കരൺ ഥാപ്പർക്കും സിദ്ധാർത്ഥ് വരദരാജിനും എതിരെ രാജ്യദ്രോഹ കുറ്റം, ഹാജരായില്ലെങ്കിൽ ഉടൻ അറസ്റ്റ് എന്നും ഭീഷണി

asam
വെബ് ഡെസ്ക്

Published on Aug 19, 2025, 12:00 PM | 2 min read

ഗുവാഹത്തി: ബിജെപി നയിക്കുന്ന സർക്കാരുകൾക്കും അവരുടെ ജനാധിപത്യ വിരുദ്ധ നടപടികൾക്കും എതിരെ സംസാരിച്ചാൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന പതിവ് പ്രതികാര നടപടി രാജ്യത്തെ മുതിർന്ന മാധ്യമ പ്രവർത്തകർക്കെതിരെയും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജ്, കരണ്‍ ഥാപ്പർ എന്നിവര്‍ക്കെതിരേ ഗുവാഹത്തി പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി.


ഓഗസ്റ്റ് 22 ന് ഗുവാഹത്തി പോലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് ഇരുവര്‍ക്കും പോലീസ് അറിയിപ്പ് നൽകിയിരിക്കുന്നത്. സുപ്രീം കോടതി കേസിൽ സംരക്ഷണം പ്രഖ്യാപിച്ച അതേ ദിവസമാണ് മറികടന്നുള്ള പൊലീസ് നീക്കം.


കേസിൽ ജൂലൈ 11 ന് സംസ്ഥാനത്ത് ഫയൽ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ദി വയർ മാധ്യമപ്രവർത്തകർക്ക് സംരക്ഷണം പ്രഖ്യാപിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള നിർബന്ധിത നടപടികളിൽ നിന്ന് സംരക്ഷണം നൽകുകയും ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 152 ന്റെ കുറ്റങ്ങൾ ചോദ്യം വയർ നൽകിയ റിട്ടിൽ സർക്കാരിന് നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ അതേ ദിവസം തന്നെയാണ് പൊലീസ് സമൻസ് പുറപ്പെടുവിച്ചിരിക്കുന്നത്.


'ദി വയറി'ന്റെ സ്ഥാപക പത്രാധിപനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമാണ് സിദ്ധാര്‍ത്ഥ് വരദരാജന്‍. 'ദി വയറി'ല്‍ തന്നെയാണ് ഥാപ്പറും പ്രവര്‍ത്തിക്കുന്നത്. ദി വയറിനെതിരെ നേരത്തെയും കേന്ദ്ര സർക്കാർ നീക്കം നടത്തിയിരുന്നു. ഫാസിസ്ററ് നീക്കങ്ങൾ തുറന്നു കാട്ടിയതോടെ അടച്ചുപൂട്ടിച്ചു. പക്ഷെ സുപ്രീം കോടതി നടപടി വിലക്കി. കരൺ ഥാപ്പറുടെ മുന്നിൽ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ വിയർക്കുകയും ഉത്തരം മുട്ടി എഴുന്നേറ്റ് പോകുകയും ചെയ്യുന്ന നരേന്ദ്ര മോദിയുടെ വീഡിയോ ഇപ്പോഴും വൈറലാണ്. ബിബിസിക്ക് വേണ്ടിയാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കരൺ ഥാപ്പർ അഭിമുഖം നടത്തുന്നത്. അസമിൽ നടക്കുന്ന നാടുകടത്തൽ നടപടിയും സർക്കാർ പിന്തുണയ്ക്കുന്ന വിഭാഗീയ കുടിയൊഴിപ്പിക്കൽ നടപടികളും വയർ പുറത്ത് കൊണ്ടു വന്നിരുന്നു.


എന്താണ് കേസ്, എന്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തത് എന്ന് അസം പൊലീസ് വ്യക്തമാക്കിയിട്ടില്ല. എഫ്‌ഐആർ തീയതി പരാമർശിച്ചിട്ടില്ല. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ നൽകിയിട്ടില്ല,.എഫ്‌ഐആറിന്റെ പകർപ്പ് സമൻസിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ബിഎൻഎസ്‌എസിന്റെ ഈ വകുപ്പ് പ്രകാരം സമൻസ് അയയ്ക്കുമ്പോൾ പോലീസ് നിയമപരമായി ചെയ്യാൻ ബാധ്യസ്ഥരായ കാര്യങ്ങൾ ഒഴിവാക്കി തിടുക്കപ്പെട്ടാണ് നടപടി. ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള കാരണം ഉണ്ടെന്നും ആതുകൊണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കണം എന്നും മാത്രമാണ് പൊലീസ് അറിയിപ്പ്.


ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികൾ കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നിർദ്ദേശവും മറികടന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.


ഓഗസ്റ്റ് 14 നാണ് സിദ്ധാര്‍ഥ് വരദരാജന് സമന്‍സ് ലഭിച്ചത്. തിങ്കളാഴ്ചയാണ് ഥാപ്പര്‍ക്ക് നോട്ടീസ് ലഭിച്ചത്. നോട്ടീസുപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്നതില്‍/ഹാജരാകുന്നതില്‍ പരാജയപ്പെട്ടാല്‍ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിയുണ്ട്.


ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സൗമര്‍ജ്യോതി റേയാണ് സമന്‍സ് പുറപ്പെടുവിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 152, 196, 197(1)(D)/3(6), 353, 45, 61 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.


രാജ്യദ്രോഹത്തിന്റെ പേരിൽ ഭരണ കൂട ഭീകരത അടിച്ചേൽപ്പിക്കുന്നതായ വിമർശിക്കപ്പെട്ട വകുപ്പ് പുനസ്ഥാപിച്ചതാണ് ചുമത്തിയ കുറ്റങ്ങളിലെ പ്രധാന വകുപ്പ്. ബിഎൻഎസിന്റെ സെക്ഷൻ 152 ('ഇന്ത്യയുടെ പരമാധികാരം, ഐക്യം, സമഗ്രത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ') എന്നത് 2022- മെയ് മാസത്തിൽ സുപ്രീം കോടതി ഒരു വിധിയിലൂടെ സ്റ്റേ ചെയ്ത മുൻ രാജ്യദ്രോഹ വ്യവസ്ഥയുടെ (ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ) പുനർനാമകരണം ചെയ്ത പതിപ്പാണ്.



deshabhimani section

Related News

View More
0 comments
Sort by

Home