ഗോവയിൽ സഞ്ചാരികളുടെ ഒഴുക്ക്; 2025-ൽ എത്തിയത് ഒരു കോടിയിലധികം പേർ

പനാജി: വിനോദസഞ്ചാര മേഖലയിൽ റെക്കോർഡ് നേട്ടവുമായി ഗോവ. 2025-ൽ ഗോവ സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം ഒരു കോടി പിന്നിട്ടു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണ് ഈ വർഷം ദൃശ്യമായതെന്ന് ഗോവ ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 1,08,02,410 സഞ്ചാരികളാണ് കഴിഞ്ഞ വർഷം ഗോവയിലെത്തിയത്. ഇതിൽ 1.02 കോടിയിലധികം പേർ ആഭ്യന്തര സഞ്ചാരികളാണ്. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്; ഏകദേശം 5.17 ലക്ഷം വിദേശികളാണ് 2025-ൽ കടൽത്തീരങ്ങളുടെ നാട് സന്ദർശിച്ചത്.
2024-ൽ ഇത് 1.04 കോടിയായിരുന്നു. ആഭ്യന്തര വിനോദസഞ്ചാരത്തിലുണ്ടായ വൻ വർദ്ധനവാണ് ഗോവയുടെ ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകം. അതേസമയം, വിദേശ സഞ്ചാരികളുടെ എണ്ണം കോവിഡിന് മുൻപുള്ള കണക്കുകളിലേക്ക് (2017-ൽ 8.9 ലക്ഷം) പൂർണ്ണമായി എത്തിയിട്ടില്ലെങ്കിലും മികച്ച തിരിച്ചുവരവിന്റെ പാതയിലാണെന്ന് ടൂറിസം മന്ത്രി രോഹൻ ഖൗണ്ടെ പറഞ്ഞു.
ചാർട്ടർ വിമാനങ്ങളുടെ വരവും മോപ്പ വിമാനത്താവളത്തിന്റെ പ്രവർത്തനം വിപുലീകരിച്ചതും സഞ്ചാരികളുടെ വരവ് സുഗമമാക്കി. ഗുണനിലവാരമുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.










0 comments