ad
Deshabhimani

സ്റ്റെയിൻസ് കുടുംബത്തിന്റെ കൂട്ടക്കൊല: ബിജെപി തുറന്നുവിടുന്നത് കൊടും കുറ്റവാളിയെ

Mahendra Hembram

Mahendra Hembram

വെബ് ഡെസ്ക്

Published on Apr 17, 2025, 04:26 PM | 1 min read

തിരുവനന്തപുരം: ഒഡിഷയിലെ ബിജെപി സർക്കാർ തുറന്നുവിട്ടത് ലോകത്തെ നടുക്കിയ വർഗീയവിദ്വേഷ കൊലപാതകത്തിലെ കുറ്റവാളിയെ. ആസ്ട്രേലിയൻ മിഷനറി ​ഗ്രഹാം സ്റ്റെയിൻസിനേയും രണ്ട് മക്കളേയും ഹിന്ദുത്വ തീവ്രവാദികൾ ക്രൂരമായി ചുട്ടുകൊന്നത് 26 വർഷം മുമ്പാണ്‌. കുഷ്ഠരോ​ഗികളെ പരിചരിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ​ഗ്രഹാമിനെയും മക്കളേയും മനോഹർപൂർ ​ഗ്രാമത്തിൽ ജീവനോടെ തീകൊളുത്തുകയായിരുന്നു.

മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വവർ​ഗീയ വാദികൾ നടത്തിയ കൊലപാതകം ലോകത്തെയാകെ ഞെട്ടിച്ചു. ആ​ഗോള തലത്തിൽ പ്രതിഷേധം അലയടിച്ചു.ഒഡിഷയിൽ ബിജെപി അധികാരത്തിലേറി ഒരു വർഷമാകുമ്പോഴേയ്ക്ക് കൊടും കുറ്റകൃത്യത്തിലെ പ്രധാനികളിലൊരാളായ മഹേന്ദ്ര ഹെംബ്രാമിനെ നല്ലനടപ്പ് ന്യായം പറഞ്ഞ് ജയിൽമോചിതനാക്കുകയാണ്. 14 പേരുണ്ടായിരുന്ന കേസിൽ 12 പേരെയും വെറുതെ വിടുകയായിരുന്നു


ചുട്ടുകൊന്നത് വാഹനത്തിനകത്ത് ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെയും പിതാവിനെയും


1999 ജനുവരി 22 ന് അർധരാത്രി മനോഹർപൂർ ​ഗ്രാമത്തിൽ പള്ളിക്കുമുന്നിൽ നിർത്തിയ വാഹനത്തിൽ വിശ്രമിക്കുകയായിരുന്ന സ്റ്റെയിൻസിനേയും മക്കളേയും ജീവനോടെ കത്തിക്കുകയായിരുന്നു. ജയ്ഹനുമാൻ വിളികളുമായെത്തിയ ബജരം​ഗ് ദളുകാർ അവരെ വളഞ്ഞു. മൂവരേയും വാഹനത്തിനുള്ളിലിട്ട് കത്തിച്ചു. സ്റ്റെയിൻസിന്റെ ഭാര്യ ​​ഗ്ലാഡിസ് സ്റ്റെയിൻസും മകൾ എസ്തറും സംഭവ സമയം കൂടെയില്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു. കൊലപാതകം അന്വേഷിച്ച വാദ്വ കമ്മീഷൻ സ്റ്റെയിൻസിന്റെ നേതൃത്വത്തിൽ മതപരിവർത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തി. കുഷ്ഠരോഗികളുടെ ക്ഷേമത്തിനായും ശുശ്രൂഷയ്ക്കും നേതൃത്വം നൽകിവരിയായിരുന്നു ഈ കുടുംബം.


ബാരിപാഡയിലുള്ള മയൂർഖഞ്ച് ഇവാഞ്ചലിക്കൽ മിഷിനറി ഓർ​ഗനെെസേഷന്റെ ആശുപത്രിയിൽ നടത്തിയ സേവനത്തിലൂടെ സമൂഹം അകറ്റിനിർത്തിയ ആയിരക്കണക്കിന് മനുഷ്യരെയാണ് സ്റ്റെയിൻസ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്.


സ്റ്റെയിൻസിന്റെ മരണശേഷം ആശുപത്രി പ്രവർത്തനം ഏറ്റെ‌ടുത്ത ​ഗ്ലാഡിസ് 2015ൽ 15 കിടക്കകളുള്ള ​ഗ്രഹാം മെമ്മോറിയൽ ആശുപത്രി സ്ഥാപിച്ചു. ഒഡീഷയിലെ ആതുര സേവനങ്ങൾ കണക്കിലെടുത്ത് ​ഗ്ലാഡിസിനെ 2000ത്തിൽ രാജ്യം പദ്മശ്രി നൽകി ആദരിച്ചു. സാമൂഹിക നീതിക്കുള്ള മദർതെരേസ മെമ്മോറിയൽ പുരസ്കാരവും ​​ഗ്ലാഡിസിന് ലഭിച്ചു.


മനുഷ്യസ്നേഹത്തിന്റെ മാതൃകയായിരുന്ന വ്യക്തിയെ ആണ് വർ​ഗീയതയുടെ ഭ്രാന്തിളകിയ സംഘപരിവാരങ്ങൾ ആസൂത്രിത നീക്കത്തിലൂടെ കത്തിച്ചുകൊന്നുകളഞ്ഞത്. ഭരണകൂടം വർ​ഗീയതയുടെ കാവിക്കൊടിയുമായി രാജ്യത്തെ വിഴുങ്ങാനൊരുങ്ങുന്ന സമകാലിക സാഹചര്യത്തിൽ ​ഗ്രഹാം സ്റ്റെയിൻസ് എന്ന മനുഷ്യൻ 26 വർഷത്തിനിപ്പുറവും വാർത്തകളിൽ നിറയുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home