ad
Deshabhimani

വ്യാജ വിവാഹവും വ്യാജ വിവാഹമോചനവും; യുകെ വിസ തട്ടിപ്പിന്റെ ഗുജറാത്ത് മോഡൽ

Visa scam.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Jan 08, 2026, 08:04 PM | 1 min read

അഹമ്മദാബാദ്: വിദേശത്തേക്ക് കടക്കാൻ സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പ് നടത്തിയ സംഘം ഗുജറാത്തിൽ പിടിയിലായി. വ്യാജ വിവാഹരേഖകളും വിവാഹമോചന കരാറുകളും നിർമ്മിച്ച് യുകെ വിസ നേടിയെടുക്കാൻ ശ്രമിച്ച വൻ സംഘത്തെയാണ് മെഹ്‌സാന പൊലീസ് വലയിലാക്കിയത്.


സംഭവവുമായി ബന്ധപ്പെട്ട് വിസ ഏജന്റുമാരടക്കം എട്ട് പേർക്കെതിരെ കേസെടുത്തു. ഗുജറാത്തിലെ മെഹ്‌സാന സ്വദേശികളായ യുവാക്കളും യുവതികളുമാണ് തട്ടിപ്പിന് പിന്നിൽ. യുകെയിലേക്ക് പോകാൻ യോഗ്യതയുള്ള പങ്കാളികളെ കണ്ടെത്തി അവരുമായി വ്യാജ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു രീതി.


വിസ നടപടികൾ പൂർത്തിയാക്കാൻ വ്യാജ രേഖകൾ ചമയ്ക്കുകയും പിന്നീട് യുകെയിൽ എത്തിയ ശേഷം ബന്ധം വേർപ്പെടുത്തുന്നതിനായി വ്യാജ വിവാഹമോചന കരാറുകൾ നിർമ്മിക്കുകയും ചെയ്തു.


വിസ ഏജന്റുമാരുടെ സഹായത്തോടെയാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്. ഇംഗ്ലീഷ് ഭാഷാ പരീക്ഷയായ ഐഇഎൽടിഎസ് ജയിച്ച യുവതികളെ കണ്ടെത്തുകയും വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന യുവാക്കളുമായി ഇവരുടെ വിവാഹം നടന്നതായി വ്യാജ രേഖകൾ ഉണ്ടാക്കുകയും ചെയ്യും.


ഇതിനായി ലക്ഷക്കണക്കിന് രൂപയാണ് ഏജന്റുമാർ വാങ്ങിയിരുന്നത്. വിവാഹമോചന കരാറുകളിൽ കോടതിയുടെയും അഭിഭാഷകരുടെയും മുദ്രകൾ വ്യാജമായി പതിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിദേശ വിസയ്ക്കായി ഗുജറാത്തിൽ ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചു വരുന്നത് ഗൗരവകരമാണെന്ന് പൊലീസ് അറിയിച്ചു. മറ്റു പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home