print edition സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കൂ; ജെൻ ആൽഫ സമരമുഖത്ത്

ന്യൂഡൽഹി: സർക്കാർ സ്‌കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ തെരുവിൽ. വിവിധ സംസ്ഥാനങ്ങളിൽ ജെൻ ആൽഫ (2010ന് ശേഷം ജനിച്ചവർ) നടത്തുന്ന സമരത്തിന് സമൂഹമാധ്യമങ്ങളിലടക്കം വൻപിന്തുണയാണ് ലഭിക്കുന്നത്.
യുപി ഫത്തേപൂർ ജില്ലയിലെ സർവോദയ ഇന്റർ കോളേജിലുള്ള വിദ്യാർഥികൾ സ്‌കൂളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതാണ് ജെൻ ആൽഫ പ്രതിഷേധങ്ങളുടെ തുടക്കം. 1,500 കുട്ടികൾ ക്ലാസ് ബഹിഷ്‌കരിച്ച് ആറുമണിക്കൂറോളം പ്രതിഷേധിച്ചു. വൈദ്യുതി ഇല്ലായ്‌മ, ഡെസ്‌കിന്റെയും ബെഞ്ചിന്റെയും അപര്യാപ്‌തത, വൃത്തിയില്ലാത്ത ശുചിമുറി, ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവം, നിശ്ചയിക്കപ്പെട്ട മെനുവുമായി പൊരുത്തപ്പെടാത്ത ഉച്ചഭക്ഷണം തുടങ്ങിയവ സമരവിഷയമായി.
ബിഹാറിലെ ഗയയിലുള്ള സിമുവാര മിഡിൽ സ്‌കൂളിലും പ്രതിഷേധം അരങ്ങേറി. നാല് കിലോമീറ്റർ അകലെയുള്ള സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഓഫീസിലേക്ക് 6, 7, 8 ക്ലാസിലെ വിദ്യാർഥികൾ മാർച്ച് നടത്തി. രാജസ്ഥാനിലെ ബാർമർ ജില്ലയിലെ വിദ്യാർഥികൾ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സമരത്തിനിറങ്ങിയത്.
സോലങ്കിയോ കി ധാണി എന്ന സ്ഥലത്തെ സർക്കാർ സീനിയർ സെക്കൻഡറി സ്‌കൂളിന്റെ ഗേറ്റ് പൂട്ടിയുള്ള സമരത്തിൽ രക്ഷിതാക്കളും അണിചേർന്നു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ദഹാനുവിൽ ജലലഭ്യതയുടെ അഭാവം, വൃത്തിയില്ലാത്ത ശുചിമുറികൾ എന്നിവ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പ്രതിഷേധിച്ചു. ഹോസ്റ്റലുകളിലെ ശോചനീയവാസ്ഥ ചൂണ്ടിക്കാട്ടി ഭോപാലിലെ സർക്കാർ സ്‌കൂൾ വിദ്യാർഥികൾ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ സമരത്തിനിറങ്ങി.
അധ്യാപകരെ ആവശ്യപ്പെട്ട് ബീഡ് ജില്ലയിലെ വൈദ്യനാഥ് സ്‌കൂളിലെയും ജാലോർ ജില്ലയിലെ സർക്കാർ സ്‌കൂളിലെയും വിദ്യാർഥികൾ ക്ലാസ് ബഹിഷ്‌കരിച്ചു. മോശം ഭക്ഷണം നൽകുന്നുവെന്ന കാരണത്താലായിരുന്നു മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലുള്ള ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ പ്രതിഷേധം. ഉത്തരാഖണ്ഡിലെ ഉദ്ദം സിങ് നഗർ ജില്ലയിലുള്ള ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും ഉച്ചഭക്ഷണത്തിന്റെ പേരിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. ‘സ്‌കൂൾ ബച്ചാവോ’ എന്ന എസ്‌എഫ്‌ഐ ക്യാന്പയിന് വൻപിന്തുണയാണ് ലഭിക്കുന്നത്.










0 comments