ഹരിയാനയിൽ ഏറ്റുമുട്ടൽ; രണ്ട് പ്രതികൾക്ക് കാലിന് വെടിയേറ്റു

ചണ്ഡിഗഡ്: ഹരിയാനയിലെ സോനിപത്തിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സും (STF) ക്രിമിനൽ സംഘവും തമ്മിൽ ഏറ്റുമുട്ടൽ. തട്ടിക്കൊണ്ടുപോകൽ കേസിലെ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. ഏറ്റുമുട്ടലിനിടെ രണ്ട് പ്രതികൾക്ക് കാലിൽ വെടിയേറ്റു. ബഹദൂർഗഡിലെ സ്വകാര്യ കോളേജ് ഉടമയുടെ മകനെ തട്ടിക്കൊണ്ടുപോയി 5 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലാണ് പൊലീസ് നടപടി.
മെഹന്ദിപൂർ ഗ്രാമത്തിന് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. എസ്ടിഎഫ് സംഘത്തിന് നേരെ പ്രതികൾ വെടിയുതിർത്തതോടെ പൊലീസ് തിരിച്ചടിക്കുകയായിരുന്നു. പരിക്കേറ്റ ചിത്രന്ദൻ (മഞ്ജീത്), വിന്നി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളിൽ നിന്ന് തോക്കുകളും വെടിയുണ്ടകളും ഇവ കടത്താനുപയോഗിച്ച ബൊലേറോ വാഹനവും കണ്ടെടുത്തു. കൂടാതെ മോചനദ്രവ്യമായി കൈപ്പറ്റിയ പണവും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.










0 comments