പാളയത്തെ സ്വർണാഭരണ തട്ടിപ്പ്: പ്രതി കാണാമറയത്ത്; ഉറപ്പൊന്നും പാലിക്കാതെ പൊലീസ്

സ്വന്തം ലേഖകൻ
Published on Aug 18, 2026, 07:51 AM | 1 min read
കോഴിക്കോട്: പാളയത്തെ കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ നിന്ന് 1.4 കോടിയുടെ സ്വർണാഭരണം തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽതപ്പുന്നു. സംഭവം നടന്ന് 22 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല. നഗരമധ്യത്തിൽ വൻ കൊള്ള നടത്തിയ പ്രതിയെ കണ്ടെത്താൻ അന്വേഷക സംഘം വിപുലീകരിക്കാനോ മറ്റ് ഏജൻസികൾക്ക് കൈമാറാനോ തയ്യാറായിട്ടുമില്ല. ജൂലൈ 27നാണ് പാളയം കമ്മത്ത് ലെയ്നിലെ 11 ജ്വല്ലറികളിൽനിന്നായി ശേഖരിച്ച 1.4 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി പറമ്പിൽബസാർ സ്വദേശി സഫർനാസ് കടന്നുകളഞ്ഞത്. കടകളിൽനിന്ന് ഉപഭോക്താക്കൾക്ക് മോഡൽ കാണിക്കാനെന്ന വ്യാജേന 948.010 ഗ്രാം സ്വർണാഭരണങ്ങൾ ശേഖരിച്ചാണ് ഇയാൾ വൻ തട്ടിപ്പ് നടത്തിയത്.
പ്രതിക്കായി ലുക്കൗട്ട് നോട്ടീസടക്കം പുറത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല. ആദ്യ ദിവസങ്ങളിൽ പ്രതിയുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ടൗൺ പൊലീസ് പരിശോധന നടത്തിയെങ്കിലും പിന്നീട് അന്വേഷണ നടപടികളെല്ലാം നിലച്ച മട്ടാണ്. ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ വയനാട് ഭാഗത്തേയ്ക്ക് കടന്നതായി സൂചന ലഭിച്ചെങ്കിലും പ്രതിക്ക് പിന്നാലെ പോകാൻ പൊലീസ് കാര്യമായ ശ്രമം നടത്തിയില്ല.ആസൂത്രിതമായ കവർച്ചയാണെന്ന് പൊലീസ് ആവർത്തിക്കുന്നുണ്ടെങ്കിലും അതിന് അനുസൃതമായ രീതിയിൽ അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്ന ആരോപണം ശക്തമാണ്. അതേസമയം, ഒളിവിൽ കഴിയുന്ന പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. തിങ്കളാഴ്ച ഹർജി പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചു.
ഉറപ്പൊന്നും പാലിക്കാതെ പൊലീസ്
പ്രതിയെ ഉടനെ പിടികൂടുമെന്ന ഉറപ്പ് പാലിക്കാൻ പൊലീസിന് സാധിക്കുന്നില്ലെന്ന് സ്വർണവ്യാപാരികൾ പറയുന്നു. ആഗസ്ത് 15നകം പ്രതിയെ പിടികൂടിയിരിക്കുമെന്നായിരുന്നു ഉന്നത പൊലീസുദ്യോഗസ്ഥൻ നൽകിയിരുന്ന ഉറപ്പ്. അതും പാഴായി. ഗുരുതരമായ അനാസ്ഥയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും വലിയ പ്രതിഷേധത്തിലേക്ക് പോകേണ്ടി വരുമെന്നും വ്യാപാരികൾ പറയുന്നു. തിങ്കളാഴ്ചയും പൊലീസുദ്യോഗസ്ഥനെ സമീപിച്ചിരുന്നു. ഉടൻ പിടിക്കുമെന്ന പതിവ് മറുപടിയാണ് കിട്ടിയതെന്നും വ്യാപാരികൾ പറയുന്നു.










0 comments