വിദ്യാര്‍ഥികൾക്കൊപ്പം നൃത്തം ചെയ്തു, പ്രധാനാധ്യാപകന് സസ്പെൻഷൻ

വീഡിയോ ദൃശ്യം
ഗഡ്വാ: ജാർഖണ്ഡിലെ ഗഡ്വാ ജില്ലയിൽ വിദ്യാർത്ഥികൾക്കൊപ്പം പാട്ട് വെച്ച് നൃത്തം ചെയ്തതിന് ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. രണ്ട് അസിസ്റ്റന്റ് അധ്യാപകർക്കെതിരെ വകുപ്പ് തല നടപടി ആരംഭിച്ചു. വിദ്യാലയത്തിലെ യാത്രയയപ്പ് ചടങ്ങിൽ 'അസഭ്യകരമായ' ഗാനത്തിനൊപ്പം പെൺകുട്ടികളുടെ കൂടെ നൃത്തം ചെയ്തു എന്നതാണ് പരാതി. നൃത്ത രംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മെറാൾ ബ്ലോക്കിലെ സോഹ്ബാരിയയിലെ അപ്ഗ്രേഡഡ് മിഡിൽ സ്കൂളിൽ മാർച്ച് ഒന്നിന് നടന്ന വിടവാങ്ങൽ ചടങ്ങിനിടെയാണ് സംഭവം. എട്ടാം ക്ലാസിലെ വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള കുട്ടികൾക്കൊപ്പം ഹെഡ്മാസ്റ്ററും രണ്ട് അസിസ്റ്റന്റ് അധ്യാപകരും ചേർന്ന് നൃത്തം ചെയ്തതിനാണ് നടപടി.
പാര്‍ടികളിൽ ഉപയോഗിക്കുന്ന ഡിജെ സംഗീതമാണ് പശ്ചാത്തലത്തിൽ ഉപയോഗിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. 'വൾഗര്‍ മ്യൂസിക്' എന്നാണ് അന്വേഷണ റിപ്പോര്‍ട് വിശേഷിപ്പിക്കുന്നത്.
വീഡിയോയുടെ അടിസ്ഥാനത്തിൽ ഗഡ്വാ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ആരോപണങ്ങൾ ഗുരുതരമാണെന്ന് കണ്ടെത്തിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെയ്സർ റാസ പറയുന്നു.
സ്കൂളിലെ ഇൻചാർജ് ഹെഡ്മാസ്റ്റർ കുണ്ദൻ കുമാർ രഞ്ജനെ ഝാർഖണ്ഡ് സർക്കാർ സർവീസ് ചട്ടം2016പ്രകാരം ഉടനടി സസ്പെൻഡ് ചെയ്തതായി ഡിഇഒ അറിയിച്ചു. അധ്യാപകരായ പുരുഷോത്തം പണ്ഡിത്തിന്റെയും സുഭേഷ്വർ റാമിന്റെയും നടപടിയും അനുചിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ക്കെതിരെ ഝാർഖണ്ഡ് അസിസ്റ്റന്റ് ടീച്ചർ സർവീസ് കണ്ടീഷൻസ് റൂൾസ്, 2021പ്രകാരം വകുപ്പ് തല നടപടിക്ക് ഡിഇഒ ഉത്തരവിട്ടിട്ടുണ്ട്.










0 comments