വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിൽ സമയം 10 മണിക്കൂറായി ഉയർത്തി ഹരിയാന സർക്കാർ

ചണ്ഡീഗഡ്: കടകളിലെയും സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ജോലി സമയം ഒമ്പതിൽ നിന്ന് പത്ത് മണിക്കൂറായി ഉയർത്തി ഹരിയാനയിലെ ബിജെപി സർക്കാർ. ഇതിനായി 1958 ലെ ഹരിയാന ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് (ഭേദഗതി) ബിൽ ഭേദഗതി ചെയ്തു.
തൊഴിലാളികൾക്ക് തുടർച്ചയായ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനാണ് ബില്ലെന്നാണ് ന്യായീകരണം. പരിഷ്കാരങ്ങളിലൂടെ ചെറുകിട സ്ഥാപനങ്ങളുടെ മേലുള്ള ഭാരം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് തൊഴിൽ മന്ത്രി അനിൽ വിജ് അവകാശപ്പെട്ടു.
ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതല്ല "ആധുനിക അടിമത്തം" നിയമവിധേയമാക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ചൂണ്ടികാട്ടി.
ഓവർ ടൈം
50 മണിക്കൂറിൽ നിന്ന് 156 ആക്കി
പുതിയ ഹരിയാന ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് (ഭേദഗതി) ബിൽ 2025 ഓവർ ടൈമിലും വലിയ ഭാരം തൊഴിലാളികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതാണ്.
ഓരോ പാദത്തിലും ഓവർടൈം ജോലിയുടെ അനുവദനീയമായ പരിധി 50 മണിക്കൂറിൽ നിന്ന് 156 മണിക്കൂറായി കുത്തനെ ഉയർത്തി. കടകൾക്കും ഇതര വാണിജ്യ സ്ഥാപനങ്ങൾക്കും പീക്ക് ബിസിനസ് ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നിറവേറ്റാൻ ഇത് എളുപ്പമാക്കും എന്നാണ് അടുത്ത ന്യായീകരണം. മാത്രമല്ല, വിശ്രമമില്ലാതെ തുടർച്ചയായി ജോലി ചെയ്യാവുന്ന പരമാവധി സമയം അഞ്ച് മണിക്കൂറിൽ നിന്ന് ആറ് മണിക്കൂറായി ഉയർത്താനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
"ഇനി, രണ്ട് മണിക്കൂർ ഓവർടൈമിനൊപ്പം 10 മണിക്കൂർ ദൈനംദിന ജോലിയും എടുക്കുക എന്നാണ് മന്ത്രി ആഹ്വാനം ചെയ്തത്.
ബിസിനസുകൾക്കുള്ള രജിസ്ട്രേഷനും മറ്റ് നിയന്ത്രണ വ്യവസ്ഥകൾക്കും ഇളവുണ്ട്. ഇനി മുതൽ 20 തൊഴിലാളികളിൽ അധികം ഉണ്ടെങ്കിൽ മാത്രം റജിസ്ട്രേഷൻ ഉറപ്പാക്കിയാൽ മതി.
ഇരുപതിൽ താഴെ ജീവനക്കാരാണെങ്കിൽ അവരുടെ ബിസിനസിന്റെ ഒരു അറിയിപ്പ് മാത്രമേ നൽകേണ്ടതുള്ളൂ എന്ന് മന്ത്രി പറഞ്ഞു. നേരത്തെ, ഓരോ കടയുടമയും രജിസ്റ്റർ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. 20 ൽ താഴെ തൊഴിലാളികളുള്ള 80 ശതമാനത്തിലധികം കടകളെയും സ്ഥാപനങ്ങളെയും നിയമത്തിന്റെ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഹരിയാന സ്വകാര്യ സർവകലാശാലകൾ (ഭേദഗതി) ബിൽ- 2025; ഹരിയാന അബാദി ദേഹ് (ഉടമസ്ഥാവകാശങ്ങളുടെ വെസ്റ്റിംഗ്, റെക്കോർഡിംഗ്, പരിഹാരം) ബിൽ, 2025; ഹരിയാന ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ബിൽ, 2025 എന്നിവ പാസാക്കിയ പുതിയ ബില്ലുകളിൽ ഉൾപ്പെടുന്നു.










0 comments