print edition ഗോവ നിശാക്ലബ് തീപിടിത്തം ; ലൂത്ര സഹോദരന്മാർ തായ്‌ലൻഡിൽ പിടിയിൽ

പനാജി
തീപിടിത്തമുണ്ടായ ഗോവ നിശാക്ലബ്ബിന്റെ ഉടമകളായ സഹോദരങ്ങൾ ഗൗരവ് ലൂത്രയും സൗരവ് ലൂത്രയും തായ്‌ലൻഡിലെ ഫുക്കറ്റിൽ പിടിയിലായി. രാജ്യംവിട്ട ഇരുവർക്കുംവേണ്ടി ലുക്ക്‌ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഉടൻ ഇവരെ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയത്.
നോർത്ത് ഗോവ ജില്ലയിലെ അർപോറയിലുള്ള ബിർച്ച് ബൈ റോമിയോ ലൈൻ നിശാക്ലബിൽ ശനി അർധരാത്രിയാണ് അപകടമുണ്ടായത്. വിദേശികളടക്കം 25 പേർ മരിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇരുവരും ടിക്കറ്റ് ബുക്ക്‌ചെയ്‌തതെന്ന വിവരവും പുറത്തുവന്നു. രാജ്യംവിടാൻ സർക്കാർ ഒത്താശ ചെയ്‌തെന്നും ആരോപണമുണ്ട്. ഇവരുടെ പാസ്‌പോർട്ട് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് ബുധനാഴ്‌ച ഗോവ സർക്കാർ വിദേശമന്ത്രാലയത്തെ സമീപിച്ചിരുന്നു.
സഹോദരന്മാർ ബിസിനസ് ആവശ്യത്തിനായി മുൻകൂട്ടി തീരുമാനിച്ച യാത്രയാണിതെന്നും ഇരുവരും ക്ലബ്ബിന്റെ ലൈസൻസികൾ മാത്രമാണെന്നും അഭിഭാഷകൻ വാദിച്ചു. സഹഉടമയായ അജയ് ഗുപ്‌തയെ കോടതി ഏഴുദിവസം കസ്റ്റഡിയിൽ വിട്ടു.










0 comments