പെട്രോളും ഡീസലും കിട്ടാതാവുമെന്ന് പ്രചരണം, യുപി യിൽ പമ്പുകൾക്ക് മുന്നിൽ സംഘര്‍ഷം

ലഖ്നൗ: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണത്തിനും പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങൾക്കും പിന്നാലെ പെട്രോളും ഡീസലും കിട്ടാതാവുമെന്ന പ്രചാരണം ആശങ്കയായി. സോഷ്യൽ മീഡിയ വഴി അഭ്യൂഹങ്ങൾ ധാരാളമായി കൈമാറ്റം ചെയ്യപ്പെട്ടതോടെ ഉത്തര്‍ പ്രദേശിൽ പമ്പുകൾക്ക് മുൻപിൽ നീണ്ട ക്യൂവും സംഘര്‍ഷാവസ്ഥയും റിപ്പോര്‍ട്ട് ചെയ്തു. ആവശ്യത്തിന് ഇന്ധനം രാജ്യത്ത് വിതരണത്തിന് തയാറായിട്ടുണ്ടെന്നും എവിടെയും ക്ഷാമം നിലവിലില്ലെന്നും അധികാരികൾ ആവര്‍ത്തിച്ചിട്ടും ജനം പിരിഞ്ഞു പോകാതെ തുടര്‍ന്നു. പമ്പുകൾ പലതും അടച്ചു പൂട്ടി. വിവിധ സംസ്ഥാനങ്ങളിലും സമാനമായ സഘര്‍ഷ സാഹചര്യങ്ങൾ രൂപപ്പെട്ടു.
ഉത്തർപ്രദേശിലെ ഖേരി ജില്ലയിലാണ് ആദ്യം പ്രശ്നം റിപ്പോര്‍ട് ചെയ്തത്. അഭ്യൂഹത്തെത്തുടർന്ന് വെള്ളിയാഴ്ച നിഘാസൻ,പല്ലിയ,ഭീര തുടങ്ങിയ മേഖലകളിലെ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ ജനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ഇതോടെ പമ്പുകളിൽ പെട്ടെന്ന് സ്റ്റോക് തീര്‍ന്നത് പരിഭ്രാന്തി കൂടുതൽ പടരാനും ഇടയാക്കി.
ആവശ്യക്കാര്‍ ഒന്നിച്ച് എത്തിയതോടെ സ്റ്റോക് തീരുക മാത്രമാണ് ഉണ്ടായതെന്ന് പമ്പ് ഉടമകൾ വിശദീകരിച്ചു. എങ്കിലും ഇത് മുഖവിലയ്ക്കെടുക്കാതെ ജനം തുടര്‍ന്നു. ജില്ലയിൽ പെട്രോൾ,ഡീസൽ,എൽ.പി.ജി എന്നിവയ്ക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്ന് ഡിസ്ട്രിക്റ്റ് സപ്ലൈ ഓഫീസർ അഞ്ജനി കുമാർ സിംഗ് ഇതിന് പിന്നാലെ അറിയിപ്പ് പരസ്യപ്പെടുത്തി. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഇന്ധന വിതരണം സാധാരണ നിലയിലാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് ദുർഗ ശക്തി നാഗ്പാലും ഉറപ്പുനൽകി. പക്ഷേ, പാചക വാതക വിതരണ കേന്ദ്രങ്ങളിലേക്കും സമാനമായ പ്രതിസന്ധി പടര്‍ന്നു.
ജനങ്ങൾ ഒന്നിച്ചെത്തി
നോ സ്റ്റോക് ബോര്‍ഡുകൾ ഭീതിയിൽ എണ്ണയൊഴിച്ചു
ഉത്തർപ്രദേശിലെ ഖേരിക്കും ലഖിംപൂരിനും പിന്നാലെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലും സമാനമായ പ്രതിസന്ധി ഉണ്ടായി. ചൊവ്വാഴ്ചയും ബുധനാഴ്ചയും നഗരത്തിലെ ഭൂരിഭാഗം പെട്രോൾ പമ്പുകളിലും വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായി. ഇത് പമ്പുകൾ പെട്ടെന്ന് കാലിയാവാൻ ഇടയാക്കി. പിന്നാലെ നഗരത്തിലെ പലയിടങ്ങളിലും 'നോ സ്റ്റോക്ക്'ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് ജനങ്ങൾക്കിടയിൽ കൂടുതൽ ആശങ്ക പടർത്തി.

"ഞങ്ങൾക്ക് 4,500 ലിറ്റർ ഒക്ടേനും 13,500 ലിറ്റർ ഡീസലും ലഭിച്ചു, പക്ഷേ ആ സ്റ്റോക്ക് ഏതാണ്ട് തീർന്നിരിക്കുന്നു," സാധാരണയായി 2,000 ലിറ്റർ ഒക്ടേനും 5,000 ലിറ്റർ ഡീസലും ആണ് വില്പന. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഡിമാൻഡ് നിരവധി മടങ്ങ് വർദ്ധിച്ചു. ലഖിംപൂരിലെ പമ്പുടമ പറഞ്ഞു.
പമ്പുകളിലെ തിരക്ക് കാരണം നഗരത്തിലെ പ്രധാന റോഡുകളിൽ വലിയ രീതിയിലുള്ള ഗതാഗത തടസ്സവും അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കാൻ പലയിടങ്ങളിലും പോലീസിനെ വിന്യസിക്കേണ്ടി വന്നു.
കര്‍ണാടകയിലെ ഭട്കലിലെ പെട്രോൾ പമ്പുകളിലും സമാന സംഭവങ്ങൾ ഉണ്ടായി. ഇന്ധനം സംഭരിക്കാനായി നിരവധി പേര്‍ പമ്പുകള്‍ക്ക് മുന്നില്‍ കാത്തുനിന്നു. പലരും വണ്ടികൾക്ക് പുറമെ കാനുകളിലും മറ്റുമായി സംഭരിക്കാനും ശ്രമിച്ചു. ഇന്ധന വിതരണത്തിൽ യാതൊരു പ്രതിസന്ധിയും ഇല്ലായിരുന്നു. എങ്കിലും സ്റ്റോക് തീര്‍ന്നതോടെ പമ്പുകൾ അടയ്ക്കേണ്ടി വന്നു.
പേർഷ്യൻ ഗൾഫിനെ തുറന്ന സമുദ്രവുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ സമുദ്രമാർഗ്ഗമായ ഹോർമുസ് കടലിടുക്ക് സംഘർഷത്തെ തുടര്‍ന്ന് ഫലത്തിൽ അടച്ചിരിക്കുകയാണ്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പകുതിയോളവും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും (എൽഎൻജി) ദ്രവീകൃത പെട്രോളിയം വാതകത്തിന്റെയും (എൽപിജി) ഭൂരിഭാഗവും ഈ 21 മൈൽ വീതിയുള്ള പാതയിലൂടെയാണ് കടന്നു വരുന്നത്.
രാജ്യം അതിന്റെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ ഏകദേശം 90% ഉം എൽപിജി ഉപഭോഗത്തിന്റെ 80-85% ഉം ഇറക്കുമതി ചെയ്യുന്നു, ഇത് ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരനാക്കി ഇന്ത്യയെ മാറ്റുന്നു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി വാങ്ങുന്നവരുടെ കൂട്ടത്തിലുമാണ് ഇന്ത്യ. റഷ്യയിൽ നിന്നുള്ള ഇറക്കുമതിയാണ് ഇപ്പോൾ ഇന്ത്യയ്ക്ക് പകരം ആശ്രയമായുള്ളത്.










0 comments