ad
Deshabhimani

വിള്ളലുകൾ ഉണ്ടായിരുന്നിട്ടും ഹോസ്റ്റൽ പ്രവർത്തിച്ചു; കെട്ടിടസുരക്ഷയിൽ ഗുരുതര വീഴ്ച

Delhi Building Collapse

അപകടമുണ്ടായ സ്ഥലത്തെ കാലപ്പഴക്കമുള്ള മറ്റു കെട്ടിടങ്ങൾ | Image Credit : Facebook

വെബ് ഡെസ്ക്

Published on Sep 07, 2026, 08:20 AM | 1 min read

ന്യൂഡൽ​ഹി : സത്യ നികേതനിൽ ​ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തോടെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. തകരുന്നതിന് മുമ്പുള്ള ദൃശ്യങ്ങളിൽ കെട്ടിടത്തിന് വിള്ളലുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ദുരന്തം സംഭവിച്ചതോടെ ഡൽഹിയിലെ നാല് നിലകളിൽ കൂടുതലുള്ള അനധികൃത കെട്ടിടങ്ങൾ ഉടൻ സീൽ ചെയ്യാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവിട്ടു. കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടിന്റെ ഉദാഹരണമാണ് ഈ വൻദുരന്തവും.


അനധികൃത ബഹുനില കെട്ടിട നിർമാണത്തിന് അനുമതി നൽകിയതിന് ഉത്തരവാദികളായ നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി മേയർ അറിയിച്ചു. അപകടം നടക്കാതിരിക്കാൻ മുൻകരുതലെടുക്കാതെ ദുരന്തമുണ്ടായ ശേഷം ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്ന ബിജെപി നയത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഉദ്യോഗസ്ഥ–ഭരണതലത്തിലെ പിടിപ്പുകേടാണ് ഡൽഹിയിൽ ഇത്തരത്തിലുള്ള അനധികൃത കെട്ടിടങ്ങൾ കൂണുപോലെ മുളച്ചുപൊന്താൻ വഴിയൊരുക്കുന്നതെന്നാണ് പ്രധാന ആക്ഷേപം.


10-15 ദിവസമായി കെട്ടിടത്തിന്റെ ബേസ്മെന്റിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ ഈ ബേസ്മെന്റിൽ വെള്ളം കയറിയിരുന്നു. ഇതിനൊപ്പം കെട്ടിടത്തിന്റെ കാലപ്പഴക്കവും വൻ ദുരന്തത്തിന് കാരണമായി. അനുമതിയില്ലാതെയാണ് ബേസ്മെന്റും ഗ്രൗണ്ട് ഫ്ലോറും നന്നാക്കുന്ന ജോലികൾ നടന്നതെന്നും ആരോപണമുണ്ട്. ഹോസ്റ്റലായി പ്രവർത്തിക്കുന്ന കെട്ടിടത്തിന് അടിയന്തര എക്സിറ്റ് സൗകര്യവും ഉണ്ടായിരുന്നില്ല.


പുനരധിവാസത്തിനായി നൽകിയ സ്ഥലത്ത് ​​ഗ്രൗണ്ട് ഫ്ലോറിനൊപ്പം ഒരു നില കൂടി പണിയാനുള്ള അനുമതിയേ ഉണ്ടായിരുന്നുള്ളു. എന്നാൽ വർഷങ്ങളായി കെട്ടിടങ്ങളിൽ പലതും ബേസ്മെന്റ് അടക്കം 4-5 നിലയുള്ളവയായിരുന്നു. അനുമതിയില്ലാതെ അനധികൃതമായി കെട്ടിടം നിർമിക്കുകയായിരുന്നുവെന്ന് വ്യക്തമാണ്.


അനധികൃത നിർമാണങ്ങൾക്ക് ഒത്താശ ചെയ്യുന്ന ബിജെപി ഭരിക്കുന്ന കോർപ്പറേഷനിലെ ഉദ്യോ​ഗസ്ഥർക്കെതിരെ അന്വേഷണം നീളുകയില്ലെന്നും ഉറപ്പാണ്. ജനങ്ങളുടെ ജീവന് വില കല്പിക്കാതെ റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പിന്തുണ നൽകുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നു കഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home