ജിഎസ്‍ടി പരിഷ്‍കരണം

നേട്ടം ജനങ്ങളിലേക്ക്‌ എത്തുമോ ; മറുപടിയില്ലാതെ കേന്ദ്രം

gst
avatar
എം അഖിൽ

Published on Sep 05, 2025, 04:05 AM | 3 min read


ന്യൂഡൽഹി

ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ ഫലമായുള്ള വിലക്കുറവ്‌ ഉൾപ്പെടെയുള്ള ആശ്വാസം സാധാരണക്കാർക്ക്‌ ലഭിക്കുമോയെന്ന ചോദ്യത്തിന്‌ കേന്ദ്രമന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ കൃത്യമായ മറുപടിയില്ല. നേട്ടങ്ങൾ ഉപഭോക്താക്കൾക്ക്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ധനമന്ത്രി നിർമല സീതാരാമനും ഉപഭോക്താക്കൾക്ക്‌ നേട്ടങ്ങൾ കൈമാറാൻ കന്പനികളും മറ്റും തയ്യാറാകണമെന്ന്‌ വാണിജ്യമന്ത്രി പിയൂഷ്‌ ഗോയലും പ്രതികരിച്ചു. മുന്പും പല ഉൽപ്പന്നങ്ങളുടെയും നികുതി കുറച്ചിട്ടുണ്ടെങ്കിലും അതിന്റെ നേട്ടങ്ങൾ ഉപഭോക്താക്കളിലേക്ക്‌ ലഭിച്ചിട്ടില്ലെന്ന്‌ ജിഎസ്‌ടി ക‍ൗൺസിലിന്‌ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്‌. നികുതിനിരക്ക്‌ മാറ്റങ്ങൾ കോർപറേറ്റുകൾ കൊള്ളലാഭമുണ്ടാക്കാനുള്ള സുവർണാവസരമാക്കി മാറ്റും. എന്നാൽ, ഇ‍ൗ വിഷയത്തിൽ എന്തെങ്കിലും ഇടപെടല്‍ നടത്താൻ കേന്ദ്രം തയ്യാറായിട്ടില്ല. സ്വതന്ത്രവിപണിയിൽ വില നിർണയത്തിന്റെ കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾക്ക്‌ ഇടപെടാൻ പരിമതികളുണ്ടെന്നാണ്‌ കേന്ദ്രസർക്കാർ നിലപാട്‌.


പല ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതിനിരക്ക്‌ കുറച്ചെങ്കിലും അതിന്റെ യഥാർഥ ആനുകൂല്യം ഉപഭോക്താക്കൾക്ക്‌ ലഭിക്കുന്നില്ല. ഉദാഹരണത്തിന്‌ ജിഎസ്‌ടി പരിഷ്‌കരണവും നികുതി വെട്ടിക്കുറയ്‌ക്കലും മുന്നിൽക്കണ്ട്‌ സിമന്റ്‌ കന്പനികൾ സിമന്റിന്റെ വില വർധിപ്പിക്കാൻ ന‍ീക്കം തുടങ്ങി. ഇ‍ൗ മാസം തന്നെ ചാക്കിന്‌ 10 മുതൽ 15 രൂപ വരെ വർധിപ്പിച്ചേക്കും. ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ ഭാഗമായി സിമന്റിന്റെ ജിഎസ്‌ടി 28 ശതമാനത്തിൽ നിന്നും 18 ആക്കി കുറച്ചെങ്കിലും അതിന്റെ നേട്ടം സാധാരണക്കാർക്ക്‌ ലഭിക്കില്ലെന്ന്‌ അർത്ഥം. അതുപോലെ, ആരോഗ്യ ഇൻഷുറൻസിന്റെ ജിഎസ്‌ടി 18 ശതമാനത്തിൽ നിന്നും പൂജ്യമാക്കിയെങ്കിലും പ്രീമിയം തുക നാലുശതമാനം വരെ ഉയർത്തേണ്ടി വരുമെന്നാണ്‌ ഇൻഷുറൻസ്‌ കന്പനികളുടെ നിലപാട്‌. ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാർക്ക്‌ ലഭിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന്‌ കേരളം ജിഎസ്‌ടി ക‍ൗൺസിൽ യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടു.


നിരക്കുമാറ്റം 22 മുതൽ

പുതിയ പരിഷ്‌കരണത്തോടെ 12, 28 ശതമാനം സ്ലാബുകൾ ഒഴിവായി. അഞ്ച്‌, 18 ശതമാനം സ്ലാബുകൾ മാത്രം തുടരും. പുകയില ഉൽപ്പന്നങ്ങൾ, ആഡംബര കാറുകൾ– ബൈക്കുകൾ, കോള പോലുള്ള കാർബണേറ്റഡ്‌ പാനീയങ്ങൾ, സ്വകാര്യവിമാനങ്ങൾ, സ്വകാര്യ ഹെലികോപ്‌ടറുകൾ, ന‍ൗകകൾ എന്നീ ഉൽപ്പന്നങ്ങൾക്ക്‌ 40 ശതമാനമെന്ന പ്രത്യേക സ്ലാബാണ്‌. നേരത്തെ 28 ശതമാനം സ്ലാബിലായിരുന്ന ഇ‍ൗ ഉൽപ്പന്നങ്ങൾക്ക്‌ കേന്ദ്രം പ്രത്യേക സെസും ചുമത്തിയിരുന്നു. കോവിഡ്‌ കാലത്ത്‌ സംസ്ഥാനങ്ങൾക്ക്‌ സഹായം നൽകാനായെടുത്ത വായ്‌പയും മറ്റും തിരിച്ചടയ്‌ക്കുന്നത്‌ വരെ 40 ശതമാനം സ്ലാബിലെ ഉൽപ്പന്നങ്ങൾക്ക്‌ പഴയനികുതി നിരക്കും സെസും തന്നെ തുടരും. ഇത്‌ നടപ്പിലാകുന്പോൾ സെസുകൾ ഒഴിവാക്കുമെന്നും ആഡംബര കാറുകൾക്കടക്കം നേരിയ വിലക്കുറവുണ്ടാകുമെന്നും വിലയിരുത്തുന്നു.


ആഡംബര കാറുകൾക്ക്‌ നഷ്ടപരിഹാര തീരുവ ഉൾപ്പെടെ മൊത്തം 50 ശതമാനത്തോളം നികുതി ഉണ്ടായിരുന്നത്‌ 40 ശതമാനമായി കുറയും. അർബുദരോഗത്തിനുള്ള 33 മരുന്നുകൾക്ക്‌ 12 ശതമാനം നികുതിയുണ്ടായിരുന്നത്‌ പൂജ്യമാക്കി. ചില അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകളുടെ നികുതിയും 12ൽ നിന്നും അഞ്ച്‌ ശതമാനമാക്കി.​ പാൻമസാല,‍ പുകയില ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക്‌ 28 ശതമാനത്തിൽ നിന്നും 40 ശതമാനമാക്കിയിട്ടുണ്ട്‌.


അതേസമയം, പുകയില ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ചുമത്തിയിട്ടുള്ള നഷ്ടപരിഹാര തീരുവയുടെ കാലാവധി തീരുന്നതുവരെ 28 ശതമാനം നികുതി തുടരും. കോവിഡ്‌ കാലത്ത്‌ സംസ്ഥാനങ്ങൾക്കുണ്ടായ വരുമാനനഷ്ടം നികത്തുന്നതിനുവേണ്ടി എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ പുകയില ഉൽപ്പന്നങ്ങൾക്ക്‌ കേന്ദ്രം നഷ്ടപരിഹാരസെസ്‌ ചുമത്തിയത്‌.


ഭൂരിപക്ഷം
കാട്ടി വെല്ലുവിളി

പുതിയ നികുതി നിരക്കുകൾ നിലവിൽ വരുമ്പോഴുള്ള ഭീമമായ വരുമാനനഷ്ടം നികത്തണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തോട്‌ കേന്ദ്രം പൂർണമായും മുഖംതിരിച്ചു. ഫെഡറൽ തത്വങ്ങൾക്ക്‌ വില കൽപ്പിക്കാതെ ജിഎസ്‌ടി ക‍ൗൺസിലിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി കേന്ദ്രം തീരുമാനം നടപ്പിലാക്കുകയായിരുന്നു.


ബുധൻ രാത്രി ഒന്പതരവരെ നീണ്ട യോഗത്തിൽ വലിയ വാദപ്രതിവാദങ്ങളുയർന്നു. നികുതി നിരക്കുകൾ കുറയ്‌ക്കുന്നതിനെ പ്രതിപക്ഷ സംസ്ഥാനങ്ങൾ ഉൾപ്പെടെ സ്വാഗതം ചെയ്‌തിരുന്നു. വരുമാനനഷ്ടം നികത്താൻ കേന്ദ്രം തയ്യാറാകണമെന്ന നിലപാട്‌ മാത്രമാണ്‌ പ്രതിപക്ഷ സംസ്ഥാനങ്ങൾ സ്വീകരിച്ചത്‌. എന്നാൽ ഇ‍ൗ വിഷയത്തിൽ ചർച്ചയ്‌ക്ക്‌ തയ്യാറാകാനുള്ള ജനാധിപത്യമര്യാദ പോലും കേന്ദ്രം കാട്ടിയില്ല. വോട്ടെടുപ്പിലേക്ക്‌ നീങ്ങാമെന്നായിരുന്നു തുടക്കം മുതൽ കേന്ദ്രനിലപാട്‌.


പിന്നില്‍ യുഎസ്‌ ഭീഷണിയും

വരുമാനനഷ്ടത്തിന്‌ വഴിവയ്ക്കുന്ന ജിഎസ്‌ടി പരിഷ്‌കാരത്തിലേക്ക്‌ കേന്ദ്രസർക്കാർ നീങ്ങിയതിന്‌ പിന്നിലും അമേരിക്കൻ സമ്മർദമെന്ന്‌ സൂചന. യുഎസുമായി ഉഭയകക്ഷി വ്യാപാരചർച്ച പുരോഗമിക്കവെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് നാടകീയമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിച്ചത്‌. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കുമേൽ ആദ്യം പ്രഖ്യാപിച്ച 25 ശതമാനത്തിന്‌ പുറമെ 25 ശതമാനം അധികതീരുവ കൂടി ഡോണൾഡ്‌ ട്രംപ്‌ പ്രഖ്യാപിച്ച്‌ ദിവസങ്ങൾക്കുള്ളിലായിരുന്നു മോദിയുടെ പ്രഖ്യാപനം.


ഇടക്കാല വ്യാപാരകരാറിൽ എത്തിചേരുന്നതിനായി ഇന്ത്യയുടെയും യുഎസിന്റെ പ്രതിനിധി സംഘങ്ങൾ അഞ്ചുവട്ടം ചർച്ച നടത്തിയിരുന്നു. ഇറക്കുമതി തീരുവയ്‌ക്കൊപ്പം ആഭ്യന്തര തീരുവകളും ചർച്ച ചെയ്യപ്പെട്ടു. ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണ്‌ ഇന്ത്യയെന്ന നിലപാട്‌ ട്രംപ്‌ തുടക്കം മുതൽ സ്വീകരിച്ചിരുന്നു. ഇറക്കുമതി തീരുവയ്‌ക്ക്‌ പുറമെ ആഭ്യന്തര തീരുവകൾകൂടി മുന്നിൽ കണ്ടായിരുന്നു ട്രംപിന്റെ നീക്കമെല്ലാം. യുഎസിലെ വൻകിട കുത്തകകന്പനികളുടെ സമ്മർദവും ഇതിന്‌ പിന്നിലുണ്ട്‌. പല വൻകിട യുഎസ്‌ കുത്തകകളുടെയും വലിയ വിപണിയാണ്‌ ഇന്ത്യ. ഇറക്കുമതി തീരുവയ്‌ക്കൊപ്പം ആഭ്യന്തര തീരുവ കൂടി കുറയ്‌ക്കുന്നത്‌ ഇ‍ൗ കന്പനികൾക്ക്‌ വലിയ ഗുണം ചെയ്യും.


ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്ക്‌ ഇന്ത്യ 200 ശതമാനം തീരുവയാണ്‌ ചുമത്തുന്നതെന്ന്‌ ട്രംപ്‌ സ്ഥിരം കുറ്റപ്പെടുത്താറുണ്ട്. ഇറക്കുമതി തീരുവയ്‌ക്കൊപ്പം ആഭ്യന്തര തീരുവ കൂടി ചേർത്താണ് ട്രംപ് ഇ‍ൗ ആക്ഷേപം ഉന്നയിക്കുന്നത്. ട്രംപ്‌ തീരുവഭീഷണി ഉയർത്തിതുടങ്ങിയ ഘട്ടത്തിൽ തന്നെ കേന്ദ്രസർക്കാർ ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടെ ഇറക്കുമതി തീരുവ കുറച്ചു. ഇപ്പോഴത്തെ നികുതി പരിഷ്‌ക്കരണത്തോടെ ഹാർലി ബൈക്കുകളുടെ ജിഎസ്‌ടി 45ൽ നിന്ന്‌ 40 ശതമാനമായി കുറയും.



deshabhimani section

Related News

View More
0 comments
Sort by

Home