Deshabhimani

പശ്ചിമേഷ്യ സംഘർഷം; ഡ്രൈ ഫ്രൂട്സിന് പൊള്ളുന്ന വില, മൊത്തവിപണിയിൽ 35 ശതമാനം വരെ വർധന

dry fruits price hike
വെബ് ഡെസ്ക്

Published on Nov 04, 2026, 11:17 AM | 1 min read

ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇന്ത്യയിൽ ഡ്രൈ ഫ്രൂട്ട്സിന്റെ വില കുതിച്ചുയരുന്നു. ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതി തടസ്സപ്പെട്ടതും ചരക്കുനീക്കത്തിനുള്ള ചെലവ് വർധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഉത്സവകാല ആവശ്യകത വർധിച്ചതോടെ രാജ്യത്തെ മൊത്തവ്യാപാര വിപണികളിൽ ഡ്രൈ ഫ്രൂട്ട്സിന്റെ വില 25 മുതൽ 35 ശതമാനം വരെ ഉയർന്നതായി വ്യാപാരികൾ പറയുന്നു.


ബദാമിന്റെയും പിസ്തയുടെയും വില വൻതോതിൽ ഉയർന്നു. ബദാമിന്റെ കിലോ വില 880 രൂപയിൽനിന്ന് 1,230 രൂപയായി ഉയർന്നു. പിസ്തയുടെ വില 1,500 രൂപയിൽനിന്ന് 2,000 രൂപയായും വാൽനട്ടിന്റെ വില 1,600 രൂപയിൽനിന്ന് 2,100 രൂപയായും വർധിച്ചു. പൈൻ നട്ട്സിന്റെ വില കിലോയ്ക്ക് 4,200 രൂപയിൽനിന്ന് 5,500 രൂപയിലെത്തി. പ്രീമിയം ഇനങ്ങൾക്ക് കിലോയ്ക്ക് 3,000 മുതൽ 9,000 രൂപ വരെയാണ് വില. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ചരക്കുകപ്പലുകൾക്ക് ബദൽ പാതകൾ സ്വീകരിക്കേണ്ടിവരുന്നതാണ് ഗതാഗതച്ചെലവ് വർധിപ്പിക്കുന്നത്. സംഘർഷ സാധ്യത നിലനിൽക്കുന്ന ഇറാനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നുമുള്ള പിസ്ത, ബദാം, ഉണക്കമുന്തിരി തുടങ്ങിയവയുടെ ലഭ്യതക്കുറവും കാരണമായി.


ദീപാവലി സമയത്ത് ഇവയുടെ വില കൂടിയത് മധുരപലഹാര വിപണിയിലും വിലവർധനയ്ക്ക് കാരണമായി. ദീപാവലി സമ്മാനപ്പൊതികളിൽ ഡ്രൈ ഫ്രൂട്സ് പ്രധാന ഇനമാണ്. വില കൂടിയതോടെ സമ്മാനപ്പൊതികളിൽ പിസ്ത അടക്കമുള്ളവയുടെ അളവ് കുറച്ച ശേഷം താരതമ്യേന വില കുറഞ്ഞ മറ്റുള്ളവ ഉൾപ്പെടുത്തുകയാണ് വ്യാപാരികൾ. വില കൂടിയിട്ടും ഉത്സവ സീസണായതിനാൽ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് അഞ്ച് മുതൽ ഏഴ് ശതമാനം വരെ വർധന രേഖപ്പെടുത്തിയതായും വ്യാപാരികൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home