ad
Deshabhimani

print edition മൊത്തവില സൂചികയ്‌ക്ക്‌ പകരം ഇനി ഉൽപ്പന്നവില സൂചിക

Indian Rupee Reuters
avatar
സ്വന്തം ലേഖകൻ

Published on Jun 03, 2026, 12:36 AM | 1 min read

ന്യൂഡൽഹി: ഉൽപ്പന്ന വിലയിലെ വ്യത്യാസം കണക്കാക്കുന്ന മൊത്തവില സൂചികയ്‌ക്ക്‌ പകരം ഉൽപ്പന്നവില സൂചിക (പ്രൊഡ്യൂസർ പ്രൈസ്‌ ഇൻഡക്സ്‌– പിപിഐ) നടപ്പാക്കാനുള്ള പ്രക്രിയക്ക്‌ കേന്ദ്രസർക്കാർ തുടക്കമിട്ടു.


മൊത്തവില സൂചികയ്‌ക്കൊപ്പം ഇനി മുതൽ ഉൽപ്പന്നവില സൂചിക കൂടി പുറത്തുവിടും. മൊത്തവില സൂചിക കണക്കാക്കുന്നതിനുള്ള അടിസ്ഥാനവർഷം 2011–12ൽ നിന്ന്‌ 2022–23 ആക്കി. പുതുക്കിയ അടിസ്ഥാനവർഷത്തെ ആധാരമാക്കിയുള്ള ആദ്യ മൊത്തവില സൂചിക കണക്കുകൾ 15ന്‌ പുറത്തുവിടും. ഒപ്പം ഉൽപ്പന്നവില സൂചികയും പുറത്തുവിടും. അടുത്ത അഞ്ചുവർഷത്തേക്ക്‌ ഇരു സൂചികകളും ഒരുമിച്ച്‌ പുറത്തുവിടും. പിന്നീട്‌ ഉൽപ്പന്നവില സൂചിക മാത്രമാകും ലഭ്യമാക്കുക.


സൂചികയിൽ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങളുടെ എണ്ണം 697ൽ നിന്ന്‌ 957 ആക്കി. വൈദ്യുതി വിഭാഗത്തിൽ സ‍ൗരോർജം, കാറ്റിൽ നിന്നുള്ള ഉ‍ൗർജം തുടങ്ങിയവകൂടി ഉൾപ്പെടുത്തി. ഉൽപ്പന്നവില സൂചികയ്‌ക്കൊപ്പം ഏഴ്‌ സേവനങ്ങളെ ഉൾപ്പെടുത്തിയുള്ള സേവന ഉൽപ്പന്നവില സൂചികയും പുറത്തുവിടും. പരീക്ഷണാടിസ്ഥാനത്തിൽ ഉൽപ്പാദന ചെലവ്‌ കണക്കാക്കുന്ന ഇൻപുട്ട്‌ ഉൽപ്പന്നവില സൂചികയും തയ്യാറാക്കും. സേവന ഉൽപ്പന്നവില സൂചികയിൽ ബാങ്കിങ്‌, ഓഹരി ഇടപാടുകൾ, ഇൻഷുറൻസ്‌, പെൻഷൻ ഫണ്ടുകൾ, റെയിൽവെ, വിമാനയാത്രക്കാർ, ടെലികോം എന്നിവയാണ്‌ ഉൾപ്പെടുക. ആധുനിക സമ്പദ്‌വ്യവസ്ഥകൾ പിന്തുടരുന്ന മാതൃകയെന്ന നിലയിലാണ്‌ ഉൽപ്പന്നവില സൂചികയിലേക്കുള്ള ചുവടുമാറ്റമെന്ന്‌ വാണിജ്യ മന്ത്രാലയം അവകാശപ്പെട്ടു. ഒപ്പം ഐഎംഎഫിന്റെ ശുപാർശയുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home