ഗോവ നിശാക്ലബ് തീപിടിത്തം: അസമിൽ നിന്നുള്ള യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി കുടുംബം

പനാജി: ഗോവയിലെ 'ബിർച്ച് ബൈ റോമിയോ ലെയ്ൻ' നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാരിന്റെ സഹായം തേടി കുടുംബം. അസം സ്വദേശിയായ 22 വയസ്സുകാരൻ ദിഗന്ത പാതിരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാണ് കുടുംബം സഹായം തേടിയത്. ക്ലബ്ബിൽ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു ദിഗന്ത.
25 പേരാണ് തീപിടിത്തത്തിൽ മരിച്ചത്. മരിച്ചവരിൽ അഞ്ച് പേരെങ്കിലും വിനോദസഞ്ചാരികളാണ്. കഴിഞ്ഞ വർഷമാണ് ദിഗന്ത ഗോവയിലേക്ക് പോയതെന്ന് അദ്ദേഹത്തിന്റെ മുത്തച്ഛൻ താനേശ്വർ പാതിർ പറഞ്ഞു. "അവൻ ക്ലബ്ബിൽ പാചകക്കാരനായി നന്നായി ജോലി ചെയ്യുന്നുണ്ടെന്ന് കേട്ടിരുന്നു. പുലർച്ചെ 5-6 മണിയോടെയാണ് അവൻ മരിച്ച വിവരം ഞങ്ങൾ അറിഞ്ഞത്. അവന്റെ അമ്മയ്ക്കും അനിയനും മൃതദേഹം തിരിച്ചെത്തിക്കാൻ മറ്റ് മാർഗങ്ങളില്ല. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഞങ്ങളെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അദ്ദേഹം സഹായിക്കുമെന്ന് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്," അദ്ദേഹം പറഞ്ഞു.
ദിഗന്തയുടെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. സഹോദരൻ കേരളത്തിൽ ജോലി ചെയ്യുകയാണ്. അമ്മയും അമ്മായിയും അസമിലെ ധേമാജിയിലുള്ള ഗ്രാമത്തിലാണ് താമസിക്കുന്നത്. പരിമിതമായ വരുമാനമുള്ളതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള യാത്രാച്ചെലവ് വഹിക്കാൻ നിർവാഹമില്ലെന്നാണ് കുടുംബം പറയുന്നത്.
ഞായറാഴ്ച അർദ്ധരാത്രി കഴിഞ്ഞാണ് നിശാക്ലബ്ബിൽ തീപിടുത്തമുണ്ടായത്. തീപിടിത്തത്തിൽ അസമിലെ കച്ചാർ സ്വദേശികളായ രാഹുൽ താന്തി, മനോജിത് മാൽ എന്നിവരും മരിച്ചിരുന്നു. ഇരുവരും ക്ലബ്ബിലെ ജീവനക്കാരായിരുന്നു. രാഹുൽ ക്ലബ്ബിൽ ജോലിക്ക് പ്രവേശിച്ച ആദ്യ ദിനമായിരുന്നു ദുരന്തമുണ്ടായത്.










0 comments