മധ്യപ്രദേശിൽ മുൻ പിഡബ്ള്യുഡി എൻജിനിയറുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് 3 കോടി വിലമതിക്കുന്ന സ്വർണം

ഭോപ്പാൽ: മധ്യപ്രദേശിൽ മുൻ പിഡബ്ള്യുഡി എൻജിനിയറുടെ വീട്ടിൽ നടന്ന റെയ്ഡിൽ പിടിച്ചെടുത്തത്ത് മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണം. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറായി വിരമിച്ച ജി.പി. മെഹ്‌റയുടെ വീട്ടിലും മറ്റ് സ്വത്തുവകകളിലുമായി ലോകായുക്ത നടത്തിയ റെയ്ഡിലാണ് കണക്കിൽപ്പെടാത്ത സ്വത്ത് കണ്ടുകെട്ടിയത്.
മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണവും കിലോക്കണക്കിന് വെള്ളിയും പിടിച്ചെടുത്തു. പ്രത്യേക യന്ത്രം കൊണ്ടുവന്നാണ് സ്വത്തുവകകൾ ലോകായുക്ത എണ്ണിത്തിട്ടപ്പെടുത്തിയത്. ഭോപ്പാലിലെയും നർമ്മദാപുരത്തെയും വസതികളിലേക്കാണ് മിന്നൽ പരിശോധന നടത്തിയത്.
ആഡംബര കാറുകളും കോട്ടേജുകളും ഒരു ക്ഷേത്രവും അടക്കം ഉൾക്കൊള്ളുന്ന ഒരു ഫാം ഹൗസ് തന്നെ നർമ്മദാപുരത്ത് മെഹ്‌റയ്ക്ക് ഉണ്ടായിരുന്നു. ഗോവിന്ദ്പുര ഇൻഡസ്ട്രിയൽ ഏരിയയിലെ മെഹ്‌റയുടെ ബിസിനസ് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിലും ലക്ഷങ്ങൾ കണ്ടുകെട്ടി.
മണിപുരം കോളനിയിലെ ആഡംബരവസതിയിൽ നിന്ന് 8.79 ലക്ഷം രൂപ പണമായും 50 ലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങളും, 56 ലക്ഷം രൂപ വിലമതിക്കുന്ന നിക്ഷേപങ്ങളും കണ്ടെത്തി.









0 comments