ആർ ശരത്, വേറിട്ട സിനിമകളുടെ സംവിധായകൻ

Photo: Social Media
തിരുവനന്തപുരം : വേറിട്ട പ്രമേയങ്ങളെയും പരീക്ഷണാത്മകമായ ആഖ്യാനരീതികളെയും വെള്ളിത്തിരയിലെത്തിച്ച സംവിധായകൻ ആർ ശരത് വിടവാങ്ങി. ഡോക്യുമെന്ററി ചിത്രങ്ങളിലൂടെ സിനിമാരംഗത്തെത്തിയ ആർ ശരത് പിന്നീട് ഫീച്ചർ സിനിമയിലേക്കും ചുവടുവച്ചു.
'സായാഹ്നം' ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ദേശീയ, സംസ്ഥാന തലങ്ങളിൽ അംഗീകാരം നേടിയ അദ്ദേഹം മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ സംവിധായകനായിരുന്നു. ഡോക്യുമെന്ററി സംവിധായകനായാണ് ശരത് സിനിമാരംഗത്ത് എത്തുന്നത്. രാജാ രവിവർമയുടെ അപൂർവ ചുവർചിത്രങ്ങളെക്കുറിച്ച് ഒരുക്കിയ 'ദി പെയിന്റഡ് എപിക്സ്' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ പൊതുജനശ്രദ്ധയിൽപ്പെടാത്ത നിരവധി ചുവർചിത്രങ്ങൾ കണ്ടെത്തിയത് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ നിർണായക ഘട്ടമായി.
ഈ ഗവേഷണത്തിന് പിന്നാലെ ഡോക്യുമെന്ററി രംഗത്ത് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടി. 1996ൽ ചുവർചിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പും ലഭിച്ചു. സംവിധായകൻ ഷാജി എൻ കരുണിന്റെ അസിസ്റ്റന്റായും പ്രവർത്തിച്ച ശേഷമാണ് ആർ ശരത് ഫീച്ചർ സിനിമയിലേക്ക് കടന്നത്. 2000ൽ പുറത്തിറങ്ങിയ സായാഹ്നം ആയിരുന്നു ആദ്യ സിനിമ.
പരിസ്ഥിതി, ആണവവിരുദ്ധ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ പ്രമേയമാക്കിയ ചിത്രം നിരൂപക പ്രശംസ നേടി. ദേശീയ പുരസ്കാരത്തിനും നിരവധി കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കും ചിത്രം അർഹമായി. രാജ്യാന്തര ചലച്ചിത്രമേളകളിലും സായാഹ്നം പ്രദർശിപ്പിച്ചു.
സ്ഥിതി, ശീലാബതി, പറുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം, മഹാത്മാഗാന്ധി റോഡ്, ഡിസൈർ, ബറിയൽ ഓഫ് ഡ്രീംസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ ജീവിതത്തിലെ സംഘർഷങ്ങൾ അവതരിപ്പിച്ച സ്ഥിതിയും ഗ്രാമീണ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ശീലാബതിയും ശ്രദ്ധ നേടി. 2012 ൽ പുറത്തിറങ്ങിയ 'പറുദീസ' 7 സംസ്ഥാന പുരസ്കാരങ്ങൾ നേടി.
ഒഎൻവി കുറുപ്പിന്റെ പ്രശസ്ത കവിതയെ ആസ്പദമാക്കി ഒരുക്കിയ 'ഭൂമിക്ക് ഒരു ചരമഗീതം' എന്ന ഹ്രസ്വചിത്രവും ശ്രദ്ധേയമായി. ഡോക്യു-ഫിക്ഷൻ ശൈലിയിൽ പരിസ്ഥിതി, സ്ത്രീപക്ഷ വിഷയങ്ങൾ അവതരിപ്പിച്ച ചിത്രം നിരൂപക പ്രശംസ നേടി. ഹിന്ദിയിലും ആർ ശരത് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യ-ചൈന സംയുക്ത സംരംഭമായ 'ദി ഡിസയർ: എ ജേർണി ഓഫ് എ വുമൺ' ആണ് പ്രധാന ചിത്രങ്ങളിലൊന്ന്.
ഒരു ഇന്ത്യൻ ശാസ്ത്രീയ നർത്തകിയുടെയും യാത്രയ്ക്കിടെ പരിചയപ്പെടുന്ന ചൈനീസ് കലാകാരന്റെയും ജീവിതവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം പുരസ്കാരങ്ങളും നേടി. ഇംഗ്ലീഷ് സാഹിത്യത്തിലും ജേണലിസത്തിലും ബിരുദാനന്തര ബിരുദം നേടിയ ആർ ശരത് കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ (വിഷ്വൽ കമ്മ്യൂണിക്കേഷൻ) ആയി വിരമിച്ചു.
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഡയറക്ടറായും ഭാരത് ഭവനിൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2007ൽ ലണ്ടനിൽ നടന്ന ഐയുകെഎഫ്എഫ് ഫെസ്റ്റിവലിന്റെ ഫെസ്റ്റിവൽ ഡയറക്ടറുമായിരുന്നു. സായാഹ്നം ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ദേശീയ, സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ആർ ശരത്തിന്റെ വേർപാട് മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്.









0 comments