ad
Deshabhimani

print edition ‘75 ലക്ഷം വാങ്ങിയത്‌ ആർക്കുവേണ്ടി’; കെ സി വേണുഗോപാലിനെതിരെയുള്ള പരാതിയിൽ ഉറച്ച് ഗൗരവ് കുമാർ

K C Venugopal Haryana Seat Bribery
avatar
സ്വന്തം ലേഖകൻ

Published on Mar 30, 2026, 04:45 AM | 2 min read

ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ​ഹരിയാനയിൽ എംഎൽഎ സീറ്റ്‌ വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരനായ ഗ‍ൗരവ്‌ കുമാർ. തന്റെ ഭാര്യയും ഹരിയാന മഹിളാ കോൺഗ്രസ്‌ മുൻ ജനറൽ സെക്രട്ടറിയുമായ സുചിത്രാദേവിക്ക്‌ ബവാനാ സീറ്റ്‌ വാഗ്‌ദാനം ചെയ്‌തതിനെ തുടർന്നാണ്‌ കെ സി വേണുഗോപാലിനും പിഎ, അനസ്‌ അലിക്കും പണം കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.


‘സീറ്റ്‌ ആവശ്യപ്പെട്ട്‌ 50 തവണയെങ്കിലും ഞാൻ ഡൽഹിയിലെത്തി വേണുഗോപാലിനെ കണ്ടിട്ടുണ്ട്‌. അനസിന്‌ 22 ലക്ഷം രൂപ നേരത്തെ കൈമാറി. ഇത്‌ അയാളുടെ ആവശ്യത്തിനാണെന്ന്‌ പറഞ്ഞിരുന്നു. പിന്നീട്‌ വേണുഗോപാലിന്റെ ഡൽഹിയിലെ വീട്ടിലെത്തി 75ലക്ഷം നൽകി. അന്ന്‌ ഞാനും കെ സിയും അനസുമാണ്‌ മുറിയിലുണ്ടായിരുന്നത്‌. ആ പണം വേറെ ആർക്കുവേണ്ടിയാണ്‌ വാങ്ങിയതെന്ന്‌ വേണുഗോപാൽ വ്യക്തമാക്കണം’– ഗ‍ൗരവ്‌ കുമാർ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.


​എന്നാൽ, തെരഞ്ഞെടുപ്പ്‌ സമയത്ത്‌ അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുകയാണെന്ന് വേണുഗോപാലിന്റെ വാദം. ഇത്‌ ഗ‍ൗരവ്‌ കുമാർ തള്ളി. ‘ആദ്യം ഭാര്യയ്‌ക്ക്‌ സീറ്റ്‌ തരാമെന്ന്‌ പറഞ്ഞ്‌ പറ്റിച്ചു. പിന്നീട്‌ എഐസിസി സെക്രട്ടറിയാക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തു. അതും പാലിച്ചില്ല. ശേഷം ഹരിയാനയിലെ മഹിളാകോൺഗ്രസ്‌ അധ്യക്ഷയാക്കാമെന്ന്‌ പറഞ്ഞു. കഴിഞ്ഞമാസം മറ്റൊരാളെ മഹിളാകോൺഗ്രസ്‌ അധ്യക്ഷയാക്കി. അതിനുശേഷമാണ്‌ ഞാൻ ഇവരുടെ വഞ്ചന തുറന്നുകാട്ടി വാർത്താസമ്മേളനം നടത്തിയത്‌. ’– ഗ‍ൗരവ്‌കുമാർ പറഞ്ഞു.​


ബിജെപിയും സിപിഐ എമ്മുമാണ്‌ ആരോപണങ്ങൾക്ക്‌ പിന്നിലെന്ന ആരോപണവും ഗ‍ൗരവ്‌കുമാർ തള്ളി. ‘ദേശീയതലത്തിലും ഹരിയാനയിലും കോൺഗ്രസിനെ തുറന്നുകാണിക്കാൻ ബിജെപി എന്റെ ആരോപണങ്ങൾ ആയുധമാക്കുന്നത്‌ സ്വാഭാവികമാണ്‌. കാരണം കോൺഗ്രസാണ്‌ അവരുടെ മുഖ്യപ്രതിപക്ഷം. സിപിഐ എം നേതാക്കളിൽ ഒരാളെപോലും പരിചയമില്ല.’– ഗ‍ൗരവ്‌ കുമാർ വ്യക്തമാക്കി.


കോണ്‍ഗ്രസിന്റെ മൗനം തെളിവ്: 
മുഖ്യമന്ത്രി


മലപ്പുറം : ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനംചെയ്ത് കോഴവാങ്ങിയെന്ന ആരോപണത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനം ദുരൂഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങള്‍ക്കുള്ള തെളിവായാണ് ഈ മൗനത്തെ വ്യാഖ്യാനിക്കേണ്ടത്.


സീറ്റ് ലഭിക്കാന്‍ ഇടനിലക്കാര്‍വഴി കോടികള്‍ ആവശ്യപ്പെട്ടതായാണ് വിവരം. കോണ്‍ഗ്രസിന്റെ ഏറ്റവും ഉയര്‍ന്നതലത്തിലുള്ള നേതാക്കളുടെയും അവരുടെ വലയത്തിലുള്ള ആളുകളുടെയും പേരുകളാണ് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും നിര്‍ണായക തീരുമാനങ്ങള്‍ കൈകാര്യംചെയ്യുന്നവരുമായി ബന്ധപ്പെട്ട ആരോപണമായിട്ടും ആഭ്യന്തര അന്വേഷണത്തിനുപോലും തയ്യാറാകാത്തതിലൂടെ കോണ്‍ഗ്രസ് പാർടിയുടെ സുതാര്യത്യയാണ്‌ ചോദ്യംചെയ്യപ്പെടുന്നത്‌. മറ്റുള്ളവർക്കെതിരെ വ്യാജ അഴിമതി ആരോപണം ഉന്നയിക്കുന്നവർ സ്വന്തം പാര്‍ടിക്കുള്ളിലാകുമ്പോള്‍ ആരോപണം വ്യാജമാണെങ്കില്‍ നിഷേധിക്കുകയും നിയമനടപടി സ്വീകരിക്കുകയുംചെയ്യണം.

സാമ്പത്തികശേഷി നോക്കിയാണ് സീറ്റ് നല്‍കുന്നതെങ്കില്‍ ജനാധിപത്യത്തിലെ സമത്വവും ആശയാധിഷ്ഠിത രാഷ്ട്രീയവും എവിടെ നില്‍ക്കും. സാധാരണ പ്രവര്‍ത്തകരുടെ സ്വപ്നങ്ങങ്ങളാണ്‌ തകര്‍ക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home