കയ്പമംഗലം അപകടം: എട്ട് വിദ്യാർഥികളും മദ്യലഹരിയിൽ; അപകടത്തിന് തൊട്ടുമുമ്പ് നാട്ടുകാരുമായി സംഘര്‍ഷം

ലോറിയുടെ പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ തകർന്ന കാറിന്റെ ഭാഗങ്ങൾ റോഡിൽ ചിതറി കിടക്കുന്നു
തൃശൂര്‍: കയ്‌പമംഗലത്ത് എട്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ എട്ടുപേരും മദ്യലഹരിയിലായിരുന്നെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. വിശദ പരിശോധനയ്ക്കായി സാമ്പിളുകള്‍ കാക്കനാട് കെമിക്കല്‍ എക്സാമിനേഷന്‍ സെന്ററിലേക്ക് അയച്ചു.
അപകടത്തിന് തൊട്ടുമുമ്പ് മദ്യലഹരിയിലായിരുന്ന സംഘം തളിക്കുളം പത്താംകല്ലില്‍ നാട്ടുകാരുമായി സംഘര്‍ഷമുണ്ടാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുറിയെടുക്കാന്‍ വാഹനം നിര്‍ത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം പിന്നീട് കൈയാങ്കളിയിലേക്കെത്തി. ഇതോടെ നാട്ടുകാര്‍ വാടാനപ്പള്ളി പൊലീസിനെ വിവരമറിയിച്ചു.
എന്നാല്‍, പൊലീസ് സ്ഥലത്തെത്തും മുമ്പേ സംഘം വാഹനത്തില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിടികൂടുമെന്ന ഭീതിയില്‍ അമിത വേഗത്തില്‍ കൊച്ചി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് വാഹനം കയ്പമംഗലത്ത് ദേശീയപാതയില്‍ അനധികൃതമായി നിര്‍ത്തിയിട്ട ചരക്കുലോറിക്ക് പിന്നില്‍ ഇടിച്ചതെന്നാണ് അന്വേഷകസംഘത്തിന്റെ നിഗമനം.
അപകടത്തില്‍പ്പെട്ട വാഹനം തളിക്കുളം പത്താംകല്ലില്‍ എത്തിയതും തുടര്‍ന്ന് സഞ്ചരിച്ചതുമായ വഴികള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചുവരികയാണ്. സംഘം ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചതായും സൂചനയുണ്ട്. നാട്ടുകാരുമായുണ്ടായ സംഘര്‍ഷത്തിന്റെ വിശദാംശങ്ങളും അപകടത്തിന്റെ യഥാര്‍ഥ കാരണവും അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.









0 comments