കാലതാമസം വരുത്തരുത്; ഭൂരിപക്ഷം തെളിയിക്കാൻ വിജയ്‍യെ ഗവർണർ ക്ഷണിക്കണം: എം എ ബേബി

എം എ ബേബി
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയുടെ നേതാവ് വിജയ്‍യെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുന്നതിന് ഗവർണർ കാലതാമസം വരുത്തുന്നതിൽ യാതൊരു ന്യായീകരണവുമില്ല. തമിഴ്നാട് ഗവർണർ ജനാധിപത്യ മാതൃക മുറുകെപ്പിടിക്കണമെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് ടിവികെ നേടിയത്. എന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റ് ടിവികെയ്‌ക്ക് ഉണ്ടെന്ന് ഗവർണർക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പിന്തുണയ്‌ക്കുന്ന കക്ഷികളുടെ കത്ത് ഹാജരാക്കാന്‍ ഗവര്‍ണര്‍ ടിവികെ നേതാക്കളോട് നിര്‍ദേശിക്കുകയായിരുന്നു.
വ്യാഴാഴ്‌ച വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ടിവികെ നേതാക്കള്‍ പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ അന്തിമ അനുമതി നൽകിയിട്ടില്ലാത്തതിനാല്‍ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി.
ഡിഎംകെ നേതൃത്വം നല്‍കിയ മതനിരപേക്ഷ പുരോഗമന സഖ്യത്തിനൊപ്പം മത്സരിച്ച കോണ്‍ഗ്രസ് സ്വന്തം മുന്നണിയെ വഞ്ചിച്ച് ടിവികെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അഞ്ചു സീറ്റുകള്‍ ലഭിച്ചാലും ഭൂരിപക്ഷത്തിന് ആറു സീറ്റ് കുറവുണ്ട്. വിജയ് പിന്തുണ അഭ്യര്‍ഥിച്ചെങ്കിലും സർക്കാർ രൂപീകരണത്തിന് ടിവികെയെ പിന്തുണക്കില്ലെന്ന് സിപിഐ എമ്മും സിപിഐയും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐ എം എംഎൽഎമാരായ ആർ ചെല്ലസ്വാമി, ടി ലത, സിപിഐ എംഎൽഎമാരായ ടി രാമചന്ദ്രൻ, മാരിമുത്തു എന്നിവർ അണ്ണാ അറിവാലയത്തിലെത്തി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന് പിന്തുണ അറിയിച്ചു. രണ്ട് എംഎല്‍എമാരുള്ള മുസ്ലീംലീഗും ഡിഎംകെ സഖ്യത്തിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. രണ്ട് സീറ്റുള്ള വിടുതലൈ ചിരുത്തൈകള്‍ കച്ചി (വിസികെ) നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം, എഐഎഡിഎംകെ സഖ്യത്തിലെ ഒരുവിഭാഗം ടിവികെയെ പിന്തുണയ്‌ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.











0 comments