ad
Deshabhimani

എൽപിജി പ്രതിസന്ധി: ഖത്തറിൽ ചർച്ച നടത്തി പെട്രോളിയം മന്ത്രി; 'ഗ്രീൻ ആശ' മുംബൈയിൽ

Green Asha.jpg
വെബ് ഡെസ്ക്

Published on Apr 10, 2026, 06:39 AM | 1 min read

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിതരണം സ്തംഭനാവസ്ഥയിലായ പശ്ചാത്തലത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ ഖത്തർ സന്ദർശനം ഇന്നും തുടരും. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഖത്തറിലെ ഊർജ നിലയങ്ങൾക്കുണ്ടായ ആഘാതം ഇന്ത്യയിലേക്കുള്ള എൽഎൻജി, എൽപിജി ഇറക്കുമതിയെ സാരമായി ബാധിച്ചിരുന്നു.


ഈ സാഹചര്യത്തിൽ വിതരണ ശൃംഖല പുനഃസ്ഥാപിക്കാനുള്ള അടിയന്തര ചർച്ചകൾക്കാണ് മന്ത്രി നേതൃത്വം നൽകുന്നത്. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ വെല്ലുവിളികൾക്കിടയിലും 15,400 ടൺ എൽപിജിയുമായി ഇന്ത്യൻ കപ്പലായ 'ഗ്രീൻ ആശ' മുംബൈയിലെ ജെഎൻപിഎ തുറമുഖത്ത് സുരക്ഷിതമായി എത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി.


പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ച ശേഷം ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലെത്തുന്ന ആദ്യ കപ്പലാണിത്. ഇന്ത്യയുടെ ആകെ എൽഎൻജി ഇറക്കുമതിയുടെ 45 ശതമാനവും ഖത്തറിൽ നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇറക്കുമതി ചെയ്ത 27 ദശലക്ഷം ടണ്ണിൽ 11.2 ദശലക്ഷവും ഖത്തർ വിഹിതമായിരുന്നു.


വിതരണത്തിലെ കുറവ് പരിഗണിച്ച് ഗാർഹിക ഉപഭോക്താക്കൾക്ക് നൽകുന്ന സിലിണ്ടറുകളുടെ എണ്ണത്തിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എൽപിജി പ്രതിസന്ധി മറികടക്കാൻ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുകളിലേക്ക് മാറാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന നടപടികളും ഊർജിതമാക്കി.


ഖത്തറിലെ റാസ് ലഫാൻ വ്യവസായ നഗരത്തിലുണ്ടായ ആക്രമണങ്ങൾ ഉൽപാദനത്തെ ബാധിച്ചതിനാൽ 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ചിരുന്നു. അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ നിലനിൽക്കുന്ന രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രയോജനപ്പെടുത്തി പരമാവധി എൽപിജി സ്റ്റോക്ക് എത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം.


സന്ദർശനത്തിന് ശേഷം ഡൽഹിയിൽ തിരിച്ചെത്തുന്ന മന്ത്രി രാജ്യത്തെ എൽപിജി വിതരണത്തിലെ പുതിയ ക്രമീകരണങ്ങളെക്കുറിച്ച് വിശദമായ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home