print edition ജിഡിപി വളർച്ച ഉൗതിപ്പെരുപ്പിച്ചത്; സ്ഥിതിവിവരക്കണക്കുകളിൽ പൊള്ളത്തരം


സ്വന്തം ലേഖകൻ
Published on Nov 30, 2025, 12:00 AM | 1 min read
ന്യൂഡൽഹി: മോദി സർക്കാർ പുറത്തുവിടുന്ന സ്ഥിതിവിവരക്കണക്കുകളുടെ പൊള്ളത്തരം ഐഎംഎഫ് വെളിപ്പെടുത്തിയതോടെ നടപ്പുവർഷം രണ്ടാം പാദത്തിൽ 8.2 ശതമാനം ജിഡിപി വളർച്ചയെന്ന സ്ഥിതിവിവര മന്ത്രാലയത്തിന്റെ അവകാശവാദം ചോദ്യംചെയ്യപ്പെടുന്നു. ഉൗതിപ്പെരുപ്പിച്ച വളർച്ചാ കണക്കാണ് സർക്കാർ പുറത്തുവിടുന്നതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്‌ധർ അഭിപ്രായപ്പെട്ടു. ജെഎൻയുവിലെ സാമ്പത്തികശാസ്‌ത്രം അധ്യാപകനായിരുന്ന അരുൺകുമാർ, ഇന്ത്യയുടെ മുൻ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൻ പ്രണബ് സെൻ തുടങ്ങിയവർ പുതിയ ജിഡിപി കണക്കുകളെ തള്ളുകയാണ്.
ജിഡിപി കണക്കുകളുടെ കാര്യത്തിൽ ഐഎംഎഫ് പ്രകടമാക്കുന്ന സംശയങ്ങൾ തന്നെയാണ് സാമ്പത്തികവിദഗ്‌ധരും പങ്കുവയ്‌ക്കുന്നത്. അസംഘടിതമേഖലയുടെ വളർച്ചാ കണക്കുകൾ ജിഡിപി നിശ്ചയിക്കുന്നതിൽ പരിഗണിക്കുന്നേയില്ല. പകരം സംഘടിതമേഖലയുടെ വളർച്ചയ്‌ക്ക് അനുസൃതമായിട്ടാകും അസംഘടിതമേഖലയുടെ വളർച്ചയുമെന്ന അനുമാനത്തിൽ കണക്കുകൾ തയ്യാറാക്കുന്നു. ജിഡിപിയുടെ 45 ശതമാനവും സംഭാവന ചെയ്യുന്ന കാർഷിക മേഖല അസംഘടിതമേഖലയാണ്. കാർഷികമേഖലയുടെ അടക്കം വളർച്ചാ കണക്കുകൾ കൃത്യമായി രേഖപ്പെടുത്താതെ അനുമാനങ്ങളെ ആശ്രയിക്കുന്നത് ഭീമാബദ്ധമാണ്.
സംഘടിതമേഖലയുടെ വളർച്ചയ്‌ക്കനുസൃതമായി അസംഘടിത മേഖല വളരണമെന്നില്ല. പലപ്പോഴും രണ്ട് മേഖലകളും വിപരീത ദിശയിൽ നീങ്ങാറുമുണ്ട്. നോട്ടുനിരോധനം, ജിഎസ്‌ടി പരിഷ്‌കാരം, കോവിഡ് മഹാമാരി, ആഗോള സാമ്പത്തികമാന്ദ്യം തുടങ്ങിയ ഘട്ടങ്ങളിലെല്ലാം ഇത് പ്രകടമായതുമാണ്.
നടപ്പുസാമ്പത്തികവർഷം രണ്ടാം പാദത്തിൽ 8.2 ശതമാനം ജിഡിപി വളർച്ചയെന്നത് 50 ശതമാനം പിഴവാകാമെന്ന് അരുൺ കുമാർ പറയുന്നു. 3.8 ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌ഘടനയെന്നാണ് അവകാശവാദം. എന്നാൽ ഇത് 2.5 ലക്ഷം കോടി ഡോളറിന്റേത് എന്നാണ് തന്റെ അനുമാനം. അസംഘടിതമേഖലയുടെ കാര്യത്തിലുള്ളത് പെരുപ്പിച്ച കണക്കാണ്. യഥാർഥത്തിൽ അസംഘടിത മേഖല ഇടിയുകയാണ്.
ജിഡിപി വളർച്ച കണക്കാക്കാൻ പരിഗണിക്കേണ്ട പല മേഖലകൾക്കും ത്രൈമാസ വളർച്ചാ കണക്കില്ലെന്നതും പോരായ്‌മയാണ്. ഇൗ മേഖലകളുടെയെല്ലാം കാര്യത്തിൽ ആശ്രയിക്കുന്നത് അനുമാനങ്ങളെ. കാർഷികോൽപ്പന്നങ്ങൾക്ക് വിലയിടിവ് സംഭവിക്കുന്പോൾ കണക്കിൽ കാർഷികമേഖലയ്‌ക്ക് 3.5–3.6 ശതമാനമാണ് വളർച്ച –അരുൺകുമാർ ചൂണ്ടിക്കാട്ടി.










0 comments