അദാനിക്കെതിരെ വാർത്ത: മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ ഗുജറാത്ത് പൊലീസ് റെയ്ഡ് നടത്തി

അലഹബാദ്: മോദിയുടെ ഉറ്റചങ്ങാതിയും ശതകോടീശ്വരനുമായ ഗൗതം അദാനിക്കെതിരെ വാർത്ത നൽകിയ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ ഗുജറാത്ത് പൊലീസ് റെയ്ഡ് നടത്തി. ഡൽഹിയിലെയും കേരളത്തിലെയും വീടുകളിലാണ് ഗുജറാത്ത് പൊലീസ് പരിശോധന നടത്തിയത്. വീട്ടിൽ നിന്നും ലാപ്ടോപ്പും ഐപാഡും പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.
രവി നായർ ‘വാഷിങ്‌ടൺ പോസ്‌റ്റിൽ’ എഴുതിയ ലേഖനത്തിനെതിരെയാണ് അദാനി കേസ് നൽകിയത്. ഏകദേശം 3.9 ബില്യൺ ഡോളർ മൂല്യമുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) നിക്ഷേപങ്ങൾ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്ക് മാറ്റാൻ ഇന്ത്യയിലെ ഉദ്യോഗസ്ഥർ നിർദേശിച്ചുവെന്നായിരുന്നു ലേഖനത്തിൽ പരാമർശിച്ചത്. ഇതാണ് അദാനിയെ ചൊടിപ്പിച്ചത്.
റാഫേൽ, പവൻ ഹാൻസ്, സിഎജി, ഇലക്ടറൽ ബോണ്ടുകൾ തുടങ്ങിയവയെ സംബന്ധിച്ച നിരവധി അന്വേഷണാത്മക വാർത്തകൾ പ്രസിദ്ധീകരിച്ച രവി നായർ ബിജെപിയുടെ കണ്ണിലെ കരടാണ്. മോദി സർക്കാർ അദാനി ഗ്രൂപ്പിന് ചെയ്‌ത ‘ 500 കോടിയുടെ സഹായം’ തുറന്നുകാട്ടി 2017 ൽ ലേഖനമെഴുതിയ മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ താക്കൂർത്തയ്‌ക്കെതിരെയും ഗ്രൂപ്പ് മാനനഷ്‌ടക്കേസ് നൽകിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.










0 comments