വ്യാജ രേഖകൾ ഉപയോഗിച്ചെന്ന് സംശയം; ഛത്തീസ്ഗഡിൽ 23 പേർ കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം
ബിലാസ്പൂർ: വ്യാജ ഇന്ത്യൻ രേഖകൾ ഉപയോഗിച്ച് ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിൽ താമസിച്ചിരുന്നുവെന്ന് സംശയിക്കുന്ന 23 ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃത കുടിയേറ്റക്കാരെയും സാധുവായ രേഖകളില്ലാതെ താമസിക്കുന്നവരെയും കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 1,162 പേരെയാണ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് (എസ് ടിഎഫ് ) പരിശോധിച്ചത്. ഇതിൽ 23 പേർ തിരിച്ചറിയലിനായി വ്യാജ രേഖകൾ നൽകിയതായി കണ്ടെത്തിയെന്ന് ബിലാസ്പൂർ എസ്എസ്പി രാജ്നേഷ് സിങ് പറഞ്ഞു.
സംശയിക്കപ്പെട്ടവർ പശ്ചിമ ബംഗാളിലെ മുർഷിദാബാദ്, ജംഗിപൂർ, മാൽഡ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇവരുടെ വിലാസവും തിരിച്ചറിയൽ രേഖകളും പരിശോധിച്ചപ്പോൾ വിവരങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ബിലാസ്പൂരിൽ തെരുവുകച്ചവടം നടത്തിയിരുന്ന ഇവർ ഏകദേശം രണ്ട് വർഷമായി ജില്ലയിൽ താമസിച്ചുവരികയായിരുന്നു. 23 പേരെയും സെപ്തംബർ നാലിന് റായ്പൂരിലെ ഹോൾഡിങ് സെന്ററിലേക്ക് മാറ്റി.
പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ നടത്തിയ അന്വേഷണത്തിൽ ഇവരെല്ലാം ബംഗ്ലാദേശ് സ്വദേശികളാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എന്നാൽ അന്തിമ സ്ഥിരീകരണത്തിന് ശേഷം മാത്രമേ നാടുകടത്തൽ നടപടികൾ ആരംഭിക്കൂ.









0 comments