തകർന്നടിയുന്ന വിദ്യാഭ്യാസരംഗത്തിന്റെ ഗുജറാത്ത് മോഡൽ; രണ്ട് വർഷത്തിനിടെ പൂട്ടിയത് 75 സർക്കാർ സ്കൂളുകൾ

അഹമ്മദാബാദ്: ഗുജറാത്തിലെ പൊതുവിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 75 സർക്കാർ പ്രൈമറി സ്‌കൂളുകൾ അടച്ചുപൂട്ടിയതായി ഗുജറാത്ത് സർക്കാർ നിയമസഭയെ അറിയിച്ചു.
പഠിക്കാൻ കുട്ടികൾ ഇല്ലാത്തതും അധ്യാപകരുടെ കടുത്ത ക്ഷാമവുമാണ് സ്‌കൂളുകൾ പൂട്ടാൻ കാരണമെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി 21 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
പല സ്കൂളുകളിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒരു വിദ്യാർത്ഥി പോലും പുതിയതായി ചേർന്നിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പഠനനിലവാരത്തിലെ ഇടിവുമാണ് രക്ഷിതാക്കളെ സർക്കാർ സ്കൂളുകളിൽ നിന്ന് അകറ്റുന്നത്.
ഗോത്രവർഗ്ഗ മേഖലകളിലാണ് സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതൽ. ഖാൻപൂർ, കാവന്ത്, പോഷിന താലൂക്കുകളിലെ സ്കൂളുകൾ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ മുന്നിലാണ്.
അധ്യാപക നിയമനം നടക്കാത്തതിനാൽ പല സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിപ്പിക്കാൻ ഒരൊറ്റ അധ്യാപകൻ മാത്രമാണുള്ളത്. വിദ്യാഭ്യാസ രംഗത്ത് വൻ മുന്നേറ്റം അവകാശപ്പെടുന്ന 'ഗുജറാത്ത് മോഡലി'ന്റെ പൊള്ളത്തരമാണ് ഈ കണക്കുകൾ പുറത്തുകൊണ്ടുവരുന്നത്.
കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനോ അധ്യാപകരെ നിയമിക്കാനോ സർക്കാർ നടപടി സ്വീകരിക്കാത്തത് വിദ്യാഭ്യാസരംഗത്തെ കൂടുതൽ തകർച്ചയിലേക്ക് കൊണ്ടുപോകുകയാണ്.











0 comments