ad
Deshabhimani

​ഗേ ഡേറ്റിങ് ആപ് വഴി സൗഹൃദം, വിജനമായ സ്ഥലത്തെത്തിച്ച് ആക്രമിച്ച് പണം തട്ടും; ആറം​ഗ സംഘം പിടിയിൽ

gay dating app

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Apr 13, 2026, 05:26 PM | 2 min read

ഹൈദരാബാദ് : ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട ശേഷം സ്വർണവും പണവും തട്ടിയെടുക്കുന്ന സംഘത്തിലെ ആറുപേർ തെലങ്കാനയിൽ പിടിയിൽ. ​ഗേ ഡേറ്റിങ് ആപ് വഴി പുരുഷൻമാരെ പരിചയപ്പെട്ടാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. പറ്റിക്കപ്പെട്ടതിനു പിന്നാലെ ഈ മാസം ആദ്യം തട്ടിപ്പിനിരയായ വ്യക്തി പൊലീസിൽ പരാതി നൽകിയതോടെയാണ് ​ഗേ ഡേറ്റിങ് ആപ്പിന്റെ മറവിലുള്ള തട്ടിപ്പ് വെളിച്ചത്തുവരുന്നത്.


മർദിച്ച് അവശനാക്കിയ ശേഷം സ്വർണവും പണവും തട്ടിയെടുത്തെന്നാണ് യുവാവിന്റെ പരാതി. ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട വ്യക്തി പറഞ്ഞതനുസരിച്ച് യുവാവ് വിജനമായ പ്രദേശത്തെത്തി റോഡിൽ കാത്തുനിൽക്കുകയായിരുന്നു. പിന്നാലെ കാറിലെത്തിയ വ്യക്തി യുവാവിനോട് വഴി ചോദിച്ചു. വഴി പറഞ്ഞു നൽകുന്നതിനിടെ കാറിലുണ്ടായിരുന്ന മറ്റുള്ളവർ ബലമായി യുവാവിനെ കാറിൽ കയറ്റിയ ശേഷം ക്രൂരമായി മർദിച്ചു. സംഘത്തിലുള്ള മറ്റുള്ളവരും യാത്രയ്ക്കിടെ കാറിൽ കയറിയതായും മർദിച്ചതായും യുവാവ് പറഞ്ഞു. യുവാവിന്റെ ശരീരത്തുണ്ടായിരുന്ന 15 ​ഗ്രാം വരുന്ന സ്വർണ ചെയിൻ അക്രമികൾ തട്ടിയെടുത്തു.


പിന്നാലെ ഏപ്രിൽ 6ന് യുവാവ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നാല് ദിവസത്തിനുള്ളിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായും ഒരു പ്രതി ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. കുസുമ കാർത്തിക്, രാം രാജ, ബബ്‌ലു സിംഗ്, കന്ദുല സായ് തേജ, ഗാണ്ട്‌ല ശ്രാവൺ, മച്ചാർല പവൻ കല്യാൺ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. മറ്റൊരു പ്രതിയായ ചെന്നകേശവുലു പവൻ കല്യാൺ ഒളിവിലാണ്. ഇവരെല്ലാം വാറങ്കൽ മേഖലയിൽ നിന്നുള്ളവരാണെന്നും മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് പറഞ്ഞു.


തട്ടിപ്പിന് ഉപയോഗിച്ച ആറ് മൊബൈൽ ഫോണുകൾ, ഒരു മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ, ഒരു സ്കൂട്ടർ എന്നിവ കണ്ടെടുത്തു. പുരുഷന്മാരുമായി ബന്ധപ്പെടാനും വിശ്വാസം നേടാനും സംഘം ഗേ ഡേറ്റിങ് ആപ്പാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിചയപ്പെട്ട് സൗഹൃദം വളർത്തിയ ശേഷം നേരിൽ കാണാമെന്ന് പറയുകയും ഇരകളെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ആക്രമിച്ച് വീഡിയോകൾ റെക്കോർഡു ചെയ്യുകമായിരുന്നു ഇവരുടെ രീതി.


വീഡിയോകളും ഫോട്ടോകളും ചോർത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്വർണവും പണവും തട്ടിയെടുത്തത്. വിവിധ മേഖലകളിൽ സമാനമായ കുറ്റകൃത്യങ്ങളിൽ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home