പണക്കൊഴുപ്പിന് എതിരെ ജനപിന്തുണ ആയുധമാക്കി സിപിഐ എമ്മിന്റെ ശ്യാം ഭാരതി
print edition ഹയാഘട്ടിൽ ധന ജന ബലാബലം

ബിഹാറിലെ ഹയാഘട്ടിൽ സിപിഐ എം സ്ഥാനാർഥി ശ്യാം ഭാരതി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. സംസ്ഥാന സെക്രട്ടറി ലലൻ ചൗധരി സമീപം ഫോട്ടോ: പി വി സുജിത്

എം അഖിൽ
Published on Nov 01, 2025, 04:57 AM | 1 min read
ദർഭംഗ (ബിഹാർ)
‘ബിജെപി സ്ഥാനാർഥി പണക്കൊഴുപ്പിന്റെ മാത്രം ബലത്തിലാണ് മത്സരിക്കുന്നത്. നമ്മുടെ സ്ഥാനാർഥിക്ക് ജനപിന്തുണ മാത്രമാണുള്ളത്. പണശക്തിക്ക് മുന്നില്‍ ജനശക്തി തന്നെ ജയിക്കും’–ഹയാഘട്ടിലെ സിപിഐ എം സ്ഥാനാർഥി ശ്യാം ഭാരതിക്ക് വേണ്ടി സജീവമായി രംഗത്തുള്ള ബിരുദവിദ്യാർഥി നവീൻകുമാറിന്റെ വാക്കുകൾ.
ബിജെപി സിറ്റിങ് എംഎൽഎ കൂടിയായ സ്ഥാനാർഥി രാംചന്ദ്രപ്രസാദ് കടുത്ത ജനരോഷമാണ് നേരിടുന്നത്. നവീന്‍ കുമാര്‍ മൊബൈലില്‍ ചില വീഡിയോകള്‍ കാണിച്ചു. കഴിഞ്ഞ ദിവസം അത്‌ഹെർ ഗ്രാമത്തിൽ വോട്ടുചോദിക്കാനെത്തിയ രാമചന്ദ്ര പ്രസാദിനെ നാട്ടുകാർ കള്ളനെന്നും നുണയനെന്നും ആക്രോശിച്ച് നാട്ടുകാർ രാമചന്ദ്രപ്രസാദിനെ വളയുന്നതും തുരത്തിയോടിക്കുന്നതുമാണ് ദൃശ്യങ്ങളിൽ.
‘2020ൽ ജയിച്ചദിവസം നന്ദിപറയാൻ വന്നതാണ്. അതിന് ശേഷം ഞങ്ങൾ കണ്ടിട്ടില്ല. ഉളുപ്പില്ലാതെ വീണ്ടും വോട്ട് ചോദിക്കാൻ വരുന്പോൾ, ഇൗ പടി കടക്കാൻ പാടില്ലെന്ന് പറയാൻ ഞങ്ങൾക്ക് അവകാശമില്ലേ?’–നാട്ടുകാർ ചോദിച്ചു.
അപ്രതീക്ഷിത മഴയില്‍ മണ്ഡല പര്യടനത്തിന് ഇടവേള കിട്ടിയപ്പോള്‍ സ്ഥാനാർഥി ശ്യാംഭാരതിയും കൂട്ടരും ബഹാദൂർപുരിലെ പ്രചരണകമ്മിറ്റി ഓഫീസിലെത്തി. ‘ ഏറ്റവും സാധാരണക്കാരനായ ഒരാളാണ് ഞാൻ. വിദ്യാർഥികാലം മുതൽ പാർടിയുടെ ഭാഗമായി ദളിതർക്കും പിന്നാക്കവിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നു. ഭൂമിക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഭാഗമായി.’ –ശ്യാംഭാരതി പറഞ്ഞു.
22 വർഷമായി പൂട്ടിക്കിടക്കുന്ന പൊതുമേഖലാസ്ഥാപനമായ അശോക് പേപ്പർമിൽസാണ് ഹയാഘട്ടിലെ വലിയ പ്രശ്‌നം. അയ്യായിരത്തിലേറെ തൊഴിലാളികൾ ജോലി ചെയ്‌ത സ്ഥാപനം അടച്ചതോടെ മേഖലയിൽ പട്ടിണി വ്യാപകമായി. നിരവധി പേർ ജീവനൊടുക്കി. മിൽ തുറക്കാമെന്ന് വാഗ്‌ദാനം ചെയ്‌താണ് ജെഡിയുവും ബിജെപിയും 2010ലും 2015ലും ജയിച്ചത്. ജെഡിയുവും ബിജെപിയും വാക്ക് പാലിക്കാത്ത സാഹചര്യത്തിൽ, സിപിഐ എമ്മിൽ മാത്രമാണ് ജനങ്ങൾക്ക് പ്രതീക്ഷയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ലലൻ ചൗധ്‌രിയും പറഞ്ഞു.









0 comments