print edition മൂന്നാംപാദത്തില്‍ ജിഡിപി വളര്‍ച്ച 7.8%

കൊച്ചി
രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളര്‍ച്ചാനിരക്ക് നടപ്പുസാമ്പത്തിക വര്‍ഷം മൂന്നാംപാദത്തില്‍ (ഒക്ടോബർ–-ഡിസംബർ) 7.8 ശതമാനമായെന്ന് കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം. വെള്ളി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാംപാദത്തിലിത് 7.4 ശതമാനമായിരുന്നു. ജിഡിപി കണക്കാക്കുന്ന രീതിയില്‍ കേന്ദ്രം കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങള്‍ക്കുശേഷമുള്ള ആദ്യ കണക്കാണിത്.
2011 –12 അടിസ്ഥാന വര്‍ഷമാക്കിയാണ് ഇതുവരെ ജിഡിപി കണക്കാക്കിയിരുന്നത്. അത് 2022 –23 ആക്കി മാറ്റി. പഴയരീതിപ്രകാരം രണ്ടാംപാദത്തില്‍ (ജൂലൈ–സെപ്തംബര്‍) ജിഡിപി വളര്‍ച്ച 8.2 ശതമാനമായിരുന്നു. പുതിയ രീതിയിലെ കണക്കുപ്രകാരം അത് 8.4 ശതമാനമാണ്. നടപ്പുസാമ്പത്തികവർഷം ജിഡിപി 7.6 ശതമാനം വളരുമെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നത്. 7.4 ശതമാനമായിരിക്കുമെന്നായിരുന്നു ജനുവരിയിലെ റിപ്പോര്‍ട്ടില്‍.
കേന്ദ്രം പുറത്തുവിടുന്ന, ജിഡിപിയുടെ അടക്കമുള്ള സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ പൊള്ളത്തരമാണെന്നും ഊതിപ്പെരുപ്പിച്ചതാണെന്നും അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്)യും വിവിധ സാമ്പത്തികവിദഗ്ധരും കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ 45 ശതമാനം സംഭാവന ചെയ്യുന്ന കാര്‍ഷികമേഖല ഉള്‍പ്പെടുന്ന അസംഘടിത മേഖലയുടെ യഥാര്‍ഥ വളര്‍ച്ച കണക്കുകള്‍ പരിഗണിക്കാതെയാണ് ജിഡിപി കണക്ക്തയ്യാറാക്കിയിരുന്നത്. സംഘടിതമേഖലയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി അസംഘടിതമേഖലയും വളരുന്നു എന്ന അനുമാനമാണ് സ്വീകരിച്ചിരുന്നത്.
ജിഡിപി കണക്കുകളില്‍ കൂടുതല്‍ കൃത്യത വരുത്താനാണ് ഇപ്പോള്‍ അടിസ്ഥാനവര്‍ഷം മാറ്റിയതെന്നും രാജ്യം ചരക്കുസേവന നികുതി (ജിഎസ്ടി)യിലേക്ക് മാറിയശേഷമുള്ള നികുതി സമാഹരണത്തിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ കണക്കെന്നും കേന്ദ്രം അവകാശപ്പെടുന്നു.











0 comments