ad
Deshabhimani

"ഹെര്‍ക്കൂലിയൻ തട്ടിപ്പ്" മോദിയുടെ സാമ്പത്തിക വളര്‍ച്ചാ കണക്കുകൾ കബളിപ്പിക്കലെന്ന് കണക്കുകൾ സഹിതം വിദഗ്ധര്‍

gdp
വെബ് ഡെസ്ക്

Published on Sep 03, 2026, 12:18 PM | 4 min read

ന്യൂഡൽഹി: "ഹെര്‍ക്കൂലിയൻ നേട്ടം" എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച സാമ്പത്തിക വളര്‍ച്ചാ കണക്കുകൾ ശുദ്ധ തട്ടിപ്പെന്ന് വിദഗ്ധര്‍. ഏപ്രിൽ-ജൂൺ പാദത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.8 ശതമാനമായി ഉയര്‍ന്നതായി അവകാശപ്പെടുന്ന കണക്കാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്. ചായക്കടകൾ വരെ അടച്ചു പൂട്ടുന്ന പ്രതിസന്ധിയിലൂടെ രാജ്യത്തെ ജനങ്ങൾ കടന്നു പോകുന്ന സാഹചര്യത്തിലാണ് ഇത്രയും വലിയ ഒരു അവകാശവാദവുമായി കണക്കുകൾ നിരത്തിയത്. സാധാരണ പൗരൻമാര്‍ക്ക് പോലും അവരുടെ ജീവിതാനുഭവം വെച്ച് ബോധ്യപ്പെടാത്ത കെട്ടുകഥ.


"ഹെര്‍ക്കൂലിയൻ" അവകാശ വാദം പുറത്തു വന്നതോടെ ആദ്യം തന്നെ അതിലെ പൊള്ളത്തരം രാജ്യത്തോട് വിളിച്ചു പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ മുൻ ധനകാര്യ സാമ്പത്തിക കാര്യ സെക്രട്ടറിയായ സുഭാഷ് ചന്ദ്ര ഗാര്‍ഗാണ്. കണക്കുകളുടെ സുതാര്യതയിൽ ഉടൻ തന്നെ അദ്ദേഹം സംശയം ഉന്നയിച്ചു.


തട്ടിപ്പ് സിമ്പിൾ


പഴയ സാമ്പത്തിക സ്ഥിതിവിവര കണക്കുകൾ കുറച്ച് കാണിച്ച് അതുമായി പുതിയ കണക്ക് താരതമ്യം ചെയ്തു. ഇതാ ഇത്രയും ഉയര്‍ന്നേ എന്ന് സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന ജനത്തെ പറ്റിക്കാൻ ശ്രമിച്ചു. സുഭാഷ് ചന്ദ്ര ഗാര്‍ഗ് ചൂണ്ടികാണിക്കുന്നത് ശരിയായ വളര്‍ച്ച 2.5% മുതൽ 2.6% മാത്രമാണ് എന്നാണ്. ഇതിനെയാണ് 7.8% എന്ന് പെരുപ്പിച്ചത്.


"എന്റെ ജീവിതത്തിൽ ഇത്രയും വലിയൊരു റിവിഷൻ (Revision) ഞാൻ കണ്ടിട്ടില്ല, 2023-24 സാമ്പത്തിക വർഷത്തെ ജിഡിപിയിൽ പോലും ആറു മുതൽ 6.5 ലക്ഷം കോടി രൂപ വരെ മാറ്റങ്ങൾ വരുത്തി" എന്നാണ് ഗാര്‍ഗ് തുറന്നടിച്ചത്.


ഈ തട്ടിപ്പ് എങ്ങനെ നടത്തി. എങ്ങിനെയാണ് സര്‍ക്കാര്‍ വെറുതെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചത്. അതിന്റെ ആവശ്യമെന്താണ് എന്നെല്ലാം എതിര്‍ വാദങ്ങൾ ഉയരുന്നുണ്ട്. ഇതിനും സാമ്പത്തിക വിദഗ്ധര്‍ ഉത്തരം നൽകുന്നുണ്ട്.


ഇപ്പോൾ താരതമ്യത്തിന് ഉപയോഗിച്ചിട്ടുള്ള കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തിലെ നോമിനൽ ജിഡിപി തുക 86 ലക്ഷം കോടിയായിരുന്നു. എന്നാൽ ഇതിനെ അടിസ്ഥാന വര്‍ഷം തിരുത്തി പുതിയ സീരിസിലേക്ക് മാറ്റി. എന്നിട്ട് 80 ലക്ഷം കോടി എന്ന് താഴ്ത്തി കാണിച്ചു. ഈ കുറ‍ഞ്ഞ തുകയുമായി താരതമ്യം ചെയ്താണ് വളര്‍ച്ച 7.8% എന്ന കണക്ക് ഉണ്ടാക്കിയെടുത്തത്. പഴയ 86 ലക്ഷം കോടി എന്ന കണക്ക് അടിസ്ഥാനമാക്കുമ്പോൾ വളര്‍ച്ച 2.5% മുതൽ 2.6% വരെ മാത്രമാണ്.


ഇതു മാത്രമല്ല, ഈ കുറവ് വരുത്തൽ നടത്തിയ വര്‍ഷത്തെ ആദ്യ പാദത്തിൽ 86 ലക്ഷം കോടി എന്ന കണക്ക് കാണിച്ചാണ് ജിഡിപി വളര്‍ച്ച അവകാശപ്പെട്ടിരുന്നത് എന്ന കാര്യവും പുറത്തു വരുന്നു. അന്നും കണക്കിൽ കൃത്രിമം കാണിച്ച് ജനങ്ങളെ വഞ്ചിക്കയായിരുന്നുവോ എന്ന ചോദ്യം ബാക്കിയാവുന്നു.


ആര്‍ബിഐ ഗവര്‍ണ‍ര്‍ക്ക്

മനസിലാവാത്ത കണക്ക്


റിസര്‍വ് ബാങ്ക് മുൻ ഗവര്‍ണര്‍ രഘുറാം രാജൻ സര്‍ക്കാരിന്റെ ഹെര്‍ക്കുലിയൻ അവകാശവാദത്തെ രാജ്യത്തെ പൊതു സാമ്പത്തിക അവസ്ഥ ചൂണ്ടി കാണിച്ചാണ് തള്ളിക്കളയുന്നത്. കണക്കുകളുടെ പേരിലുള്ള അസംബന്ധ നാടകമെന്ന് പറയാതെ പറയുന്നു.


രാജ്യം ഇത്ര വേഗത്തിൽ വളരുന്നു എങ്കിൽ എന്തുകൊണ്ടാണ് തൊഴിൽ ഇല്ലായ്മ പെരുകുന്നു. നല്ല തൊഴിൽ അവസരങ്ങൾ കുറയുന്നു. വ്യവസായികളും നിക്ഷേപകരും പുതിയ പദ്ധികൾക്ക് മടിക്കുന്നത് എന്തുകൊണ്ടാണ്. വിദേശത്തു നിന്നുള്ള നേരിട്ടുള്ള നിക്ഷേപങ്ങൾ ഇല്ലാതാവുന്നത് എന്തുകൊണ്ടാണ്. ഇത് ജിഡിപി കണക്കുകളിലെ വൈരുദ്ധത്തെയാണ് കാണിക്കുന്നത്. ഈ കണക്കുകൾ സര്‍ക്കാരിനെ തന്നെയും വഴിതെറ്റിക്കും. തത്കാലം ജനങ്ങളെ വഴിതെറ്റിക്കാം എങ്കിലും ഭാവിയിൽ വലിയ തിരിച്ചടി സൃഷ്ടിക്കും എന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു വെക്കുന്നുണ്ട്.


അടുക്കളകൾ വരെ എത്തിയ

വിലക്കയറ്റം


സാധാരണക്കാരുടെ ജീവിതം എരിതീയിലാക്കി അടുക്കകൾ വരെ എത്തിയ വലിയ വിലക്കയറ്റവും ജീവിത പ്രയാസങ്ങളും തുടരുന്നതാണ് കഴിഞ്ഞ മൂന്നു മാസം. ഇതേ മൂന്നു മാസത്തെ കണക്കിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഹെര്‍ക്കൂലിയൻ വളര്‍ച്ച അവകാശപ്പെട്ടത്. ഗ്രാമീണ ഇന്ത്യയുടെ ജീവിതം ഈ കാലയളവിൽ അനുദിനം ദുഷ്കരമായി മാറുന്ന ചിത്രമാണ്.


സര്‍ക്കാര്‍ അവകാശപ്പെടുന്ന വളര്‍ച്ചാ കണക്ക് എങ്ങിനെ തലതിരിഞ്ഞതാവുന്നു എന്നും സാമ്പത്തിക വിദഗ്ധര്‍ തുറന്നു കാണിക്കുന്നുണ്ട്. 2019 മുതലാണ് വളര്‍ച്ചാ കണക്കുകളിൽ കുതന്ത്രങ്ങൾ യാതാരു നിയന്ത്രണവുമില്ലാതെ കലര്‍ത്തി തുടങ്ങിയത്. ദേശീയ വരുമാനം പുനര്‍നിര്‍ണയിക്കാൻ 2011- 12 വര്‍ഷത്തെ അടിസ്ഥാന വര്‍ഷമായി സ്വീകരിച്ചു. ഇതിനെതിരെ അന്നു തന്നെ സര്‍ക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം പ്രതികരിച്ചിരുന്നു. പിന്നീട് വിവാദം കനത്തതോടെ അദ്ദേഹം കബളിപ്പിക്കൽ കണക്കിനെ പൊളിച്ച് ഒരു പ്രബന്ധം തന്നെ പ്രസിദ്ധീകരിച്ചു. ഇതോടെ രാജ്യത്തെ ഡാറ്റാ വിശ്വസ്തതയിൽ ഐ എം എഫ് പോലും സംശയം പ്രകടിപ്പിച്ചു. 2025 ൽ ആയിരുന്നു ഇത്. ഔദ്യോഗിക സാമ്പത്തിക സ്ഥിതിവിവരങ്ങളുടെ വിശ്വാസ്യത ഐഎംഎഫ് ലിസ്റ്റിങിൽ ബി ഗ്രേഡിൽ നിന്നും സി ഗ്രേഡിലേക്ക് കുറക്കുകയും ചെയ്തു.


ആന്വൽ സര്‍വ്വേ ഓഫ് ഇൻഡസ്ട്രീസിന്റെ കാലങ്ങളായി പരീക്ഷിച്ചും ഉപയോഗിച്ചും തെളിയിച്ച കണക്കുകൾ ഒഴിവാക്കി കമ്പനി കാര്യ മന്ത്രാലയത്തിന്റെ കണക്കുകളെ അടിസ്ഥാന രേഖയാക്കിയതും സര്‍ക്കാര്‍ നീക്കം കൂടുതൽ സംശയത്തിന്റെ നിഴലിലാക്കി. മന്ത്രാലയത്തിന്റെ കണക്കിലുള്ള കമ്പനികൾ പലതും എന്നേ അടച്ചു പൂട്ടിയവയാണ് എന്ന വിവരങ്ങൾ പോലും പരസ്യമായി.


എവിടെയാണ് വളര്‍ന്നതും തളര്‍ന്നതും


പുതിയ അവകാശവാദത്തിന് അടിസ്ഥാനമാക്കി സ്ഥിതിവിവര മന്ത്രാലയം പുറത്തു വിട്ട കണക്കിൽ ജി ഡി പിയിൽ ഏറ്റവും അധികം സംഭാവന നൽകിയതായി പറയുന്നത് റിയൽ എസ്റ്റേറ്റ്, കെട്ടിട നിര്‍മാണ ഉടമസ്ഥത, ഐ ടി രംഗത്തെ ഔട് സോഴ്സിങ് എന്നിവയാണ്. 12.1 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയിൽ കാണിക്കുന്നത്.

GDP

യഥാര്‍ത്ഥത്തിൽ രാജ്യത്തിന് പ്രതീക്ഷയായിരുന്ന കാര്‍ഷിക മേഖലയിൽ വളര്‍ച്ച 17 ശതമാനമായും ഉത്പാദന മേഖലയിൽ 13 ശതമാനമായും കുറഞ്ഞു. നിര്‍ണായകമായ ഈ മേഖലകൾ രണ്ടും കൂടി 30 ശതമാനമേ വരുന്നുള്ളൂ. അതായത് സര്‍ക്കാര്‍ തന്നെ മേന്മ പറയാൻ ഉപയോഗിച്ച കണക്കു പ്രകാരം വസ്തുക്കളുടെയും കാര്‍ഷിക വസ്തുക്കളുടെയും ഉത്പാദനം കുറയുകയും ഐ ടി, റിയൽ എസ്റ്റേറ്റ് നിര്‍മാണ മേഖല പോലുള്ള രംഗങ്ങൾ മാത്രം വളരുന്ന രീതിയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചയുടെ ഗതിതിരിയുകയും ചെയ്തു. തൊഴിലാളികളും കര്‍ഷകരും തിരിച്ചടി നേരിടുന്നതിന്റെ ചിത്രവും ഇതിൽ തന്നെ തെളിയുന്നു. സമ്പദ് മേഖലയെ കുറിച്ച് ജനങ്ങൾക്ക് എന്ത് തോനുന്നു. അവര്‍ എന്ത് അനുഭവിക്കുന്നു എന്നതാണ് പ്രധാനമെന്ന് സാമ്പത്തിക വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നു.


തൊഴിൽ നിരക്ക് കൂടി എന്നു പറയുന്നതിലും ഇതേ കാപട്യം ഉപയോഗിച്ചിട്ടുണ്ട്. കുടുംബ ബിസിനസുകളിലെ വേതനമില്ലാത്ത പണികുളും കാര്‍ഷിക മേഖലയിലെ കുറഞ്ഞ വേതനം മാത്രം ലഭിക്കുന്ന കൂലി തൊഴിലും വര്‍ധിച്ചു. ഇതിനെ തൊഴിൽ മേഖലയിലെ വളര്‍ച്ചയായി കാണിച്ചു. ഗുണനിലവാരമുള്ള തൊഴിലുകൾ വര്‍ധിച്ചു എന്നതിന് ഇത് എങ്ങിനെ തെളിവായി എടുക്കുമെന്ന് ഗാര്‍ഗ് ചോദിക്കുന്നുണ്ട്. ഇത്തരത്തിൽ സര്‍വ മേഖലകളിലും കണക്കിലെ കളികൾ ഉപോയഗിച്ചാണ് വളര്‍ച്ചാ അവകാശം. യഥാര്‍ത്ഥത്തിൽ പൗരൻമാര്‍ തളരുന്ന ഘട്ടത്തിലാണ് ഈ നെഞ്ചു വിരിക്കൽ. പരിഹാര മാര്‍ഗങ്ങൾ ഒന്നും തന്നെ ചര്‍ച്ചകളിൽ പോലും ഇല്ലതാനും



നിക്ഷേപകര്‍ മാറിപ്പോവുന്നു


കൃത്രിമവും ഊതി പെരുപ്പിച്ചതുമായ കണക്കുകൾക്ക് പുറത്ത് നിക്ഷേപകര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു. വിദേശ നിക്ഷേപകര്‍ വൻ തോതിലാണ് പണം പിൻവലിക്കുന്നത്. ഇന്ത്യൻ രൂപ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയിലാണ്. ഡോളറിനെതിരെ മറ്റ് പല ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ചും ഇന്ത്യൻ രൂപയ്ക്കാണ് ഏറ്റവും വലിയ തിരിച്ചടി ഏറ്റിരിക്കുന്നത്. ഇന്നത്തെ നിരക്ക് 94.40 രൂപയാണ് ഡോളറിന് എതിരായി രേഖപ്പെടുത്തിയത്.


2026 ൽ തുടര്‍ച്ചയായ മാസങ്ങളിൽ ശതകോടിക്കണക്കിന് രൂപയാണ് വിദേശ നിക്ഷേപകര്‍ പിൻവലിച്ചത്. 2025 ലെ ആകെ വിറ്റഴിക്കലിനെക്കാൾ അധികം തുക ഈ വ‍ര്‍ഷം ഇതിനകം തന്നെ പുറത്തേക്ക് പോയതായി കണക്കുകൾ പറയുന്നു. സര്‍ക്കാര്‍ ജിഡിപി വളര്‍ച്ചയ്ക്ക് താങ്ങായതായി പറയുന്ന ബാങ്കിങ്, ഫിനാൻഷ്യൽ,ഐടി മേഖലകളിൽ നിന്നാണ് ഏറ്റവും അധികം പണം പുറത്തേക്ക് പോയത്. നിഫ്ടിയും സെൻസെക്സും തുടങ്ങി ഓഹരി വിപണി സൂചികകളിൽ വൻ തോതിൽ ചാഞ്ചാട്ടവും ഇടിവും തുടരുകയും ചെയ്യുന്നു. നിഫ്ടിയിൽ പത്ത് മുതൽ പതിനാല് ശതമാനം വരെയും സെൻസെക്സിൽ ഒമ്പത് ശതമാനം വരെയും തളര്‍ച്ച നേരിട്ട വര്‍ഷമാണ്.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home