ad
Deshabhimani

ഇന്ധനവിലയില്‍ കേന്ദ്രത്തിന്‍റെ കൊള്ളയടി; 9 ദിവസത്തിനിടെ കൂടിയത് 3 തവണ

MODI PETROL PRICE.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 23, 2026, 04:21 PM | 2 min read

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. ജനജീവിതം തീർത്തും ദുസ്സഹമാക്കിക്കൊണ്ട് ഒൻപത് ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. ശനിയാഴ്ച മാത്രം ലിറ്ററിന് ശരാശരി 90 പൈസയുടെ വർധനയാണ് എണ്ണക്കമ്പനികൾ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചത്.


പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കാരണം ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ പോയെന്നാണ് കമ്പനികൾ നിരത്തുന്ന വാദം. ഇത്രയും കാലം തങ്ങൾക്ക് ഭീമമായ നഷ്ടമായിരുന്നുവെന്നും, പ്രതിദിനം 1,000 കോടിയോളം രൂപയുടെ നഷ്ടം സഹിച്ചാണ് ഇന്ധനം വിറ്റതെന്നും എണ്ണക്കമ്പനികൾ അവകാശപ്പെടുന്നു.


എന്നാൽ, ആഗോള വിപണിയിൽ വില കുറഞ്ഞ കാലയളവിലൊന്നും അതിന്റെ നേട്ടം ജനങ്ങൾക്ക് കൈമാറാൻ തയ്യാറാകാതിരുന്ന കമ്പനികളാണ് ഇപ്പോൾ ജനങ്ങളുടെ പോക്കറ്റടിക്കുന്ന ക്രൂരമായ നിലപാട് സ്വീകരിക്കുന്നത്. കഴിഞ്ഞ ഒൻപത് ദിവസത്തിനുള്ളിൽ മാത്രം പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപയോളമാണ് വർധിപ്പിച്ചത്. മേയ് 15-ന് ഒറ്റയടിക്ക് 3 രൂപ കൂട്ടിയ കമ്പനികൾ, മേയ് 19-നും ഇപ്പോൾ മേയ് 23-നും 90 പൈസ വീതം വീണ്ടും വർധിപ്പിച്ചു.


ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ പെട്രോൾ വില 100 രൂപയ്ക്ക് തൊട്ടടുത്തെത്തിക്കഴിഞ്ഞു. മുംബൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിൽ വില 110 രൂപയും കടന്ന് കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും പുറമെ ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ സി എൻ ജി വിലയിലും നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിലക്കയറ്റം കൊണ്ട് ജനങ്ങൾ നടുവൊടിഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് കോർപ്പറേറ്റുകളുടെ ലാഭക്കൊതിക്ക് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നത്.


പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചത് കഴിഞ്ഞ ഫെബ്രുവരി അവസാന വാരത്തിലാണ്. മൂന്ന് മാസം പിന്നിട്ടിട്ടും ഇല്ലാതിരുന്ന 'യുദ്ധപ്രതിസന്ധി' ഇപ്പോൾ പെട്ടെന്ന് എണ്ണക്കമ്പനികൾക്ക് ഉണ്ടായതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജനങ്ങളെ പറ്റിക്കാൻ വില വർധിപ്പിക്കാതെ ഒളിച്ചുവെക്കുകയായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് എണ്ണക്കമ്പനികൾ ഒറ്റയടിക്ക് വില വർധിപ്പിച്ച് തുടങ്ങിയത്. ജനവിധി വരും വരെ ഇന്ധനവില മാറ്റമില്ലാതെ നിർത്തിയവർ, അധികാരം ഉറപ്പിച്ചതോടെ യഥാർത്ഥ കോർപ്പറേറ്റ് മുഖം പുറത്തെടുത്തിരിക്കുകയാണ്.


തന്നെയുമല്ല, രാജ്യത്ത് ഒരു തരത്തിലുള്ള ഇന്ധനക്ഷാമവുമില്ലെന്നും ഇറാനിൽ നിന്നുള്ള എണ്ണക്കപ്പലുകൾ കൃത്യമായി ഇന്ത്യയിലെത്തുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെട്രോളിയം മന്ത്രിയും തന്നെ ആവർത്തിച്ച് വ്യക്തമാക്കുന്നുമുണ്ട്. ഇറാനിൽ നിന്ന് മാത്രമല്ല, വെനസ്വേല ഉൾപ്പെടെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ധനം ഇപ്പോഴും ഇന്ത്യയിലേക്ക് ഒഴുകുന്നുണ്ട്. അത്തരത്തിൽ ആവശ്യത്തിന് ഇന്ധനശേഖരം രാജ്യത്തുണ്ടായിട്ടും, അന്താരാഷ്ട്ര വിപണിയുടെ പേരിൽ വ്യാജഭീതി പരത്തി വില കൂട്ടുന്നത് എണ്ണക്കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാനാണ്.


അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെ മറവിൽ രാജ്യത്തെ സാധാരണക്കാരെ വട്ടംകറക്കുകയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ. ഇന്ധനവില കൂട്ടുന്നത് എണ്ണക്കമ്പനികള്‍ ആണെങ്കിലും അതിന് നിയന്ത്രണം വരുത്താതെ ഒത്താശ നല്‍കുന്നത് കേന്ദ്രം തന്നെയാണ്. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ഇന്ധനവില വര്‍ധനവ് ഉണ്ടാകാത്തതിന് പിന്നില്‍ ഈ ഒത്തുകളിയാണ്. പെട്രോൾ, ഡീസൽ വില വർധനവ് വരും ദിവസങ്ങളിൽ രാജ്യത്ത് വൻ വിലക്കയറ്റത്തിന് വഴിവെയ്ക്കും. ചരക്കുകൂലി കുത്തനെ കൂടുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും വില സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വിധം ഉയരുമെന്നുറപ്പാണ്.










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home