print edition ഉത്സവകാലത്തും കുതിച്ചില്ല 
ജിഎസ്‌ടി വരുമാനം ; വിദേശനാണ്യ ശേഖരത്തിൽ 
700 കോടി ഡോളറിന്റെ ഇടിവ്‌

gst
വെബ് ഡെസ്ക്

Published on Nov 02, 2025, 03:40 AM | 2 min read


ന്യൂഡൽഹി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച ജിഎസ്‌ടി പരിഷ്‌കാരം വലിയ വരുമാന വർധനയുണ്ടാക്കുമെന്ന കേന്ദ്രസർക്കാർ വാദം പൊളിഞ്ഞു. ദീപാവലി അടക്കമുള്ള ഉത്സവകാലമായിട്ടുകൂടി ഒക്‌ടോബറിലെ ജിഎസ്‌ടി വരുമാന വർധന മുൻവർഷത്തെ അപേക്ഷിച്ച്‌ 4.6 ശതമാനം മാത്രം. ഉത്സവകാലം കഴിഞ്ഞതോടെ വരും മാസങ്ങളില്‍ ജിഎസ്‌ടി വരുമാനം ഇടിഞ്ഞേക്കും. ഒക്‌ടോബറിലെ ജിഎസ്‌ടി വരുമാനം 1.96 ലക്ഷം കോടിയാണ്‌. 2024 ഒക്‌ടോബറിൽ 1.87 ലക്ഷം കോടിയായിരുന്നു. വര്‍ധന ഒന്പതിനായിരം കോടി രൂപ മാത്രം. ഇ‍ൗ സെപ്‌തംബറിൽ ജിഎസ്‌ടി വരുമാനം 1.89 ലക്ഷം കോടിയായിരുന്നു.


നടപ്പു സാമ്പത്തികവർഷം രണ്ടുവട്ടം ജിഎസ്‌ടി വരുമാനം രണ്ടുലക്ഷം കോടി കടന്നു. ഏപ്രിലിൽ 2.37 ലക്ഷം കോടിയെന്ന റെക്കോർഡിലെത്തി. മേയിലും വരുമാനം രണ്ടുലക്ഷം കോടി കടന്നു. എന്നാൽ കൊട്ടിഘോഷിച്ച ജിഎസ്‌ടി പരിഷ്‌കാരത്തിന്‌ ശേഷമുള്ള ആദ്യമാസം ഉത്സവകാലമായിട്ടുകൂടി രണ്ടുലക്ഷം കോടിയിലേക്ക്‌ വരുമാനമെത്തിയില്ല. ഏതാനും മാസമായി ശരാശരി ഒന്പതു ശതമാനം വീതം ഉയർന്ന വരുമാനമാണ്‌ ഒക്‌ടോബറിൽ 4.6 ശതമാനം വർധനവിൽ ഒതുങ്ങിയത്‌.ഇൻപുട്‌ ടാക്‌സ്‌ ക്രെഡിറ്റ്‌ (ഐടിസി) കുറച്ചുള്ള ആകെ ജിഎസ്‌ടി വരുമാനം ഒക്‌ടോബർ മാസത്തിൽ 1.69 ലക്ഷം കോടി രൂപയാണ്‌. മുൻവർഷത്തെ അപേക്ഷിച്ച്‌ ഐടിസി കിഴിച്ചുള്ള ആകെ ജിഎസ്‌ടിയിലുണ്ടായ വർധന നാമമാത്രം മാത്രമാണ്‌– 0.2 ശതമാനം. ജിഎസ്‌ടി പരിഷ്‌കാരത്തിലൂടെ നിത്യോപയോഗ വസ്‌തുക്കൾ‍, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ആഡംബര ഉൽപ്പന്നങ്ങൾ, വാഹനങ്ങൾ തുടങ്ങി 375 ഉൽപ്പന്നങ്ങളുടെ നികുതി നിരക്കിലാണ്‌ മാറ്റമുണ്ടായത്. ഉൽപ്പന്നങ്ങളുടെ വില കുറയുമെന്നും ഇത്‌ ഉപഭോഗം വർധിപ്പിച്ച്‌ കൂടുതൽ നികുതിവരുമാനത്തിന് വഴിയൊരുക്കുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരി‍ന്റെ അവകാശവാദം.


വിദേശനാണ്യ ശേഖരത്തിൽ 
700 കോടി ഡോളറിന്റെ ഇടിവ്‌

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ ഒക്‌ടോബർ 24 വരെയുള്ള കണക്കില്‍ 700 കോടി ഡോളറിന്റെ (ഏകദേശം 61000 കോടി രൂപ) ഇടിവ്‌ സംഭവിച്ചതായി റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ. ഒക്‌ടോബർ 17ന്‌ 702.3 ശതകോടി ഡോളറായിരുന്ന വിദേശനാണ്യ ശേഖരം ഒക്‌ടോബർ 24ന്‌ 695.4 ശതകോടി ഡോളറിലേക്ക്‌ താഴ്‌ന്നു.


വിദേശ കറൻസി ആസ്‌തി 390 കോടി ഡോളർ ഇടിഞ്ഞ്‌ 556.5 ശതകോടി ഡോളറിലെത്തി. സ്വർണ ശേഖരം 300 കോടി ഡോളർ ഇടിഞ്ഞ്‌ 105.5 ശതകോടി ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നതോടെ ഒക്‌ടോബർ 17ന്‌ അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ ആകെ വിദേശനാണ്യ ശേഖരത്തിന്റെ 15 ശതമാനത്തിലേറെയായി സ്വർണശേഖരം മാറിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home