പോലും സമയമില്ലാതെ കമ്പ്യൂട്ടർ സ്ക്രീനുകളിൽ ടൈപ്പ് ചെയ്യുന്നതും, കഠിനമായ ഡബിൾ ഷിഫ്റ്റുകൾ എടുത്ത് ആശുപത്രി ജീവനക്കാർ ശ്വാസം വിടാൻ പോലും സമയമില്ലാതെ നെട്ടോട്ടമോടുന്നതും ഇന്ന് ആഗോള പ്രതിഭാസമായി മാറിയിരിക്കുന്നു.കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും തീർത്തും മനുഷ്യത്വ രഹിതമായ സമീപനങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ സാധിക്കുന്നതല്ല.
രോഗികളെ സ്നേഹത്തോടെയും സമാധാനത്തോടെയും പരിചരിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സമയമോ സ്വാതന്ത്യമോ നിലവിലെ കോർപ്പറേറ്റ് വ്യവസ്ഥിതി ജീവനക്കാർക്ക് വിട്ടു നൽകുന്നില്ല എന്നുള്ളത് വസ്തുതയാണ്.തൊഴിലിടങ്ങളിലെ ചൂഷണവും കടുത്ത മാനസിക സമ്മർദ്ദവും കാരണം ഡോക്ടർമാരും നഴ്സുമാരും ഇന്ന് കടുത്ത മനോവിഷമം അനുഭവിക്കുകയാണ്.
ജോലിയിൽ സംതൃപ്തിയും ബഹുമാനവും ലഭിക്കുന്ന ആശുപത്രികളിൽ രോഗികളുടെ മരണനിരക്ക് വളരെ കുറവാണെന്ന് ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻ എച് എസ്) ഉൾപ്പെടെയുള്ള പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ചികിത്സയെ കേവലം യന്ത്രവൽക്കൃതമാക്കാതെ, രോഗിയുടെ അന്തസ്സിനും ജീവിതത്തിനും അർഥം നൽകുന്ന ചികിൽസാ രീതി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു ."നിങ്ങൾക്ക് എന്താണ് അസുഖം?" എന്ന് ചോദിക്കുന്നതിന് പകരം "നിങ്ങൾക്ക് എന്താണ് പ്രധാനം?" എന്ന രീതിയിൽ അനുകമ്പയുള്ള ചോദ്യങ്ങൾ ചോദിക്കുന്ന കാമ്പെയ്നുകൾ ലോകമെമ്പാടും സജീവമാകേണ്ടതുണ്ട്.
ആശുപത്രികൾ കേവലം വികാരമില്ലാത്ത യന്ത്രശാലകളായി മാറുന്നതിന് മുൻപ്, ഓരോ രോഗി സന്ദർശനത്തെയും ദയയും സഹാനുഭൂതിയും വീണ്ടെടുക്കാനുള്ള അവസരമാക്കാൻ മെഡിക്കൽ ലോകം തയ്യാറാകണമെന്ന് വിദഗ്ദ്ധർ ആഹ്വാനം ചെയ്യുന്നു. ശാസ്ത്രവും കരുണയും വേറിട്ടതല്ലെന്നും, മനുഷ്യത്വപരമായ ഇടപെടലുകൾക്ക് രോഗമുക്തി വേഗത്തിലാക്കാൻ കഴിയുമെന്നും റിപ്പോർട്ട് അടിവരയിടുന്നു.











0 comments