ഹന്റാവൈറസ്: ഇന്ത്യയിൽ ആരോഗ്യ ഭീഷണിയില്ലെന്ന് ഐസിഎംആർ

പ്രതീകാത്മക ചിത്രം | Image Credit: UxDT
ന്യൂഡൽഹി : ആഡംബര വിനോദസഞ്ചാര കപ്പലിൽ രണ്ട് ഇന്ത്യൻ പൗരന്മാർക്ക് ഹന്റാവൈറസ് ബാധിച്ചതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ വിശദീകരണവുമായി ഐസിഎംആർ. ഇത് ഒറ്റപ്പെട്ട കേസ് മാത്രമാണെന്നും ഇന്ത്യയിൽ നിലവിൽ ആരോഗ്യ ഭീഷണിയില്ലെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. നവീൻ കുമാർ വെള്ളിയാഴ്ച വ്യക്തമാക്കി.
പ്രധാനമായും എലികളിലൂടെയും മറ്റ് കരണ്ടുതിന്നുന്ന ജീവികളിലൂടെയുമാണ് ഹന്റാവൈറസ് പകരുന്നത്. രോഗബാധിതരായ മൃഗങ്ങളുടെ വിസർജ്യങ്ങളുമായോ സ്രവങ്ങളുമായോ നേരിട്ടോ അല്ലാതെയോ സമ്പർക്കമുണ്ടാകുമ്പോഴാണ് മനുഷ്യരിലേക്ക് രോഗം എത്തുന്നത്. കോവിഡ് 19 പോലെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് എളുപ്പത്തിൽ പകരില്ലെന്നും അതിനാൽ വലിയൊരു രോഗവ്യാപനത്തിന് സാധ്യതയില്ലെന്നും ഡോ. നവീൻ കുമാർ പറഞ്ഞു. നിലവിൽ സമൂഹവ്യാപനത്തിന് തെളിവുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെട്ടെന്നുണ്ടാകുന്ന പനി, കഠിനമായ ശരീരവേദന, തലവേദന, ക്ഷീണം, വിറയൽ, ഓക്കാനം, ഛർദ്ദി, വയറുവേദന എന്നിവയാണ് ഈ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. വൈറസുമായി സമ്പർക്കമുണ്ടായി ഒന്ന് മുതൽ അഞ്ച് ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാം.
ഹന്റാവൈറസ് കണ്ടെത്താനുള്ള ആധുനിക ലാബ് സംവിധാനങ്ങൾ ഇന്ത്യയിലുണ്ട്. 165 ലാബുകൾ അടങ്ങുന്ന ശൃംഖല വഴി ആർടി - പിസിആർ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാൻ സാധിക്കും.
വെയർഹൗസുകൾ, കപ്പലുകൾ, വായുസഞ്ചാരം കുറഞ്ഞ സ്റ്റോറേജ് ഏരിയകൾ എന്നിവിടങ്ങളിൽ എലികളുടെ വിസർജ്യങ്ങളിൽ നിന്നുള്ള കണങ്ങൾ ശ്വസിക്കുന്നത് വഴിയാണ് പ്രധാനമായും രോഗം പകരുന്നത്.
കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ചെറിയൊരു ഗ്രൂപ്പിനിടയിലാണ് രോഗബാധ കണ്ടെത്തിയത്. ഇത് ഗൗരവകരമായ സംഭവമാണെങ്കിലും പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയായി കണക്കാക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ.ടെഡ്രസ് അദ്‌നോം ഗെബ്രിസിയൂസ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, മാലിന്യ സംസ്കരണത്തിലെ പോരായ്മ എന്നിവ എലികളെ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് എത്താൻ സഹായിക്കുമെന്നും ഇത് രോഗസാധ്യത വർധിപ്പിക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശുചിത്വം പാലിക്കുന്നതും എലികളെ നശിപ്പിക്കുന്നതുമാണ് ഹന്റാവൈറസിനെതിരെയുള്ള പ്രധാന പ്രതിരോധ മാർഗങ്ങൾ.









0 comments